മോദി സര്‍ക്കാര്‍ പരസ്യത്തിനായി മാത്രം ചെലവഴിച്ചത് 3,755 കോടി രൂപ

ന്യൂഡല്‍ഹി: മൂന്നര വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ പരസ്യത്തിനായി മാത്രം ചെലവഴിച്ചത് 3,755 കോടി രൂപ. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 ഏപ്രില്‍ മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള ഭരണകാലത്തെ കണക്കുകളാണ് വിവരാവകാശരേഖയിലൂടെ പുറത്തുവന്നിരിക്കുന്നത്.

ഇക്കാലയളവില്‍ ഇലക്ട്രോണിക്, അച്ചടിമാധ്യമങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയില്‍ പരസ്യം ചെയ്യുന്നതിന് 37,54,06,23,616 രൂപ ചെലവഴിച്ചതായി വാര്‍ത്താവിനിമയ മന്ത്രാലയം വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കി.

സര്‍ക്കാരിന്റെ നയങ്ങള്‍, പദ്ധതികള്‍, തീരുമാനങ്ങള്‍ എന്നിവ ജനങ്ങളില്‍ എത്തിക്കുന്നതിന് മോദി സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ കണക്കാണിത്. ഗ്രേറ്റര്‍ നോയിഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകനായ രാംവീര്‍ തന്‍വര്‍ ആണ് ആപേക്ഷ നല്‍കിയത്.

കേന്ദ്ര റേഡിയോ, ഡിജിറ്റല്‍ സിനിമ, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ്, എസ്എംഎസ്, ടിവിയ്ക്ക് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് മീഡിയകള്‍ക്ക് മാത്രമായി 1656 കോടി രൂപയാണ് ചെലവഴിച്ചത്. അച്ചടി മാധ്യമത്തിനായി 1698 കോടി രൂപയും ചെലവഴിച്ചു. പോസ്റ്ററുകള്‍, ലഘുലേഖകള്‍, കലണ്ടറുകള്‍ എന്നിവയടങ്ങുന്ന പൊതുസ്ഥലങ്ങളിലെ പരസ്യങ്ങള്‍ക്കായി 399 കോടിയും ചെലവഴിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ പല പ്രധാന പദ്ധതികള്‍ക്കുമായി ബജറ്റില്‍ ഉള്‍പ്പെടുത്തിയ തുകയേക്കാള്‍ കൂടുതലാണ് കേന്ദ്രം പരസ്യപ്രചാരണത്തിനായി ചെലവിടുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി മലിനീകരണ നിയന്ത്രണത്തിനായി സര്‍ക്കാര്‍ 56.8 കോടി രൂപ മാത്രമാണ് വകയിരുത്തിയത്.

2015 മാര്‍ച്ചില്‍ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രസംഗമായ ‘മാന്‍ കി ബാത്തിന്റെ്’ പത്ര പരസ്യം നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ ചെലവിട്ടത് 8.5 കോടി രൂപയാണെന്നാണ് കണക്ക്.