ഓഖിക്ക് പിന്നാലെ സാഗര്‍ വരുന്നു

കോഴിക്കോട്: ഓഖി ചുഴലിക്കായ മേഖലയില്‍ രണ്ടാമത്തെ ന്യൂനമര്‍ദവും രൂപപ്പെട്ടു.
ശ്രീലങ്കന്‍ തീരത്ത് കഴിഞ്ഞ 30ന് ഉണ്ടായ അന്തരീക്ഷ ചുഴിയാണ് ഇന്നലെ ആന്‍ഡമാന്‍ കടലിലെ മലാക്ക കടലിടുക്കിനു സമീപം ശക്തിയേറിയ ന്യൂനമര്‍ദമായി രൂപപ്പെട്ട് ഇന്ത്യയെ ലക്ഷ്യംവച്ച് നീങ്ങുന്നത്. ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് ഇന്ന് ചെന്നൈ തീരം ലക്ഷ്യമാക്കി നീങ്ങുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ വ്യക്തമാക്കി. നാളെ ഇത് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നാണ് നിരീക്ഷണം. സമുദ്രോപരിതലത്തിലെ നിലവിലുള്ള താപവ്യതിയാനമാണ് ഇതിനു കാരണം. അങ്ങനെയെങ്കില്‍ ഇതിന് ഇന്ത്യ നിര്‍ദേശിച്ച സാഗര്‍ എന്നു പേരുവീഴും.
ഇന്ത്യയുടെ പടിഞ്ഞാറ് അറബിക്കടലില്‍ ഓഖി കൂടുതല്‍ ശക്തിപ്രാപിച്ച് ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങുമ്പോഴാണ് കിഴക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശക്തിയേറിയ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇതുമൂലം ചെന്നൈയിലും തമിഴ്‌നാടിന്റെ തീരമേഖലയിലും ശക്തമായ മഴപെയ്യും. അറബിക്കടലിലെ സാഹചര്യം മൂലം കേരളത്തിലും മഴ രണ്ടുദിവസം കൂടി പെയ്യും. രണ്ടാമത്തെ ന്യൂനമര്‍ദം നാളെ വൈകി ചെന്നൈ തീരം തൊടുമെന്നാണ് കണക്കുകൂട്ടല്‍.
ചെന്നൈ തീരത്തെത്തുന്നതിന് ഏതാനും കിലോമീറ്റര്‍ അകലെവച്ച് ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടുമെന്ന് സ്വകാര്യ കാലാവസ്ഥാ വെബ്‌സൈറ്റ് സ്‌കൈമെറ്റ് പറയുന്നു.വടക്കന്‍ തമിഴ്‌നാടും തെക്കന്‍ ആന്ധ്രാപ്രദേശും ലക്ഷ്യമാക്കിയാണ് ഇത് നീങ്ങുന്നത്. ചെന്നൈയിലും ആന്ധ്രാപ്രദേശിന്റെ തീരപ്രദേശത്തും ഡിസംബര്‍ അഞ്ചുമുതല്‍ ഏഴുവരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കടലില്‍ ശക്തമായ തിരയിളക്കം അനുഭവപ്പെടും. ഇതിനിടെ ദിശമാറിയാല്‍ ചുഴലിക്കാറ്റ് വീണ്ടും കേരളത്തിന് ഭീഷണി സൃഷ്ടിച്ചേക്കും.