ഓഖി പോയി;ന്യൂനമര്‍ദ്ദം സാഗര്‍ ചുഴലിക്കാറ്റായി വരും?

കോഴിക്കോട്: ഓഖിക്ക് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ന്യൂനമര്‍ദ്ദം സാഗര്‍ ചുഴലിക്കാറ്റായി പരിണമിക്കാനുള്ള തയാറെടുപ്പിലാണെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ നീരീക്ഷണം.

ആന്‍ഡമാന്‍ ദ്വീപിന്റെ തെക്ക് ദിശയിലാണ് ന്യൂനമര്‍ദമുള്ളത്. കഴിഞ്ഞ ദിവസം ഇത് ദിശമാറി വടക്കന്‍ ചെന്നൈയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള ദിശയില്‍ സഞ്ചരിച്ചെങ്കിലും വീണ്ടും തമിഴ്‌നാട് തീരത്തേക്കാണ് ഇപ്പോഴത്തെ ദിശ.കനത്ത മഴയ്ക്കും കാറ്റിനും കാരണമാകുമെന്ന് കേന്ദ്ര കലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് ഭരണകൂടങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെടുമെന്ന് കേന്ദ്രകലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ ഇത് വീണ്ടും ശക്തിപ്പെടും.

പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയിലാണ് ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പാത. വടക്കന്‍ തമിഴ്്‌നാട്ടിലും തെക്കന്‍ ആന്ധ്രാപ്രദേശിലെയും തീരപ്രദേശത്ത് അടുത്ത മൂന്നുദിവസത്തേക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ അടുത്ത മൂന്നു ദിവസം കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് 50 കി.മി വേഗത്തില്‍ വരെ കാറ്റ് വീശും. നാളെ കാറ്റിന്റെ വേഗത 60 കി.മി ആകും.കടല്‍ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പുണ്ട്. ആന്ധ്ര, തമിഴ്‌നാട് , ആന്‍ഡമാന്‍ ദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി.

അതേസമയം, ന്യൂനമര്‍ദത്തെ തുടര്‍ന്ന് കൊങ്കണിലും ഗോവയിലും കേരളത്തിലെ ചില ഭാഗങ്ങളിലും 24 മണിക്കൂറില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ കമ്പനികള്‍ അറിയിച്ചു.