വീരേന്ദ്രകുമാറിന്റെ ഇടതു പ്രവേശന നീക്കത്തെ എതിര്‍ത്ത് ജെ.ഡി.എസ്

തിരുവന്തപുരം: ജനതാ പാര്‍ട്ടികളുടെ ലയനത്തിനുള്ള വീരേന്ദ്രകുമാറിന്റെ ഫോര്‍മുല തള്ളി ജെ.ഡി.എസ്. പാര്‍ട്ടിയുടെ രൂപം മാറ്റിയുള്ള ലയനം സാധ്യമല്ലെന്ന് പാര്‍ട്ടി ദേശിയ സമിതിയംഗം മന്ത്രി മാത്യു ടി. തോമസ് വ്യക്തമാക്കി.വീരേന്ദ്രകുമാറുമായുള്ള സഹകരണത്തോട് പാര്‍ട്ടിയില്‍ ഒരുവിഭാഗം ഇതിനോടകം മുഖം തിരിച്ചുകഴിഞ്ഞുവെന്ന് വെളിവാക്കുന്നതായിരുന്നു മാത്യു ടി. തോമസിന്റെ പ്രതികരണം.

ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ വീരേന്ദ്രകുമാറും കൂട്ടരും തയാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ്പ്രതികരണം. ജനതാ പാര്‍ട്ടികളുടെ ലയനമെന്ന അജണ്ട ഉയര്‍ത്തി ജെ.ഡി.എസിനേയും ഒപ്പം കൂട്ടാനായിരുന്നു നീക്കം. ഒരു പാര്‍ട്ടിയായി മുന്നോട്ടുപോയാലെ കേരളത്തില്‍ നിലനില്‍പ്പുള്ളുവെന്ന വികാരമാണ് ജെ.ഡി.എസിലെ മുതിര്‍ന്ന നേതാക്കളായ കൃഷ്ണന്‍കുട്ടിയോടും, സി.കെ നാണുവിനോടും വീരേന്ദ്രകുമാര്‍ പങ്കുവച്ചത്.

എന്നാല്‍ മാത്യു ടി. തോമസും കൂട്ടരും വീരേന്ദ്രകുമാറിന്റെ നീക്കത്തോട് അനുകൂല സമീപനമല്ല സ്വീകരിക്കുന്നത്.ജെ.ഡിയുവില്‍നിന്ന് പുറത്താക്കിയെന്ന് ദേശീയ നേതൃത്വം കൂടി അറിയിച്ചതോടെ വീരേന്ദ്രകുമാറിന്റെ നില കൂടുതല്‍ പരുങ്ങലിലായി.