തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കൂടുതല്‍ സമയം നല്‍കി

കോട്ടയം : മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണങ്ങളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി വിജിലന്‍സിന് കൂടുതല്‍ സമയം നല്‍കി.15 ദിവസത്തേക്കാണ് സമയം നീട്ടി നല്‍കിയിരിക്കുന്നത്. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് നടപടി.ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം തേടിയതിനെ തുടര്‍ന്നാണ് തീരുമാനം.

മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചുവെന്നാണ് ആരോപണം.അനധികൃതമായി സര്‍ക്കാര്‍ പണം ഉപയോഗിച്ച് റോഡ് നിര്‍മിച്ചുവെന്നും ഇത് മൂലം 65 ലക്ഷം രൂപയുടെ നഷ്ടം സര്‍ക്കാര്‍ ഖജനാവിന് സംഭവിച്ചുവെന്നുമാണ് പരാതി.