പി.വി അന്‍വര്‍ എം.എല്‍.എയെ വെട്ടിലാക്കി മൂന്നാമത്തെ റിപ്പോര്‍ട്ട്

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയെ വെട്ടിലാക്കി മൂന്നാമത്തെ റിപ്പോര്‍ട്ട്. കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ നിര്‍മിച്ച തടയണ അനധികൃതമാണെന്നും പൊളിച്ചുമാറ്റണമെന്നുമാണ് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയുടെ ശുപാര്‍ശ. മലപ്പുറം ജില്ലാ കലക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ആര്‍.ഡി.ഒയുടെ നിര്‍ദേശം. മൂന്നാഴ്ചയ്ക്കകം പൊളിച്ചുനീക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്.

ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തടയണ നിര്‍മിക്കാന്‍ യാതൊരു അനുമതിയും പഞ്ചായത്ത് നല്‍കിയിട്ടില്ലെന്ന് ഉര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി ആര്‍.ഡി.ഒക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോണ്‍ക്രീറ്റും കല്ലും ഉപയോഗിച്ചാണ് തടയണ നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ നടപടികള്‍ ഉള്‍പ്പെടുത്തി കലക്ടര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.പി.വി.അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പെരിന്തല്‍മണ്ണ ആര്‍ഡിഒ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ നിയമലംഘനം സ്ഥിരികരിച്ചെന്ന് സൂചന. മലപ്പുറം ജില്ലാ കലക്ടര്‍ക്കാണ് ആര്‍ഡിഒ റിപ്പോര്‍ട്ട് കൈമാറിയത്. ചീങ്കണ്ണിപ്പാലയില്‍ റോപ്പ്‌വേയും തടയണയം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട്.

14 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. 8 പേജില്‍ തടയണയുമായി ബന്ധപ്പെട്ട വിവരങ്ങളും 6 പേജില്‍ ചിത്രങ്ങളുമാണ് ഉള്ളത്. വനംവകുപ്പും പഞ്ചായത്തും അന്‍വറിന്റെ നിയമലംഘനം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

അതേസമയം എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം വൈകുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന സൂചന. ഇതുസംബന്ധിച്ച് ആര്‍ഡിഒ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. തടയണ സംബന്ധിച്ച റിപ്പോര്‍ട്ട് പഞ്ചായത്ത് സമര്‍പ്പിച്ചില്ലെന്നും പഞ്ചായത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും ആര്‍ഡിഒ പറഞ്ഞിരുന്നു.

മാസങ്ങൾക്ക് മുമ്പ് മലപ്പുറം ജില്ലാ കലക്ടറായിരുന്ന ടി.ഭാസ്‌കരനാണ് തടയണ പൊളിക്കാനുള്ള ഉത്തരവ് ആദ്യം നൽകിയത്. എന്നാൽ ഈ ഉത്തരവ് പൊതുമരാമത്ത് വകുപ്പ് വൈകിപ്പിച്ചു. ഡാം പൊളിക്കാനുള്ള സാങ്കേതിക ശേഷിയില്ലെന്ന് പറഞ്ഞാണ് പി.ഡബ്ല്യൂ.ഡി അധികൃതർ കൈമലർത്തിയത്. തുടർന്ന് ഡാം പൊളിക്കാനുള്ള ചുമതല ഇപ്പോഴത്തെ കളക്ടർ അമിത് മീണ ഇറിഗേഷൻ വകുപ്പിനെ ഏൽപ്പിച്ചത്. എന്നാൽ ഇതും നീളുകയായിരുന്നു.