രാജീവ് ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ ബാബരി മസ്ജിദ് സംഭവം ഇതിനകം പരിഹരിക്കുമായിരുന്നുവെന്ന് അഖിലേന്ത്യാ ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ ബാബരി മസ്ജിദ് സംഭവം ഇതിനകം പരിഹരിക്കുമായിരുന്നുവെന്ന് അഖിലേന്ത്യാ ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സഫര്‍യാബ് ജീലാനി. നേരത്തെ നിരവധി തവണ കോണ്‍ഗ്രസ് നേതാക്കളുമായി അയോധ്യ വിഷയം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രിം കോടതിയില്‍ ആവശ്യമായരീതിയില്‍ അഭിഭാഷകരെ ലഭിക്കാതിരുന്നതുകാരണം കേസ് നടപടികള്‍ നീണ്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നതായി ഒരു തെളിവുമില്ലെന്ന് രാജിവ് ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം സുപ്രിം കോടതിയിലെ മുതിര്‍ന്ന അഞ്ച് ന്യായാധിപരുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി ഉണ്ടാക്കിയിരുന്നു. ഇവിടെ രാമക്ഷേത്രം നിലനിന്നിരുന്നോ എന്ന കാര്യം പരിശോധിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. എന്നാല്‍ അവകാശപ്പെടുന്ന രീതിയില്‍ ഏതെങ്കിലും തരത്തിലുള്ള ഒരു തെളിവും ഇവിടെ നിന്ന് അവര്‍ക്ക് കണ്ടെത്താനായിരുന്നില്ല. ഈ കമ്മിറ്റിയിലുണ്ടായിരുന്ന ജഡ്ജിമാര്‍ വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവരായിരുന്നു. ഇക്കാര്യം രാജിവ് ഗാന്ധി തങ്ങളോട് പറഞ്ഞിരുന്നതായും ജീലാനി വ്യക്തമാക്കി.