ആറന്മുള വിമാനത്താവളം: പിന്നാമ്പുറ കഥകള്‍

കൊട്ടിഘോഷിച്ച് ആരംഭിച്ച ഒരു പദ്ധതി പത്തുകൊല്ലം കഴിഞ്ഞപ്പോള്‍ അട്ടിമറിക്കപ്പെട്ടത് എങ്ങനെയെന്ന് ഹരി ഇലന്തൂര്‍ എഴുതുന്നു

അധികാരത്തിന്റെയും പണത്തിന്റെയും മുഷ്‌കില്‍ എന്തും സാധിക്കാം എന്ന ചിലരുടെ നീക്കമാണ് കെ.ജി.എസ് എന്ന കമ്പനി ആറന്‍മുളയില്‍ നിന്ന് കെട്ടുകെട്ടാന്‍ കാരണം. സംസ്ഥാനത്ത് സമരം നടത്തി ഒരു കള്ള കമ്പനിയെ കെട്ടുകെട്ടിച്ചതിന്റെ ക്രഡിറ്റ് ആറന്‍മുളക്കാര്‍ക്ക് സ്വന്തമായി.
ആറന്‍മുള വിമാനത്താവള പദ്ധതിയുടെ ചിറകൊടിഞ്ഞു . പദ്ധതിക്കായി വ്യവസായ മേഖലാ പ്രഖ്യാപനം നടത്തിയതും എന്‍.ഒ.സിയും സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ പിന്‍വലിച്ചതോടെയാണ് പദ്ധതി അടഞ്ഞ അദ്ധ്യായമായത്. പദ്ധതിയില്‍ പത്ത് ശതമാനം ഓഹരി എടുക്കുന്നതിനുള്ള മുന്‍ തീരുമാനവും പിന്‍ വലിച്ചിട്ടുണ്ട് .
വി.എസ്.സര്‍ക്കാരിന്റെ അവസാന കാലത്താണ് ആറന്‍മുളയിലെ 350 ഏക്കര്‍ ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിച്ചത് കെ.ജി.എസ്സിനായാണ് വ്യവസായ മേഖലയാക്കിയത്. വിമാനത്താവളം സ്ഥാപിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന എന്‍.ഒ.സി യും നല്‍കിയിരുന്നു. ഇതിന് പുറമെയാണ് പദ്ധതിയില്‍ 10 ശതമാനം ഓഹരി പങ്കാളിത്തം എടുക്കുന്നതിനുള്ള തീരുമാനവും എടുത്തിരുന്നത്. ഈ മൂന്ന് ഉത്തരവുകളുമാണ് ഇന്നലെ സര്‍ക്കാര്‍ റദ്ദാക്കിയത്
കെ.ജി.എസ് കമ്പനി തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നതിനാലാണ് വ്യവസായ മേഖലാ പ്രഖ്യാപനം റദ്ദ് ചെയ്യുന്ന നടപടി വൈകിയത് .
ആറന്‍മുള വിമാനത്താവള പദ്ധതി പ്രദേശത്ത് നെല്‍കൃഷി ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു .ഈയിടെ ഇതിന്റെ ഭാഗമായി വിത്തെറിഞ്ഞിരുന്നു .എന്നാല്‍ വ്യവസായ മേഖലാ പ്രഖ്യാപനം നിലനിന്നിരുന്നതിനാല്‍ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ് വിത്തെറിഞ്ഞിരുന്നത് .ഇത് വന്‍ വിവാദം ആയിരുന്നു. എന്നാല്‍ ഇനി പദ്ധതി പ്രദേശത്തും കൃഷി നടത്തുന്നതിന് കൃഷി വകുപ്പിന് സാധിക്കും .ആറന്‍മുളയിലെ പദ്ധതി പ്രദേശത്തുള്ള മുന്നൂറ്റി അന്‍പത് ഏക്കര്‍ ഭൂമിയാണ്
വ്യവസായ മേഖലയായി പ്രഖ്യാപിച്ചിരുന്നത് .ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ ലംഘനമാണിതെന്ന പരാതി അംഗീകരിച്ചു കൊണ്ടാണ് പ്രഖ്യാപനം റദ്ദാക്കാന്‍ ഇടതു മുന്നണി സര്‍ക്കാര്‍ തയ്യാറായത്
നിലവിലുള്ള പദ്ധതി പ്രദേശത്ത് നിരവധി കുടുംബങ്ങള്‍ കുടില്‍ കെട്ടി താമസിക്കുന്നുണ്ട് .ഇവരെ പുനരധിവസിപ്പിക്കേണ്ടി വരും .ഇവിടെ നെല്‍കൃഷി ആരംഭിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനും ഇനി തടസ്സമുണ്ടാകില്ല .
ആറന്‍മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നരപ്പതിറ്റാണ്ടോളം നീണ്ടു നിന്ന വിവാദത്തിനാണ് ഇപ്പോള്‍ തിരശ്ശീല വീഴുന്നത്. 2003-ല്‍ ആണ് ആറന്‍മുള വിമാനത്താവള പദ്ധതിയെന്ന ആശയം ഉയരുന്നത്. എബ്രഹാം കലമണ്ണില്‍ എന്ന വ്യവസായിയാണ് പദ്ധതിക്കായി ആദ്യം ശ്രമിച്ചത്. ഇതിനായി അദ്ദേഹം ആറന്‍മുളയില്‍ പാടം വാങ്ങി മണ്ണിട്ട് നികത്തി. പിന്നീട് ചെന്നൈ ആസ്ഥാനമായുള്ള കെ.ജി .എസ് കമ്പനി പദ്ധതി ഏറ്റെടുത്തു. സര്‍ക്കാര്‍ പദ്ധതിക്കായി എല്ലാ ഒത്താശകളും ചെയ്ത് കൊടുത്തു. ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് വ്യവസായ മേഖലാ പ്രഖ്യാപനം നടത്തി. വിമാനത്താവള കമ്പനിയില്‍ പത്ത് ശതമാനം ഓഹരി എട്ടുക്കുമെന്നും പ്രഖ്യാപിച്ചു.
പൈതൃക ഭൂമിയായ ആറന്‍മുളയുടെ നാശത്തിന് വിമാനത്താവളം കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി സംഘപരിവാര്‍ രംഗത്തെത്തി. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ശക്തമായ സമരം ആറന്‍മുളയില്‍ നടന്നു. ഇടതു പക്ഷ കക്ഷികളും ഇവര്‍ക്കൊപ്പം അണി ചേര്‍ന്നു. അപ്പോഴും കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാര്‍ പദ്ധതിക്കുള്ള അനുമതികള്‍ ഓരോന്നായി നല്‍കിക്കൊണ്ടിരുന്നു.
ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ വിമാനത്താവളത്തിനുള്ള അനുമതികള്‍ റദ്ദാക്കുമെന്ന് സംഘ പരിവാര്‍ ഉറപ്പ് നല്‍കി. എന്നാല്‍ ബി.ജെ.പി അധികാരത്തിലെത്തിയിട്ടും വിവിധ മന്ത്രാലയങ്ങള്‍ അനുമതികള്‍ പിന്‍വലിക്കാന്‍ കാലതാമസം വരുത്തിയതും വിവാദമായിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ജൂലായ് 29ന് പദ്ധതിക്കു വേണ്ടി പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതും ഏറെ വിവാദം സൃഷ്ഠിച്ചിരുന്നു. എല്ലാ വിവാദത്തിനും തിരശ്ശീല വീഴുകയാണ് പുതിയ തീരുമാനങ്ങളോടെ
ആറന്‍മുള വിമാനത്താവള പദ്ധതി അടഞ്ഞ അദ്ധ്യായമായതോടെ ഇനി വിമാനത്താവളം സംബന്ധിച്ച ചര്‍ച്ചകള്‍ എരുമേലിക്കടുത്തുള്ള ചെറുവള്ളിക്ക് ചുറ്റും സജീവമാകുകയാണ്. കെ.പി.യോഹന്നാന് പണം നല്‍കി പാട്ടക്കാലാവധി കഴിഞ്ഞ തോട്ടം ഏറ്റെടുക്കുന്നതിനെതിരെയുള്ള എതിര്‍പ്പ് പുതിയ പദ്ധതി യേയും വിവാദത്തിന്റെ ചിറകിലേക്ക് ഉയര്‍ത്തും.