ഓഖി ദുരന്തം: സമരത്തിനൊരുങ്ങി ലത്തീന്‍ സഭ

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ പെട്ട മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് ലത്തീന്‍ കത്തോലിക്ക സഭ ശക്തമായ സമരത്തിനൊരുങ്ങുന്നു.കടലില്‍ ഒറ്റപ്പെട്ടുപോയ അവസാന ആളെവരെ രക്ഷപെടുത്തി തിരികെ കൊണ്ടുവരാത്തപക്ഷം വരും ദിവസങ്ങളില്‍ രാപകല്‍ സമരം നടത്തുമെന്ന് വൈദികരുടെ യോഗത്തിന് ശേഷം ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ യുജിന്‍ പെരേര മാധ്യമങ്ങളോട് പറഞ്ഞു. 285 പേരെ ഇപ്പോഴും തിരിച്ചെത്തിക്കാനുണ്ട്. അവര്‍ എവിടെയായാലും മൃതദേഹമെങ്കിലും കണ്ടെത്തണമെന്നും യുജിന്‍ പെരേര ആവശ്യപ്പെട്ടു.

ഇതുപോലുള്ള ദുരന്തങ്ങള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച അനുഭവങ്ങള്‍ ഉണ്ട്. ആ സാഹചര്യത്തില്‍ ഓഖി ദുരന്തത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. പല മൃതദേഹങ്ങളും ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനെല്ലാം നടപടിയുണ്ടായില്ലെങ്കില്‍ മൃതദേഹങ്ങളുമെടുത്ത് സെക്രട്ടേറിയറ്റ് വളയുന്ന സാഹചര്യമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനം സ്തംഭിച്ച അവസ്ഥയിലാണ്. ഇതില്‍ സഭ ആശങ്കയിലാണെന്നും യുജിന്‍ പെരേരെ ചൂണ്ടിക്കാട്ടി.