ഓഖി : പ്രത്യേക പാക്കേജിനായി മുഖ്യമന്ത്രി കേന്ദ്രത്തിലേക്ക്

തിരുവനന്തപുരം: ഓഖി ദുരന്തത്തിനിരയായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും തീരപ്രദേശങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. സുനാമി പുനരധിവാസ പാക്കേജിന്റെ മാതൃകയില്‍ സഹായം ആവശ്യപ്പെടാനാണ് യോഗത്തില്‍ തീരുമാനമായത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്താണ് യോഗം നടന്നത്.

ആശ്വാസ പ്രവര്‍ത്തനത്തിന് യോജിച്ച് നീങ്ങാന്‍ യോഗം തീരുമാനിച്ചു. ഓഖി ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് സംസ്ഥാനത്ത് ഫണ്ട് രൂപീകരിക്കാനും തീരുമാനിച്ചു. ഈ ഫണ്ടിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാരോടും പാര്‍ട്ടികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും യോഗം അഭ്യര്‍ത്ഥിച്ചു.

ഓഖി ചുഴലിക്കാറ്റില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതരില്‍ ഒരാള്‍ക്ക് ജോലി നല്‍കണമെന്ന ആവശ്യം പരിഗണിക്കും. മത്സ്യഫെഡ് പോലുള്ള സ്ഥാപനങ്ങളിലും മത്സ്യബന്ധന വകുപ്പിന് കീഴിലെ മറ്റു ഏജന്‍സികളിലും ഇവരെ തൊഴിലിന് പരിഗണിക്കും.

ദുരന്തം കാരണം മാനസികാഘാതം നേരിട്ട കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സലിങ് നല്‍കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വാര്‍ഷിക പരീക്ഷ നേരിടാന്‍ പ്രത്യേക കോച്ചിങ് നല്‍കും.

അതേസമയം, ദുരന്തത്തില്‍പ്പെട്ട് കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്തത്തില്‍ ഇതുവരെ 38 പേരാണ് മരിച്ചത്. അവരില്‍ 19 പേരെ തിരിച്ചറിഞ്ഞു. 96 പേരെയാണ് കാണാനില്ലാത്തത്. ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. ചുഴലിയുടെ മുന്നറിയിപ്പ് നവംബര്‍ 30ന് 12 മണിക്ക് മാത്രമാണ് സര്‍ക്കാരിന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതിന് മുമ്പ് ലഭിച്ച ഒരു മുന്നറിയിപ്പിലും ചുഴലിയുടെ സൂചനയില്ലായിരുന്നു. ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറുമെന്നു മുന്നറിയിപ്പ് ലഭിച്ചത് 30ന് രാവിലെ 8.30ന് മാത്രമാണ്. ചുഴലി മുന്നറിയിപ്പ് ലഭിച്ചശേഷം ഒരു നിമിഷം പോലും പാഴാക്കാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ്, പ്രതിരോധ വിഭാഗങ്ങള്‍ എന്നിവയുമായി യോജിച്ച് നല്ല ഏകോപനത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു