ചെല്ലാനത്ത് കടല്‍ഭിത്തി വേണമെന്ന തീരദേശവാസികളുടെ ആവശ്യം തികച്ചും ന്യായമാണെന്ന് ഉമ്മന്‍ചാണ്ടി

കൊച്ചി: കടല്‍ഭിത്തി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചെല്ലാനത്ത് സമരം നടത്തുന്ന തീരദേശവാസികളെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ചെല്ലാനത്ത് കടല്‍ഭിത്തി വേണമെന്ന തീരദേശവാസികളുടെ ആവശ്യം തികച്ചും ന്യായമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ ആവശ്യം തീരദേശവാസികള്‍, വൈദികര്‍ അടക്കമുള്ളവരുടെ തന്നെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 2014ല്‍ ചെല്ലാനത്തെ കടല്‍ഭിത്തിക്കുള്ള ഫണ്ട് അനുവദിച്ചിരുന്നു. ഇതുപ്രകാരം മൂന്നു തവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും ആരും ഏറ്റെടുക്കാന്‍ തയാറായില്ല. 110 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരുന്നത്. കൂടാതെ നിര്‍മ്മാണം നടത്തുന്നതിനെതിരെ ചില പരാതികളും ഉയര്‍ന്നു. ഇക്കാര്യത്തെ കുറിച്ച് അന്നത്തെ എം.എല്‍.എയായ ഡൊമിനിക് പ്രസന്റേഷനോട് വിവരങ്ങള്‍ തേടിയിരുന്നു. നിര്‍മ്മാണം തടസപ്പെട്ടതിനെ കുറിച്ച് നാട്ടുകാര്‍ക്കും അറിയാമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

കടല്‍ഭിത്തി പ്രാവര്‍ത്തികമാക്കുന്നതിന് മുഖ്യമന്ത്രി, ധനമന്ത്രി അടക്കമുള്ളവരുമായി ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.