ഓഖി : ഒരു മൃതദേഹം കൂടി കണ്ടെത്തി

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോസ്റ്റ്ഗാര്‍ഡ് നടത്തിയ തെരച്ചിലിലാണ് വൈപ്പിനില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഫിഷറീസിന്റെ ബോട്ടില്‍ രാത്രിയോടെ വൈപ്പിനില്‍ എത്തിക്കും. കൊച്ചിയില്‍ നിന്നും 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 41 ആയി. ഇതിൽ 32 പേരുടെ മൃതദേഹങ്ങൾ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇനി ഒൻപതു മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്.
ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 40 ആയി. ഇതിൽ 32 പേരുടെ മൃതദേഹങ്ങൾ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇനി എട്ടു മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്.

അതേസമയം, തിരച്ചിലിന് അയൽരാജ്യങ്ങളുടെ സഹായം തേടുന്നതുൾപ്പെടെ, ഓഖി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധമന്ത്രി നിർമല സീതാരാമൻ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്.

ഓഖി ദുരന്തത്തിൽപ്പെട്ടവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തോലിക്കാ സഭ ഇന്നു പ്രാർത്ഥനാ ദിനമായി ആചരിക്കുകയാണ്. പള്ളികളിൽ പ്രത്യേക ശുശ്രൂഷകളും മരിച്ചവർക്കു വേണ്ടിയുള്ള അനുസ്മരണവും സംഘടിപ്പിച്ചു. പൂന്തുറ സെന്റ് തോമസ് പള്ളിയിൽ മലങ്കര കത്തോലിക്കാ സഭാ തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസാണ് തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്.
അതേസമയം ദുരന്തത്തെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയ 185 മത്സ്യത്തൊഴിലാളികള്‍ കൊച്ചിയിലെത്തി. 15 ബോട്ടുകളിലായാണ് ഇവര്‍ തിരിച്ചെത്തിയത്. അവശരായ 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘത്തിൽ 26 മലയാളികളാണുള്ളത്. മറ്റുള്ളവര്‍ തമിഴ്‌നാട്ടുകാരും. ബാക്കിയുള്ളവരിൽ ഏറെപ്പേരും തമിഴ്നാട്ടുകാരാണ്. അതേസമയം, ലക്ഷദ്വീപിൽ കുടുങ്ങിയ കൂടുതല്‍ പേര്‍ ഇന്ന് കൊച്ചിയിലെത്തും.

കൊച്ചിയില്‍ നിന്ന് പോയ 10 ബോട്ടുകള്‍ തകര്‍ന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. 30 ബോട്ടുകളെക്കുറിച്ചു വിവരമില്ല. ‘ഓഖി’ ചുഴലിക്കാറ്റിനു മുൻപ് ഇവിടെനിന്ന് കടലിൽ പോയിരുന്നത് 217 ബോട്ടുകളാണ്. അതിനിടെ ഒരു ബോട്ടിന്റെ അവശിഷ്ടം കെട്ടിവലിച്ച് കൊച്ചിയിലെത്തിച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരത്ത് നിന്നുള്ള 79 മത്സ്യത്തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി.