പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാര്‍ക്ക് യുഎസിന്റെ മുന്നറിയിപ്പ്

വാഷിങ്ടന്‍: പാകിസ്താനുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഗവണ്മെന്റ് . മതത്തിന്റെ പേരില്‍ ഉള്‍പ്പെടെ പാകിസ്താനില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യുഎസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മെയ് മാസത്തിലും യുഎസ് ആഭ്യന്തര വകുപ്പ് ഇത്തരത്തിലൊരു അറിയിപ്പ് പൗരന്മാര്‍ക്കു നല്‍കിയിരുന്നു.ഒഴിവാക്കാനാകാത്ത സന്ദര്‍ഭമാണെങ്കില്‍ മാത്രം പാകിസ്താനിലേക്ക് യാത്ര ചെയ്താല്‍ മതിയെന്നാണ് അറിയിപ്പ്.

ആറുമാസത്തിനിടെ ബലൂചിസ്ഥാനില്‍ മാത്രം പാക്ക് സുരക്ഷാസേനയ്ക്കും സാധാരണക്കാര്‍ക്കും നേരെ വന്‍തോതിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇതില്‍ ചാവേറാക്രമണവും ഗ്രനേഡ് ആക്രമണവും ഒളിയാക്രമണവുമെല്ലാം ഉള്‍പ്പെടും. ക്വറ്റയില്‍ പൊലീസ് ഓഫിസര്‍മാര്‍ക്കു നേരെ നടന്ന ചാവേറാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു, 30 പേര്‍ക്കു പരുക്കേറ്റു. ബസ് ടെര്‍മിനലില്‍ ഉണ്ടായ മറ്റൊരാക്രമണത്തില്‍ കൊല്ലപ്പെട്ടത് 45 പേരാണ്. ചെറിയ തോതിലുള്ള വെടിവയ്പ് 148 എണ്ണമുണ്ടായി. 67 ബോംബാക്രമണങ്ങളും 28 തവണ വധശ്രമങ്ങളുമുണ്ടായി. 17 തട്ടിക്കൊണ്ടുപോകല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി യുഎസ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കു പറയുന്നു. സാധാരണക്കാരെന്നോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്നോ ഭേദമില്ലാതെയാണു പലയിടത്തും ആക്രമണം. ഇതിന്റെ വിവരങ്ങളും തങ്ങളുടെ പൗരന്മാര്‍ക്കുള്ള മുന്നറിയിപ്പില്‍ യുഎസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യുഎസ് പൗരന്മാര്‍ക്ക് പാകിസ്താനില്‍ ഭീകരരുടെ ഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്നവരും വിദേശ ഭീകരരും ഒരുപോലെ ഭീഷണിയായുണ്ടെന്നുമാണ് യുഎസ് അറിയിച്ചിരിക്കുന്നത്. യുഎസ് നയതന്ത്രപ്രതിനിധികളെയും അവരുടെ ഓഫീസുകളെയും മുന്‍കാലങ്ങളില്‍ ഭീകരര്‍ ലക്ഷ്യംവച്ചിരുന്നു. ഇതു തുടരുമെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

പാകിസ്താനിലുള്ള തങ്ങളുടെ പൗരന്‍മാര്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന് ചൈന അറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് യുഎസും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പാകിസ്താനില്‍ ജോലി ചെയ്യുന്ന തങ്ങളുടെ പൗരന്മാര്‍ക്കും ജീവന് ഭീഷണിയുണ്ടെന്നും കരുതലോടെയിരിക്കണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ചൈന നിര്‍ദേശം അറിയിച്ചത്. ആള്‍ക്കൂട്ടങ്ങളും തിരക്കേറിയ ഇടങ്ങളും പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും എന്‍ജിഒകളെയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ പാകിസ്താനില്‍ ഏറുകയാണ്. മോചനദ്രവ്യം ലഭിക്കുന്നതിനു വേണ്ടി ഭീകരരും മറ്റു ക്രിമിനല്‍ സംഘങ്ങളും യുഎസ് പൗരന്മാരെ തട്ടിക്കൊണ്ടു പോകുന്നതിനും സാധ്യതയുണ്ട്. മതവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ പാകിസ്താനില്‍ വന്‍ ഭീഷണിയായി തുടരുകയാണ്. മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെ ആക്രമണങ്ങളും തുടരുന്നു.