ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജോലിഭാരമുള്ളതിനാല്‍ ജിഷ്ണുക്കേസ് ഏറ്റെടുക്കാനാവില്ലെന്നായിരുന്നു സി.ബി.ഐ. അറിയിച്ചിരുന്നത്. സിബിഐയുടെ ഭാഗത്ത് നിന്ന് അനാവശ്യമായ കാലതാമസം ഉണ്ടായെന്ന് കുറ്റപ്പെടുത്തിയ കോടതി കാലതാമസം തെളിവുകള്‍ നശിപ്പിച്ചേക്കുമെന്നും അഭിപ്രായപ്പെട്ടു.

ജൂണ്‍ 15-നാണ് അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ നിലപാടറിയിക്കാന്‍ കേന്ദ്രവും സി.ബി.ഐ.യും വൈകിച്ചാല്‍ തങ്ങള്‍ക്ക് ഉത്തരവിറക്കേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ജിഷ്ണുക്കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ. നേരത്തെ സംസ്ഥാന സര്‍ക്കാരിനെയും അറിയിച്ചിരുന്നു. ഏറ്റെടുക്കാനുള്ള പ്രാധാന്യം കേസിനില്ലെന്നും സി.ബി.ഐയ്ക്ക് ഇപ്പോള്‍ത്തന്നെ കേസുകളുടെ ബാഹുല്യമാണെന്നുമായിരുന്നു സിബിഐയുടെ വിശദീകരണം.