ശബരിമല അപ്പം ;റിക്കാർഡ് വില്പനയിലേക്ക്

ശബരിമല അയ്യപ്പസ്വാമിയുടെ ഇഷ്ട വഴിപാടായ അപ്പംപ്രസാദം കടു കട്ടി ആണെന്ന് പറയുമെങ്കിലും അപ്പം വിൽപ്പന റിക്കാർഡിലേക്കു കുതിക്കുന്നു .അതുകൊണ്ടു തന്നെ അയ്യപ്പഭക്തര്‍ക്ക് ആവശ്യാനുസരണം വാങ്ങുവാനായി യഥേഷ്ടം നിര്‍മിച്ച് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. 24 മണിക്കൂറും പ്രധാന പ്രസാദവിതരണ കൗണ്ടറായ പതിനെട്ടാംപടിയ്ക്ക് സമീപത്തുനിന്നും മറ്റൊരു കൗണ്ടറായ മാളികപ്പുറത്ത് നിന്നും അപ്പംപ്രസാദം വാങ്ങുവാനുള്ള സൗകര്യം ദേവസ്വംബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. ഏഴെണ്ണം അടങ്ങിയ ഒരുകവര്‍ അപ്പത്തിന് 35രൂപയാണ് വില. അപ്പം വില്‍പ്പന കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതലാണ്. കഴിഞ്ഞ വര്‍ഷം ഈ ദിവസംവരെയുള്ള വരുമാനത്തേക്കാള്‍ ഏതാണ്ട് 40 ലക്ഷം രൂപ കൂടുതലാണ് ഈ വര്‍ഷം ലഭിച്ചിട്ടുള്ളത്.

അപ്പം നിര്‍മ്മാണം നടത്തുന്നത് മൂന്ന് പ്ലാന്റുകളാണ്. അതില്‍ പ്രധാനം സ്റ്റീമില്‍ നിര്‍മിക്കുന്നതാണ്. ഇവിടെ 96 കാരകളില്‍ ഒരുദിവസം 80കൂട്ട് അപ്പം നിര്‍മ്മിക്കുമ്പോള്‍ 95000 എണ്ണം അപ്പം ലഭിക്കും. ഇലക്ട്രിക്കില്‍ പ്രവര്‍ത്തിക്കുന്ന കാരയിലാകട്ടെ ഒരുദിവസം 30 കൂട്ടില്‍ നിന്നായി 25000 എണ്ണം ലഭിക്കും. മാളികപ്പുറത്ത് അപ്പം നിര്‍മ്മാണം ഗ്യാസിലാണ്. ഇവിടെ 40 കൂട്ടില്‍നിന്നും ദിനംപ്രതി 35000 എണ്ണം അപ്പം നിര്‍മ്മിക്കാനാകും. അങ്ങനെ മൂന്ന് വ്യത്യസ്ഥ നിര്‍മ്മാണശാലകളില്‍ നിന്നായി ഒരുദിവസം 135000 അപ്പം നിര്‍മ്മിക്കുന്നു. ഒരുദിവസത്തെ ശരാശരി വില്‍പ്പന ഒന്ന് മുതല്‍ ഒന്നരലക്ഷംവരെ എണ്ണമാണ്.
ഒരുകൂട്ട് അപ്പം നിര്‍മിക്കുന്നതിന് 70 കിലോഗ്രാം അരിപ്പൊടി, 30 കിലോഗ്രാം ശര്‍ക്കരപ്പൊടി, ഒരു കിലോഗ്രാം ചുക്കുപൊടി, അരക്കിലോ ഗ്രാം ജീരകപ്പൊടി, കദളിപഴം, പൂവന്‍പഴം എന്നിവ പത്തെണ്ണം വീതവും ആവശ്യമാണ്. 11ലിറ്റര്‍ നെയ്യിലാണ് അപ്പം നിര്‍മിക്കുന്നത്. ഒരുകൂട്ടില്‍ 846 കവര്‍(പരമാവധി ആയിരം കവര്‍) അപ്പം നിര്‍മിക്കാനാകും. ഒരുകവറില്‍ ഏഴ് അപ്പം വീതം ഒരു കൂട്ടില്‍(846*ഃ7=5922) പരമാവധി 6000ത്തോളം അപ്പം നിര്‍മിക്കാം. വടക്കന്‍ പരവൂര്‍ അസിസ്റ്റന്റ് കമ്മീഷ്ണര്‍ വി.എസ്. രാജേന്ദ്രപ്രസാദാണ് അപ്പം സ്‌പെഷ്യല്‍ ഓഫീസര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍, സബ്ഗ്രൂപ്പ് ഓഫീസര്‍മാരായ പ്രജിത്കുമാര്‍, അരവിന്ദ് എസ്.ജി. നായര്‍, മണികണ്ഠന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ 15 ക്ഷേത്ര ജീവനക്കാരും 60ഓളം ദിവസവേതനക്കാരും ചേര്‍ന്നാണ് അപ്പം നിര്‍മ്മാണം നടത്തുന്നത്.