ദിലീപിനെതിരായി പൊലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചു

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായി പൊലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചു. ഈ കേസില്‍ മറ്റുപ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇവരെ ഹാജാരാക്കിയ സന്ദര്‍ഭത്തില്‍ അഭിഭാഷകരുടെ ആവശ്യ പ്രകാരമാണ് കുറ്റപത്രം സ്വീകരിച്ചത്.കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയതിനാല്‍ കേസിന്റെ വിചാരണനടപടികള്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റാനും നടപടികളുണ്ടാകും.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പൊലീസ് ഇന്നലെയാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ഉച്ചതിരിഞ്ഞാണു കുറ്റപത്രം സമർപ്പിച്ചത്. ആക്രമണത്തിന് പിന്നിൽ നടിയോടുള്ള വ്യക്തിവൈരാഗ്യമാണെന്നു കുറ്റപത്രത്തിൽ പറയുന്നു. ആദ്യ വിവാഹം തകർത്തതിലുള്ള വൈരാഗ്യമാണ് നടിയോട് പകയ്ക്ക് കാരണം . വിവാഹം തകർന്നതിനു പിന്നിൽ ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് വിശ്വസിച്ചു. പകയുണ്ടായതിനു എട്ടു കാരണങ്ങളാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആകെ 14 പ്രതികളാണു കേസിലുള്ളത്. ഇവരിൽ രണ്ടുപേർ മാപ്പുസാക്ഷികളാകും. പൊലീസുകാരനായ അനീഷ്, പൾസർ സുനിയുടെ സഹതടവുകാരൻ വിപിന്‍ലാല്‍ എന്നിവരാണു മാപ്പുസാക്ഷികൾ. പള്‍സര്‍ സുനിക്ക് അകമ്പടിപോയ പൊലീസുകാരനാണ് അനീഷ്. സുനി ദിലീപിനെ വിളിച്ചത് അനീഷിന്‍റെ ഫോണില്‍നിന്നാണെന്നു കണ്ടെത്തിയിരുന്നു. സുനിക്കുവേണ്ടി ജയിലില്‍നിന്നു കത്തെഴുതിയത് വിപിന്‍ലാൽ ആയിരുന്നു.

നടി മഞ്ജു വാരിയര്‍ പ്രധാന സാക്ഷികളിലൊരാളാകും. 385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ ലഭിച്ചു. സിനിമാ മേഖലയിൽനിന്നുമാത്രം 50ൽ അധികം സാക്ഷികളുണ്ട്. ആദ്യകുറ്റപത്രത്തിലെ ഏഴു പ്രതികളെ അതേപടി നിലനിർത്തും. കൃത്യം നടത്തിയവരും ഒളിവിൽപോകാൻ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. ദിലീപിനെക്കൂടാതെ, അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനിൽകുമാറിന്റെ സഹതടവുകാരനായ വിഷ്ണു എന്നിവരും പുതിയ കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

പൾസർ സുനി, വിജീഷ്, മണികണ്ഠൻ, വടിവാൾ സലീം, മാർട്ടിൻ, പ്രദീപ്, ചാർലി, ദിലീപ്, മേസ്തിരി സുനിൽ, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആദ്യ എട്ടു പ്രതികൾക്കുമേൽ കൂട്ടമാനഭംഗക്കുറ്റം ചുമത്തി. എട്ടുമുതൽ 12 വരെ പ്രതികൾക്കുമേൽ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. 12 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയത്. 400ൽ ഏറെ രേഖകൾ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ രേഖകളും ഇതിൽ ഉൾപ്പെടും.

പരിശോധനക്ക് ശേഷമാണ് കോടതി കുറ്റപത്രം സ്വീകരിച്ചത്. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി ഉടന്‍ സമന്‍സ് അയക്കും. പ്രതികളെ വിളിച്ച് വരുത്തിയതിന് ശേഷമായിരിക്കും വിചാരണ നടപടികള്‍ക്കായി എറണാകുളം പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കുറ്റപത്രം കൈമാറുക. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാണ് കേസിന്റെ വിചാരണ ഏത് കോടതിയില്‍ നടത്തണമെന്ന അന്തിമ തീരുമാനം എടുക്കുക.

കൃത്യത്തിന് ശേഷം ദിലീപ് നടിയെ പൊതുസമൂഹത്തിന് മുന്നില്‍ മോശക്കാരിയാക്കാന്‍ ശ്രമിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതിന് സിനിമാമേഖലയിലെ പല പ്രമുഖരെയും ഉപയോഗപ്പെടുത്തി. താന്‍ നിരപരാധിയാണെന്ന് ദിലീപ് പ്രമുഖരെക്കൊണ്ട് പറയിപ്പിച്ചു. ഈ സ്വാധീനം ഉപയോഗിച്ചാണ് നടി ജാഗ്രത പാലിക്കണമായിരുന്നു എന്ന് പറയിച്ചതും. കടുത്ത പ്രതികാര മനോഭാവമായിരുന്നു ഇതിനെല്ലാം കാരണമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

അതേസമയം കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിശോധിക്കും. പരിശോധനയ്ക്ക് ശേഷം കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കിയേക്കും. നടിയോടു ദിലീപിന് വൈരാഗ്യമുണ്ടായ സാഹചര്യങ്ങളും ആക്രമിക്കാന്‍ നടനും പള്‍സര്‍ സുനിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുമാണ് കുറ്റപത്രത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ദിലീപും കാവ്യയും തമ്മിലുള്ള ഫോണ്‍ സംഭാഷണം മഞ്ജു വാരിയര്‍ക്ക് നല്‍കിയതാണു വൈരാഗ്യത്തിനു കാരണം. ഇക്കാര്യം പറഞ്ഞ് നടന്‍ സിദ്ദിഖിന്റെ സാന്നിധ്യത്തില്‍ അമ്മ താരനിശയില്‍വച്ച് ദിലീപ് നടിയെ ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ പള്‍സര്‍ സുനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

20 വര്‍ഷം വരെയോ ജീവപര്യന്തമോ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപിനും കൂട്ടാളികള്‍ക്കുമെതിരെ ചുമത്തിയത്. ഇതില്‍ പ്രധാനം കൂട്ടബലാത്സംഗത്തിനുള്ള ഐപിസി 376(ബി) വകുപ്പാണ്. ഈ കുറ്റത്തിന് മാത്രം 20 വര്‍ഷം വരെയോ ജീവപര്യന്തമോ തടവുശിക്ഷ ലഭിക്കാം. ക്രിമിനല്‍ ഗൂഢാലോചന, പ്രേരണ, അന്യായമായി തടങ്കലില്‍ വെക്കല്‍, ലൈംഗിക ദൃശ്യങ്ങള്‍ കൈമാറല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രത്തിന്റെ അഞ്ച് പകര്‍പ്പുകളാണ് നല്‍കിയിരിക്കുന്നത്. സൂക്ഷ്മപരിശോധനകള്‍ക്ക് ശേഷം കുറ്റപത്രം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. അതിന് ശേഷം പ്രതികള്‍ക്ക് സമന്‍സ് അയച്ചുതുടങ്ങും.

കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നീക്കം. എന്നാല്‍ ഇത്തരത്തില്‍ കുറ്റപത്രം കോടതിയിലെത്തിയാല്‍ കേസ് പൊളിയുമെന്ന നിയമോപദേശം കിട്ടിയതോടെ ഈ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്നു വിശദമായ കൂടിയാലോചനകള്‍ക്കൊടുവിലാണു ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ അന്വേഷണ സംഘത്തില്‍ ധാരണയായത്. ആക്രമണത്തിനു നേതൃത്വം നല്‍കിയ പള്‍സര്‍ സുനി തന്നെയാകും കുറ്റപത്രത്തില്‍ ഒന്നാം പ്രതിസ്ഥാനത്തുണ്ടാവുക. എന്നാല്‍ ഗൂഢാലോചന കുറ്റവുമായി ബന്ധപ്പെട്ടു ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പിനൊപ്പം പള്‍സര്‍ സുനിക്കും കൂട്ടാളികള്‍ക്കും മേല്‍ ചുമത്തിയിരിക്കുന്ന വകുപ്പുകളും ദിലീപിനെതിരെ ചുമത്തും.