യു.എസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തിക്ക് ഫ്‌ളോറിഡയില്‍ ഊഷ്മള സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം

മയാമി: തെക്കേ ഫ്‌ളോറിഡ ഇന്ത്യന്‍ സമൂഹം, ഇല്ലിനോയിയില്‍ നിന്നുള്ള കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തിക്ക് ഡേവിയില്‍ വച്ചു ഉജ്വല സ്വീകരണം നല്‍കി. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ കൃഷ്ണമൂര്‍ത്തി അമേരിക്കയിലെ ആനുകാലിക പ്രശ്‌നങ്ങള്‍ വിശകലനം ചെയ്തു സംസാരിച്ചു. ആരോഗ്യം, നികുതി നിയമ മാറ്റങ്ങള്‍, വംശവിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ചാ വിഷയങ്ങളായി. അമേരിക്കയിലെ മുഴുവന്‍ ഇന്ത്യന്‍ സമൂഹവും, പ്രത്യേകിച്ച് യുവജനങ്ങളും ഇവിടുത്തെ രാഷ്ട്രീയ- സാമൂഹ്യ വ്യവസ്ഥിതികളില്‍ സജീവമായി പങ്കെടുക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ ഡമോക്രാറ്റിക് കാക്കസ് (SAADeC), കേരള സമാജം, നവകേരള, വേള്‍ഡ് മലയാളി അസോസിയേഷന്‍, കൈരളി, പാംബീച്ച് അസോസിയേഷന്‍, മയാമി അസോസിയേഷന്‍, ഹിന്ദു അസോസിയേഷന്‍ എന്നീ സംഘടനകളും നേതാക്കളും മറ്റു പ്രമുഖരും പങ്കെടുത്തു. പൗരാവകാശ സംരക്ഷണത്തിനും, സമൂഹ ബോധവത്കരണത്തിനുമായി നടന്ന ചര്‍ച്ചകളില്‍ ഡോ. സാജന്‍ കുര്യന്‍, ഹേമന്ത് പട്ടേല്‍, കൃഷ്ണ റെഡ്ഡി, സണ്ണി തോമസ്, മഞ്ജു കളിനാടി തുടങ്ങിയവര്‍ പങ്കെടുത്തു.
സണ്ണി തോമസ് മയാമി അറിയിച്ചതാണിത്.