ഓഖി കെ.എസ്.ഇ.ബിക്ക് ഗുണമേ ചെയ്തുള്ളു ;ലാഭം 300 കോടി

തൊടുപുഴ: ഓഖി കെ.എസ്.ഇ.ബി ക്ക് എത്തിച്ചു കൊടുത്ത ലാഭം 300 കോടി രൂപ. അതേസമയം പോസ്റ്റ് ഒടിഞ്ഞും ലൈനുകള്‍ പൊട്ടിവീണും .ആകെ അഞ്ചുകോടി രൂപയുടെ നഷ്ടം ഇതുമൂലം ഉണ്ടായതായാണ് കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക അറിയിപ്പ്. പല പ്രദേശങ്ങളിലും മണിക്കൂറുകളോളം വൈദ്യുതിവിതരണം തടസപ്പെട്ടതിനാല്‍ കെ.എസ്.ഇ.ബി ക്കുണ്ടാവുന്ന വരുമാനനഷ്ടം ഇതിന് പുറമെയാണ്.
തണുത്ത അന്തരീക്ഷം മൂലം വൈദ്യുതി ഉപഭോഗം കുറഞ്ഞതും വൈദ്യുതി ബോര്‍ഡിന് നേട്ടമായി.വൈദ്യുതിബോര്‍ഡ് അണക്കെട്ടുകളില്‍ കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ഒഴുകിയെത്തിയത് 104.11 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഉതകുന്ന വെള്ളമാണ്. യൂനിറ്റിന്റെ ശരാശരിവിലയായ 2.90 രൂപ കണക്കാക്കിയാല്‍ 301.91 കോടി രൂപയുടെ വൈദ്യുതി ഇത്രയും വെള്ളം കൊണ്ട് ഉല്‍പ്പാദിപ്പിക്കാനാകും. വ്യവസായികള്‍ക്ക് വൈദ്യുതി വില്‍ക്കുന്ന (ഇ.എച്ച്.ടി) വിലയായ 7.10 വച്ച് കണക്കുകൂട്ടിയാല്‍ കേരളത്തിന്റെ ലാഭം 739.18 കോടിയാണ്. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറില്‍ 37.08 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം എല്ലാ അണക്കെട്ടുകളിലുമായി ഒഴുകിയെത്തി.

7.65 ദശലക്ഷത്തിനുള്ള നീരൊഴുക്കാണ് കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് സെന്റര്‍ പ്രതീക്ഷിച്ചിരുന്നത്. 3074.18 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം എല്ലാ സംഭരണികളിലുമായി നിലവിലുണ്ട്. ഇത് സംഭരണശേഷിയുടെ 74 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ഇതേ ദിവസത്തേക്കാള്‍ 1006.01 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഇപ്പോള്‍ അധികമായുണ്ട്.
ഇടുക്കി അണക്കെട്ടില്‍ മാത്രം ഇന്നലെ 9.53 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തി. അണക്കെട്ടിലെ ജലനിരപ്പ് 2.36 അടി ഉയര്‍ന്ന് 2374.24 അടിയിലെത്തി. സംഭരണശേഷിയുടെ 68.3 ശതമാനം വെള്ളം ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലെ കൊടുങ്കാറ്റിലും മഴയിലും ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി അഞ്ഞൂറോളം 11 കെ.വി പോസ്റ്റുകളും രണ്ടായിരത്തോളം മറ്റ് പോസ്റ്റുകളും തകര്‍ന്നു. 150 ഇടങ്ങളില്‍ 11 കെവി ലൈനുകളും 1,300 സ്ഥലങ്ങളില്‍ എല്‍.ടി ലൈനുകളും പൊട്ടിവീണ് വൈദ്യുതി തടസപ്പെട്ടു.