പരാതികള്‍ക്കിടം നല്‍കാതെ തെരച്ചില്‍ ഊര്‍ജ്ജിതമാക്കാനൊരുങ്ങി നാവിക സേന

കൊച്ചി: രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന പരാതികള്‍ മായച്ചുകളയാന്‍ നാവിക സേന അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നു. ഓഖി ചുഴലിക്കാറ്റില്‍ പെട്ടവരെ കണ്ടെത്താന്‍ തുടര്‍ച്ചയായി മൂന്നു ദിവസം തെരച്ചില്‍ നടത്തുമെന്ന് നാവികസേന അറിയിച്ചു. രാപ്പകള്‍ ഭേദമില്ലാതെ പരിശ്രമം തുടരാനാണ് തീരുമാനം.  തെരച്ചില്‍ ഫലപ്രദമല്ലെന്ന മത്സ്യത്തൊഴിലാളികളുടെ പരാതി കണക്കിലെടുത്താണ് നടപടി. നാവികസേനക്കൊപ്പം ആറു മത്സ്യത്തൊഴിലാളികളെയും കൊണ്ടുപോകുന്നുണ്ട്.

ഓഖി ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് കടന്നതോടെ കേരളതീരങ്ങളില്‍ കടല്‍ക്ഷോഭത്തിന് കുറവുവന്നിട്ടുണ്ട്. എന്നാല്‍ കടല്‍ ശാന്തമാണെങ്കിലും മത്സ്യത്തൊഴിലാളികള്‍ ആരും മീന്‍പിടുത്തത്തിനായി പോയിട്ടില്ല.

അതെസമയം, കടലില്‍ അകപ്പെട്ട 11 മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപിന് സമീപത്ത് കടലില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബോട്ട് ലക്ഷദ്വീപ് തീരത്ത് എത്തിച്ചു. വൈകാതെ ഇവരെ തിരുവനന്തപുരത്ത് എത്തിക്കും. കന്യാകുമാരിക്ക് സമീപം ചുഴലിക്കാറ്റില്‍പ്പെട്ട് ഉപേക്ഷിക്കേണ്ടിവന്ന ഒരും ബോട്ടും കണ്ടെത്തി. ബിനോയ് മോന്‍ എന്ന ബോട്ടാണ് കണ്ടെത്തിയത്.  ബോട്ടിലുണ്ടായിരുന്ന 13 പേരെ മറ്റൊരു ബോട്ടില്‍ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ