180 മത്സ്യത്തൊഴിലാളികളെ നാവികസേന ലക്ഷദ്വീപില്‍ കണ്ടെത്തി

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ 180 മത്സ്യത്തൊഴിലാളികളെ നാവികസേന ലക്ഷദ്വീപില്‍ കണ്ടെത്തി. 17 ബോട്ടുകളിലായാണ് മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നക്. മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായി നാവിക സേന അറിയിച്ചു. ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയിലാണ് ഇവരെ കണ്ടെത്തിയത്. ഐഎന്‍എസ് കല്‍പ്പേനി നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഇവരെ കൊച്ചിയിലെത്തിച്ചു.

മത്സ്യത്തൊഴിലാളികളുടെ സംഘവും ഐഎൻഎസ് കൽപേനിയിൽ തെരച്ചിലിനായി പുറപ്പെട്ടിരുന്നു.കടലിൽ നാലു മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെടുത്തതോടെ ആകെ മരണസംഖ്യ 37 ആയി. ഈ നാലു മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തിൽനിന്നുള്ള വലിയ ബോട്ടുകാരിൽ പകുതിയിലേറെപ്പേർ ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തീരമേഖലയിൽ എത്തിയിട്ടുണ്ടെന്നു സർക്കാർ സ്ഥിരീകരിച്ചു. ഇന്ധനവും ഭക്ഷണം നൽകിയാൽ ബോട്ടിൽ തന്നെ കേരളത്തിലേക്കു മടങ്ങാമെന്നു മത്സ്യത്തൊഴിലാളികൾ കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് ഇതിനുള്ള പണം കൈമാറി. ഇന്നലെ തന്നെ ഈ ബോട്ടുകൾ കേരളത്തിലേക്കു തിരിച്ചു.

സര്‍ക്കാരിന്റെ പുതിയ കണക്കുപ്രകാരം ഓഖി ചുഴലിക്കാറ്റിൽപ്പെട്ടു കടലിൽ കാണാതായവരുടെ എണ്ണം 397 ആണ്. ചെറുവള്ളങ്ങളിൽ പോയവരിൽ 96 പേരും വലിയ ബോട്ടുകളിൽ പോയവരിൽ 301 പേരും തിരിച്ചെത്താനുണ്ടെന്ന് പൊലീസ് സ്റ്റേഷനുകൾ മുഖേനയും കടലോര ഗ്രാമങ്ങളിൽ നേരിട്ടെത്തിയും റവന്യു വകുപ്പു ശേഖരിച്ച കണക്ക് വ്യക്തമാക്കുന്നു. ചെറുവള്ളങ്ങളിൽ പോയി തിരിച്ചെത്താനുള്ള 96 പേരും തിരുവനന്തപുരം ജില്ലക്കാരാണ്. ആദ്യമായാണ് വലിയ ബോട്ടുകളിൽ പോയവരുടെ കണക്ക് ശേഖരിക്കുന്നത്. ഇതാണു കാണാതായവരുടെ എണ്ണം 92ല്‍ നിന്നു 397 ആയി ഉയരാൻ കാരണമെന്നു റവന്യു അധികൃതർ വ്യക്തമാക്കി.

അതേസമയം ചെല്ലാനത്തു കടൽഭിത്തി നിർമാണം ആരംഭിക്കണമെന്നാവശ്യവുമായി തീരദേശവാസികളുടെ സംയുക്താഭിമുഖ്യത്തിൽ ജനകീയസമരം അഞ്ചാംദിവസവും തുടരുകയാണ്. സെന്റ് മേരീസ് ഹൈസ്കൂളിലെ ദുരിതാശ്വാസക്യാംപിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെയാണു റിലേ നിരാഹാര സമരം. കലക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന യോഗത്തില്‍ തൃപ്തികരമായ ഉറപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണു പ്രതിഷേധ സമരം തുടരുന്നത്. അൻപതോളം കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാംപിൽ തുടരുകയാണ്. അതിനിടെ കേരളതീരത്തും ലക്ഷദ്വീപിലും അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കുദിശയിൽ 45-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ കലക്ടർ മുന്നറിയിപ്പ് നല്‍കി.