ദുരന്തനിവാരണ അതോറിട്ടി മെമ്പര്‍ സെക്രട്ടറി ഡോ.ശേഖര്‍ ലൂക്കോസ്‌ കുര്യാക്കോസ്‌ എന്ന ഉഡായിപ്പ്‌

ടൈറ്റസ്‌ കെ.വിളയിൽ

“എന്റെ കുട്ടി ആറാം ക്ലാസിലാണ്‌ പഠിക്കുന്നത്‌, ടിവിയില്‍ കാലാവസ്ഥാ പ്രവചനം കേള്‍ക്കുമ്പോള്‍ അവള്‍ പറയും അപ്പന്‌ നാളെ ധൈര്യമായിട്ട്‌ ജോലിക്ക്‌ പോകാം, മഴയുണ്ടാകുമെന്ന്‌ കാലാവസ്ഥക്കാര്‌ പറഞ്ഞിട്ടുണ്ടെന്ന്‌ … ഞങ്ങളുടെ കൊച്ചു കുട്ടികള്‍ക്ക്‌ പോലും കാലാവസ്ഥാ മുന്നറിയിപ്പിനെ കുറിച്ച്‌ ഇതാണ്‌ അഭിപ്രായം. മുന്നറിയിപ്പ്‌ കൃത്യമായി നല്‍കുന്നതില്‍ ഈ സംവിധാനം പരാജയമാണ്‌. ഇപ്പോള്‍ ചുഴലിക്കാറ്റിന്റെ സമയത്തും യാതൊരു മുന്നറിയിപ്പും ലഭിച്ചിട്ടില്ല…” കഴിഞ്ഞ വര്‍ഷത്തെ കൊല്ലം ജില്ലയിലെ മികച്ച മത്സ്യത്തൊഴിലാളിക്കുള്ള മത്സ്യശ്രീ അവാര്‍ഡ്‌ ജേതാവ്‌ ജോസഫ്‌ പറയുന്നു.

“കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന്‌ അവ്യക്തമായ ഒരു അറിയിപ്പാണ്‌ ദുരന്തനിവാരണ ഏജന്‍സികള്‍ക്ക്‌ ലഭിച്ചതെന്നാണ്‌ മനസ്സിലാക്കുന്നത്‌. ഡിസാസ്റ്റര്‍ മാനേജ്മെന്റും ആ അറിയിപ്പിനെ ജാഗ്രതയോടെയല്ല കണ്ടത്‌. ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്തത്‌ കൊണ്ടാണ്‌ ഇത്രയും കാഷ്വാലിറ്റി ഉണ്ടായത്‌. സര്‍ക്കാര്‍ മെഷീനറികള്‍ ചലിപ്പിക്കുന്നതില്‍ തുടക്കത്തില്‍ വീഴ്ച പറ്റിയിട്ടുണ്ട്‌.” സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍ നേതാവ്‌ ടി.പീറ്റര്‍ പറയുന്നു.

ഇന്നും ,ഓഖി ദുരന്തത്തില്‍ കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര മന്ത്രിമാരായ രാജ്നാഥ്‌ സിംഗ്‌,നിര്‍മല സീതാരാമന്‍ എന്നിവരെ കണ്ടശേഷം ന്യൂഡല്‍ഹിയില്‍ വച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്‌ “ചിഴലിക്കാറ്റ്‌ ഉണ്ടാകുമെന്ന വ്യക്തമായ മുന്നറിയിപ്പ്‌ ഉണ്ടായത്‌ മുപ്പതാം തീയതി ഉച്ചയ്ക്കായിരുന്നു” എന്നാണ്‌

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌ കേന്ദ്രത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട്‌ ലഭിച്ച മുന്നറിയിപ്പ്‌ ഗൗരവത്തോടെ സര്‍ക്കാറിനെ അറിയിക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ്‌.അതിന്റെ പൂര്‍ണ ഉത്തരവാദി ദുരന്തനിവാരണ അതോറിട്ടി മെമ്പര്‍ സെക്രട്ടറി ഡോ.ശേഖര്‍ ലൂക്കോസ്‌ കുര്യാക്കോസ്‌ മാത്രവും.

മറ്റു സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന ഐഎഎസ്‌ ഉദ്യോഗസ്ഥര്‍ അലങ്കരിക്കുന്ന ദുരന്തനിവാരണ അതോറിട്ടി മെമ്പര്‍ സെക്രട്ടറി സ്ഥാനം ഡോ.ശേഖര്‍ ലൂക്കോസ്‌ കുര്യാക്കോസ്‌ നേടിയെടുത്തത്‌ ‘കുമാര്‍ഗത്തി’ലൂടെയാണ്‌ . ഉന്നത യു.ഡി.എഫ്‌ നേതൃത്വവുമായി ഏറെ അടുപ്പമുള്ള ഡോ.ശേഖര്‍ ലൂക്കോസ്‌ കുര്യാക്കോസിനെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത്‌ വഴിവിട്ടാണ്‌ ഈ സ്ഥാനത്ത്‌ നിയമിച്ചത്‌(എല്ലാം ശരിയാക്കാന്‍ എത്തിയ പിണറായി ഭരണത്തിലും ഡോ.ശേഖര്‍ ലൂക്കോസ്‌ കുര്യാക്കോസ്‌ തത്സ്ഥാനത്ത്‌ തുടരുന്നതാണ്‌ ഓഖിയേക്കാള്‍ വലിയ ദുരന്തം!)

കേന്ദ്രത്തില്‍ നിന്ന്‌ കിട്ടുന്ന വിവരങ്ങള്‍ വിശകലനം ചെയ്യേണ്ടത്‌ ദുരന്തനിവാരണ അതോറിറ്റിക്ക്‌ കീഴിലുള്ള സ്റ്റേറ്റ്‌ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ആണ്‌. ഇതിന്റെ തലവനും ഡോ.ശേഖര്‍ ലൂക്കോസ്‌ കുര്യാക്കോസാണ്‌. വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ചുള്ള വിവരം നല്‍കുന്നതില്‍ ഇവിടെയാണ്‌ യഥാര്‍ത്ഥത്തില്‍ വീഴ്ച സംഭവിച്ചത്‌.
ഐ.എം.ഡിയില്‍( ഇന്‍ഡ്യ മെറ്റിര്യോളജിക്കല്‍ ഡിപ്പാര്‍ട്ട്മന്റ്‌) നിന്നും ഇന്‍കോസില്‍ ( ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓണ്‍ സിസ്റ്റംസ്‌ എഞ്ചിനിയറിംഗ്‌)നിന്നും ലഭിച്ച വിവരങ്ങളുടെയും മുന്നറിയിപ്പുകളുടെയും അടിസ്ഥാനത്തില്‍ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിക്ക്‌ കഴിഞ്ഞില്ല. ഇതിനും കാരണമുണ്ട്‌.ദുരന്ത നിവാരണ അതോരിറ്റിയുടേയും സ്റ്റേറ്റ്‌ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റേയും ഭരണം മുഴുവന്‍ തന്റെ കാല്‍ക്കീഴിലാക്കി വിലസുകയാണ്‌ ഡോ.ശേഖര്‍ ലൂക്കോസ്‌ കുര്യാക്കോസ്‌.കേന്ദ്രത്തില്‍ നിന്ന്‌ കാലാവസ്ഥ സംഭന്ധമായി കിട്ടുന്ന വിവരങ്ങള്‍ ആദ്യം എത്തുന്നത്‌ ഡോ.ശേഖര്‍ ലൂക്കോസ്‌ കുര്യാക്കോസിനാണ്‌.അദ്ദേഹമാണ്‌ അത്‌ വിശകലനം ചെയ്ത്‌ ബന്ധപ്പെട്ട വകുപ്പുകളെയും സംഘടനകളെയും മാദ്ധ്യമങ്ങളെയും അറിയിക്കുന്നത്‌.ഓഖി ആഞ്ഞു വീശുന്നതിനു മുന്‍പ്‌ തന്നെ ഡോ.ശേഖര്‍ ലൂക്കോസ്‌ കുര്യാക്കോസ്‌ വിദേശത്ത്‌ ശാസ്ത്ര സമ്മേളനത്തിലായിരുന്നു എന്നാണ്‌ ഔദ്യോഗിക വിശദീകരണം.എന്നാല്‍ അദ്ദേഹത്തിന്റെ ഫെയ്സ്‌ ബുക്ക്‌ പോസ്റ്റുകള്‍ പറയുന്നത്‌ മറ്റു ചില വിനോദങ്ങളുടെ കാര്യമാണ്‌

ഡോ.ശേഖര്‍ ലൂക്കോസ്‌ കുര്യാക്കോസിന്റെ അഭാവത്തില്‍ കീഴുദ്യോഗസ്ഥര്‍ക്ക്‌ ഇത്തരം ബുള്ളറ്റിനുകള്‍ കാണാനോ വിശകലനം ചെയ്യാനോ വിവിധ വകുപ്പുകള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കാനോ ഉള്ള സ്വാതന്ത്ര്യം ഡോ.ശേഖര്‍ ലൂക്കോസ്‌ കുര്യാക്കോസ്‌ നല്‍കിയിട്ടില്ല. ഓഖി ആഞ്ഞു വീശിക്കഴിഞ്ഞപ്പോള്‍ സില്‍ബന്ധികള്‍ അദ്ദേഹത്തെ വിവരമറിയിച്ചപ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്ന്‌ രക്ഷപെടാന്‍ ഡോ.ശേഖര്‍ ലൂക്കോസ്‌ കുര്യാക്കോസ്‌ നല്‍കിയ വിശദീകരണമാണ്‌
“കേന്ദ്രത്തില്‍ നിന്ന്‌ ലഭിച്ചത്‌ സ്ഥിരം കിട്ടുന്ന മുന്നറിയിപ്പ്‌ മാത്രമാണ്‌” എന്നത്‌!
തങ്ങളുടെ പരാജയം മറച്ചുവയ്ക്കാന്‍ അതു പറഞ്ഞ്‌ ഡോ.ശേഖര്‍ ലൂക്കോസ്‌ കുര്യാക്കോസും സില്‍ബന്ധികളും മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി ഇത്‌ വാര്‍ത്താസമ്മേളനത്തില്‍ തുറന്നുപറഞ്ഞതോടെ ജനരോഷം പടരുന്നതിന്‌ അതുംകാരണമായി.

നേരത്തെ ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ മെമ്പര്‍ ,ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറിയായിരുപ്പോള്‍ വകുപ്പു തലവന്‍ കൂടിയായ കമ്മീഷണറാണ്‌ കളക്ടര്‍മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിരുന്നത്‌. ഡോ.ശേഖര്‍ ലൂക്കോസ്‌ കുര്യാക്കോസ്‌ മെമ്പര്‍ സെക്രട്ടറിയായതോടെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്‌.കുര്യന്‍ വഴിയായിരുന്നു ഓപ്പറേഷന്‍.സത്യത്തില്‍ സംഭവം നടന്ന ദിവസം കുര്യന്‍ അവധിയിലായിരുന്നു. ദുരന്തനിവാരണ കാര്യത്തിന്‌ അദ്ദേഹം മറ്റാരെയും ചുമതലപ്പെടുത്തിയിരുന്നുമില്ല.

സംസ്ഥാന മുഖ്യമന്ത്രി ചെയര്‍മാനും റവന്യൂ മന്ത്രി വൈസ്‌ ചെയര്‍മാനുമായ അതോറിറ്റിയില്‍ ചീഫ്‌ സെക്രട്ടറി, ഹോം, റവന്യൂ സെക്രട്ടറിമാരും പിന്നെ മെമ്പര്‍ സെക്രട്ടറി ഡോ.ശേഖര്‍ ലൂക്കോസ്‌ കുര്യാക്കോസും മാത്രമാണുള്ളത്‌. ദുരന്തനിവാരണത്തില്‍ വിദഗ്ദ്ധരായ ഒരൊറ്റ ശാസ്ത്രജ്ഞന്‍ പോലുമില്ല.

ഡോ.ശേഖര്‍ ലൂക്കോസ്‌ കുര്യാക്കോസിനെ മെമ്പര്‍ സെക്രട്ടറി പദവിയിലേക്ക്‌ കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചതാകട്ടെ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ തൊട്ടുമുമ്പാണ്‌.ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ മെമ്പര്‍ സെക്രട്ടറി സ്ഥാനത്ത്‌ നിന്ന്‌ മാറിയതോടെ റവന്യൂ വകുപ്പിന്‌ ഈ അതോറിട്ടിയിലുണ്ടായിരുന്ന നിയന്ത്രണവും ഇല്ലാതായി.

ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറിയായി ഡോ.ശേഖര്‍ ലൂക്കോസ്‌ കുര്യാക്കോസ്‌ വന്ന ‘വഴിവിട്ട വഴി’ഇങ്ങനെയാണ്‌
1. 2011ല്‍ റവന്യൂ ജീവനക്കാര്‍ക്കുള്ള പഠന സ്ഥാപനമായ യു.എന്‍.ഡി.പി യുടെ പ്രോജക്ടില്‍ ആദ്യ നിയമനം. വിദേശത്തായിരുന്ന മറ്റ്‌ നാലപേക്ഷകര്‍ക്ക്‌ അറിയിപ്പ്‌ കിട്ടിയത്‌ അഭിമുഖത്തിന്റെ തലേദിവസം. ഇതിന്റെ പിറകില്‍ സ്വജനപക്ഷപാതവും ഗൂഢാലോചനയുമുണ്ട്‌. പിന്നീട്‌ അസോസിയേറ്റ്‌ പ്രൊഫസറായി നിയമനം,യു.ജി.സി മാനദണ്ഡങ്ങള്‍ പ്രകാരമുളള യോഗ്യത ഇല്ലാതെ! സെലക്ഷന്‍ കമ്മിറ്റികളൊന്നും കൂടിയല്ല ഈ നിയമനം എന്നുമോര്‍ക്കണം.
2. 2012 ഡോ.ശേഖര്‍ ലൂക്കോസ്‌ കുര്യാക്കോസിന്‌ വേണ്ടി അദ്ദേഹം തലവനായി സ്റ്റേറ്റ്‌ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ രൂപീകരിക്കുന്നു. ഇത്‌ നിലവിലുള്ള അസോസിയേറ്റ്‌ പ്രൊഫസര്‍ഷിപ്പിന്റെ ബലത്തില്‍.
3. 2013 ഒരു വര്‍ഷത്തേക്ക്‌ കൂടി കരാര്‍ കാലാവധി നീട്ടി നല്‍കുന്നു.
4. 2014ല്‍ നിയമനം സ്ഥിരമാക്കുന്നു.
5. 2016ല്‍ മറ്റുള്ളവര്‍ക്കു കൂടി മത്സരിക്കാന്‍ അവസരം നല്‍കാതെ ഡോ.ശേഖര്‍ ലൂക്കോസ്‌ കുര്യാക്കോസിനെ നിയമവിരുദ്ധമായി മെമ്പര്‍ സെക്രട്ടറിയാക്കുന്നു. ആദ്യം ധനവകുപ്പ്‌ എതിര്‍ക്കുന്നു.പിന്നെ അനുകൂലിക്കുന്നു

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തലവനായി ഇരിക്കാന്‍ ഒരു യോഗ്യതയുമില്ലാത്ത ഡോ.ശേഖര്‍ ലൂക്കോസ്‌ കുര്യാക്കോസ്‌ പിണറായി ഭരണത്തിലും ആ സ്ഥാനത്ത്‌ തുടരുന്നുണ്ടെങ്കില്‍,അതിനു പിന്നിലെ സ്വജനപക്ഷപാതത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയനു മാത്രമാണ്‌,കാരണം അദ്ദേഹമാണ്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍!

ജേക്കബ്‌ തോമസിനെ പോലെ കാര്യപ്രാപ്തിയും ആര്‍ജവവും അഴിമതി വിരുദ്ധതയും മുഖമുദ്രയാക്കിയ ഉദ്യോഗസ്ഥരെ മുഴുവന്‍ ‘ശരിയാക്കിയ’പിണറായിക്ക്‌ എന്തു കൊണ്ടാണ്‌ ഡോ.ശേഖര്‍ ലൂക്കോസ്‌ കുര്യാക്കോസ്‌ എന്ന ഉഡായിപ്പ്‌ പ്രിയങ്കരനാകുന്നത്‌?ഈ പ്രിയങ്കരത്വത്തിന്‌ കേരളം കൊടുക്കേണ്ടി വന്ന വലിയ വിലയാണ്‌ ഓഖി ചുഴലിക്കാറ്റില്‍ പൊലിഞ്ഞ മത്സ്യത്തൊഴിലാളി ജീവിതങ്ങള്‍…ഇനിയും കടലില്‍ നിന്ന്‌ തിരിച്ചെത്താവര്‍…തീരത്തിനിയുമടങ്ങാതെയുയരുന്ന അലമുറകള്‍..

(മാധ്യമ പ്രവർത്തകനും
ആക്റ്റിവിസ്റ്റുമാണ് ടൈറ്റസ്‌ കെ.വിളയിൽ)