ഓഖി ദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ സംബന്ധിച്ച മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ ഫയലില്‍ കെട്ടിവെച്ചന്ന് പ്രതപക്ഷ നേതാവ് രമേശ് ചെന്നത്തല. ചുഴലിക്കാറ്റ് ആഞ്ഞടിച്ച് കടന്നുപോയപ്പോഴാണ് സര്‍ക്കാര്‍ തിരിച്ചറിഞ്ഞത്. മുന്‍കൂട്ടി അറിയിപ്പുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാതിരുന്നത് വലിയ വീഴ്ച്ചയാണ്. നഷ്ടപരിഹാരം 25 ലക്ഷമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുദുരന്തം ഉണ്ടായശേഷം ധനസഹായം പ്രഖ്യാപിക്കലല്ല സര്‍ക്കാരിന്റെ കടമയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നവംബര്‍ 29ന് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. തമിഴ്‌നാടിനും ലക്ഷദ്വീപിനുമെല്ലാം ഇതേ മുന്നറിയിപ്പാണ് ലഭിച്ചത്. തമിഴ്‌നാട് തലേന്ന് തന്നെ തീരപ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. കന്യാകുമാരിയില്‍ രണ്ട് ബോട്ടുകള്‍ മാത്രമാണ് കടലിലുണ്ടായിരുന്നത്. 29ന് ചുഴലിക്കാറ്റ് സാധ്യതയെ കുറിച്ച് തീരപ്രദേശത്ത് പ്രത്യേക മൈക്ക് അനൗണ്‍സ്‌മെന്റുമായി ഉച്ചയ്ക്കും വൈകിട്ടും രാത്രിയും സര്‍ക്കാര്‍ വൃത്തങ്ങള്‍ സക്രിയമായിരുന്നു. നമ്മളാകട്ടെ ചുഴലിക്കാറ്റ് ആഞ്ഞടിച്ച ശേഷമാണ് സ്‌കൂളിന് അവധി നല്‍കിയത്. 30ന് ഉച്ചയ്ക്ക് ശേഷമാണ് ചുഴലിക്കാറ്റാണ് അടിച്ചതെന്ന് വ്യക്തമായുള്ളൂ.
പുറത്തുപറയാന്‍ പറ്റാത്ത ന്യായങ്ങളാണ് ചീഫ് സെക്രട്ടറി പറയുന്നത്. ചീഫ് സെക്രട്ടറിയുടെ ഫാക്‌സ് നമ്പര്‍ എങ്ങനെയാണ് എക്‌സ്‌ചേഞ്ചില്‍ വയ്ക്കുകയെന്നും ചെന്നിത്തല ചോദിച്ചു. നഷ്ടപരിഹാരം 25 ലക്ഷമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കു ജോലി നൽകണം.മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയും ജനങ്ങളെ പ്രകോപിപ്പിക്കുകയാണു ചെയ്തത്. മല്‍സ്യത്തൊഴിലാളികളെ പേടിച്ച് മുഖ്യമന്ത്രി ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് ലക്ഷദ്വീപിലാണ്. 500ലേറെ വീടുകള്‍ നശിച്ചു. എന്നാല്‍ അവിടെ ഒരു മനുഷ്യജീവന്‍ പോലും നഷ്ടമായിട്ടില്ല. എല്ലാവര്‍ക്കും ഒരേ മുന്നറിയിപ്പ് തന്നെയാണ് നല്‍കുന്നത്. മുന്നറിയിപ്പ് വായിച്ചിട്ട് മനസിലാകാത്തതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.