വിശാലിന്റെ നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

ആര്‍.കെ നഗര്‍:ആര്‍.കെ നഗര്‍ മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച നടന്‍ വിശാലിന് തിരിച്ചടി. വിശാലിന്റെ നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. പാര്‍ട്ടികളുടെ ഒന്നും പിന്തുണ ഇല്ലാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു വിശാലിന്റെ സ്ഥാനാര്‍ത്ഥിത്വം.

തമിഴ് സിനിമാ ലോകത്ത് നിര്‍ണായക ശക്തിയായ നിര്‍മ്മാതാക്കളുടെ സംഘടനയുടെ നേതാവ് കൂടിയാണ് വിശാല്‍. രജനീകാന്തും കമല്‍ഹാസനുമൊക്കെ തങ്ങളുടെ രാഷ്ട്രീയം പരസ്യപ്പെടുത്തി പലപ്പോഴും രംഗത്തുവന്നിരുന്നെങ്കിലും ഒരിക്കല്‍ പോലും വിശാല്‍ അത്തരത്തിലൊരു നീക്കം നടത്തിയിരുന്നില്ല.

അപ്രതീക്ഷിതമായിട്ടായിരുന്നു വിശാലിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.ഇപ്പോള്‍ നാമനിര്‍ദ്ദേശ പത്രികയില്‍ സംഭവിച്ച പിഴവിന്റെ അടിസ്ഥാനത്തിലാണ് വിശാലിന്റെ പത്രിക തള്ളിയിരിക്കുന്നത്. പിന്തുണ പ്രഖ്യാപിച്ച് നല്‍കിയ ആള്‍ പത്രികയില്‍ വിവരങ്ങള്‍ തെറ്റായി നല്‍കിയതാണ് വിശാലിന് വിനയായത്.

ജയലളിതയുടെ മരുമകള്‍ ദീപാ ജയകുമാറിന്റെ നാമനിര്‍ദ്ദേശ പത്രികയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് രാവിലെ തള്ളിയിരുന്നു. നാമനിര്‍ദ്ദേശ പത്രികയിലെ വിവരങ്ങള്‍ രേഖപ്പെടുത്തിയപ്പോഴുണ്ടായ അപാകതയാണ് പത്രിക തള്ളുന്നതിലേക്ക് എത്തിച്ചത്.ജയലളിതയുടെ മരണത്തിന് ശേഷം ആര്‍.കെ. നഗര്‍ മണ്ഡലത്തിന് എംഎല്‍എ ഇല്ലായിരുന്നു. ഡിസംബര്‍ 21നാണ് ഇവിടുത്തെ തെരഞ്ഞെടുപ്പ്.

തനിക്ക് ആര്‍കെ നഗറിന്റെ ശബ്ദമാകണമെന്നും മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തകനാകാനല്ല, മറിച്ച് ജനങ്ങളുടെ പ്രതിനിധി ആകനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിശാല്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമുമാണ് തന്റെ പ്രചോദനം. താനിതുവരെ അരവിന്ദിനെ പരിചയയപ്പെട്ടിട്ടില്ല. എന്നാല്‍ അദ്ദേഹം ജനങ്ങളുടെ നേതാവാണ്. ഒരിക്കലും ഒരു രാഷ്ട്രീയക്കാരനാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തനിക്ക് സാധാരണക്കാരനായാല്‍ മതിയെന്നുമായിരുന്നു തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് കടന്ന സാഹചര്യത്തെ വിശാല്‍ വിശദീകരിച്ചത്.