ബിജെപിക്കാര്‍ സത്യസന്ധരാണെങ്കില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്കു പകരം ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പു നടത്തണം:മായാവതി

ലക്‌നൗ: ഉത്തര്‍പ്രദേശ് നഗരസഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ബിജെപിയെ വെല്ലുവിളിച്ച് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായി മായാവതി . ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പു നടത്തിയാല്‍ ബിജെപിയെ കശക്കിയെറിഞ്ഞ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി ചരിത്രവിജയം നേടുമെന്നു മായാവതി അവകാശപ്പെട്ടു. നഗരസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു പിന്നില്‍ രണ്ടാമതെത്തിയതിനു പിന്നാലെയാണു ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പു നടത്താനുള്ള വെല്ലുവിളിയുമായി മായാവതി രംഗത്തെത്തിയത്.

ബിജെപിക്കാര്‍ സത്യസന്ധരും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുമാണെങ്കില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്കു പകരം ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പു നടത്തണം. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ. ജനങ്ങള്‍ ഒപ്പമുണ്ടെന്ന് ബിജെപി ഇപ്പോഴും കരുതുന്നുണ്ടെങ്കില്‍ അവര്‍ ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ് നടത്തട്ടെ. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാല്‍ ബിജെപി അധികാരം നിലനിര്‍ത്തില്ലെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നുവെന്ന് മായാവതി ലക്‌നൗവില്‍ മാധ്യപ്രവര്‍ത്തകരോടു പറഞ്ഞു.

ഈ വര്‍ഷമാദ്യം ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതു മുതല്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനവുമായി മായാവതി രംഗത്തുണ്ട്. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയാണു ബിജെപി തെരഞ്ഞെടുപ്പ് ജയിക്കുന്നതെന്ന ആരോപണം ആദ്യം ഉയര്‍ത്തിയതും മായാവതിയാണ്. ഇതു പിന്നീടു ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഏറ്റെടുക്കുകയായിരുന്നു.

അതേസമയം, വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയാണ് ബിജെപി ജയിച്ചതെന്ന മായാവതിയുടെ ആരോപണത്തെ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ തള്ളിക്കളഞ്ഞു. അനാവശ്യമായി വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ചവര്‍ക്കാണ് ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതെന്ന് അദ്ദേഹം പരിഹസിച്ചു.

വോട്ടിങ് യന്ത്രങ്ങള്‍ക്ക് ഒരു തകരാറുമുണ്ടായിരുന്നില്ല. പ്രശ്‌നം അവരുടെ മനസ്സിലും പാര്‍ട്ടിയിലുമാണ്. ഒരു പ്രത്യേക വിഭാഗത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അവരെ ജനങ്ങള്‍ തള്ളിക്കളയുകയായിരുന്നു. ജാതി, മത, വിശ്വാസങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. സ്വാഭാവികമായും ജനങ്ങള്‍ പാര്‍ട്ടിയെ സ്വീകരിച്ചുവെന്ന് ദിനേശ് കുമാര്‍ പറഞ്ഞു.