ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലികള്‍ മാറ്റിവെച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസം സൃഷ്ടിച്ച് ഓഖി ചുഴലിക്കാറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവര്‍ അടക്കമുള്ള നേതാക്കളുടെ തിരഞ്ഞെടുപ്പ് റാലികള്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു.

സൂറത്തില്‍ ബുധനാഴ്ച നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രിയുടെ റാലി മാറ്റിവച്ചതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു. രാഹുല്‍ഗാന്ധി പങ്കെടുക്കാനിരുന്ന മൂന്ന് റാലികളാണ് മാറ്റിവച്ചിട്ടുള്ളത്. ഇവര്‍ക്ക് പുറമെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ബി.ജെ.പി എം.പി മനോജ് തിവാരി എന്നിവരുടെ റാലികളും മാറ്റിവച്ചിട്ടുണ്ട്.

ബുധനാഴ്ച വൈകീട്ട് ആറിന് നടത്താന്‍ നിശ്ചയിച്ചിരുന്ന നരേന്ദ്രമോദിയുടെ റാലി ഡിസംബര്‍ ഏഴിലേക്കാണ് മാറ്റിയിട്ടുള്ളത്. ചുഴലിക്കാറ്റ് ദുരിതം നേരിടുന്നവരെ സഹായിക്കാന്‍ രംഗത്തിറങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പി പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. കഴിയുന്ന എല്ലാ സഹായവും ജനങ്ങള്‍ക്ക് ചെയ്തുകൊടുക്കണമെന്നും ജനങ്ങള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും നരേന്ദ്രമോദി ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.