മലയാളിയുടെ മഞ്ഞൾ പ്രസാദം ഓർമ്മയായിട്ട് ഇരുപത്തിയഞ്ചു വർഷം

മിനി നായർ, അറ്റ്‌ലാന്റാ

1992 ഡിസംബര്‍ അഞ്ച് മോനിഷയുടെ വേര്‍പാടില്‍ മലയാളക്കര അക്ഷരാര്‍ത്ഥത്തില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു.മലയാളിയുടെ മാത്രം ആയിരുന്ന മഞ്ഞൾ പ്രസാദം ഓർമ്മയായിട്ടു ഇന്ന് ഇരുപത്തിയഞ്ചു വർഷം.മലയാളിക്ക് ഈ സുന്ദര മുഖം എങ്ങനെ മറക്കാനാകും.
എത്രയോ ഉയരങ്ങളിലേക്ക് പറക്കാനുണ്ടായിരുന്ന മോനിഷയെ കാലം കവർന്നെടുക്കുകയായിരുന്നില്ലേ?
ആദ്യ ചിത്രത്തിലൂടെ ദേശീയ അവാർഡ് . അഭിനയിച്ച ചിത്രങ്ങളിലെല്ലാം മിന്നുന്ന പ്രകടനം .എത്രയെത്ര പുരസ്കാരങ്ങൾ തേടി എത്തേണ്ടതായിരുന്നു .പക്ഷെ എന്നാല്‍ ഒന്നിനും അനുവദിക്കാതെ കാലം വിണ്ണിലെ താരമാകാന്‍ അവളെ കൊണ്ടുപോവുകയായിരുന്നു. മലയാളി പ്രേക്ഷകര്‍ക്ക് മുമ്പില്‍ മോനിഷയുടെ കഥാപാത്രങ്ങള്‍ കെടാവിളക്കുകളാണ്.
മോനിഷയെക്കുറിച്ചുള്ള ഓരോ ഓര്‍മ്മകുറിപ്പും മലയാളിയുടെ സാന്നിദ്ധ്യങ്ങളില്‍ അവിസ്മരണീയമായ മിന്നല്‍ തിളക്കത്തോടെ ഉദിച്ചുയരും.25 സിനിമകളില്‍ മാത്രം അഭിനയിച്ച മോനിഷയെ ഇന്നും കേരളത്തിലെ സിനിമാസ്വാദകര്‍ മനസില്‍ ഓര്‍മ്മിക്കുന്നതിന് കാരണം മോനിഷയുടെ അഭിനയം അത്രമാത്രം ഇരുത്തം വന്നതായിരുന്നു.
ആദ്യ സിനിമയായ നഖക്ഷതങ്ങളിലൂടെ ഉര്‍വശി അവാര്‍ഡ് നേടിക്കൊണ്ടാണ് മോനിഷ അഭിനയ രംഗത്തക്ക് പ്രവേശിച്ചത്.
പിന്നീട് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങൾ ,അവതരിപ്പിച്ചു.സായംസന്ധ്യയില്‍ മമ്മൂട്ടിയുടെ മകള്‍, എം.ടിയുടെ തൂലികയില്‍ നിന്നും ഉയിര്‍കൊണ്ട ഋതുഭേദത്തിലെ തങ്കമണി, കനകാംബരത്തിലെ ശ്രീദേവി, ആര്യനിലെ പെട്ടിക്കടക്കാരന്‍ കുഞ്ഞാലിയുടെ പുന്നാര മകള്‍ സൈനബ, അധിപനിലെ ഗീതപെരുന്തച്ചനിലെ കുഞ്ഞിക്കാവ് , എന്നിവയൊക്കെ മോനിഷയുടെ പ്രതിഭ തിളങ്ങിയ കഥാപാത്രങ്ങളാണ്.

കോഴിക്കോട് പന്നിയങ്കരയില്‍ 1971 ല്‍ ജനിച്ച മോനിഷ പഠിച്ചതും വളര്‍ന്നതും ബാംഗ്ലൂരിൽ ആയിരുന്നു . ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ചു തുടങ്ങിയ മോനിഷ ചലച്ചിത്രലോകത്ത് തുടക്കം കുറിച്ചത്  എം.ടി- ഹരിഹരന്‍ ടീമിനൊപ്പമായിരുന്നു. 1986 ല്‍ പതിനാറുപോലും തികയാത്ത മോനിഷ ആദ്യചിത്രത്തിലൂടെ തന്നെ ദേശിയ തലത്തില്‍ മികച്ച നടിക്കുള്ള ഉര്‍വ്വശി അവാര്‍ഡ് നേടിയെടുക്കുന്നത് ഇന്ത്യന്‍ ചിലച്ചിത്രലോകം അമ്പരപ്പോടെയാണ് നോക്കിക്കണ്ടത്.അന്ന് ജൂറി ചെയർമാൻ പ്രേം നസീർ ആയിരുന്നു .അദ്ദേഹത്തോട് മോനിഷ എന്ന പതിനാറുകാരിക്ക് അവാർഡ് നൽകിയതിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞുവത്രേ “അവൾ കൊച്ചു കുട്ടിയല്ലേ”എന്ന് .
അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളെയെല്ലാം അവിസ്മരണീയമാക്കാന്‍ ആ പ്രതിഭയ്ക്കു കഴിഞ്ഞിരുന്നു.

1992 ഡിസംബര്‍ 5ന് ചെപ്പടിവിദ്യയുടെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് ചേര്‍ത്തല വെച്ച് മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയടിച്ച് ആ അഭിനയപ്രതിഭയുടെ ജീവിതം അവസാനിച്ചത്.മലയാള നായികമാർക്ക് ഒരു പാഠപുസ്തകം ആയിരുന്നു മോനിഷ.അഭിനയിച്ച എല്ലാ ചിത്രങ്ങളിലും തന്റെതായ കയ്യൊപ്പ് സൂക്ഷിക്കാൻ ആ അഭിനയ പ്രതിഭയ്ക്ക് സാധിച്ചു.

മോനിഷയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം