പി.വി.അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങള്‍ അന്വേഷിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍

തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങള്‍ അന്വേഷിക്കുമെന്ന് തൊഴില്‍മന്ത്രി ടി.പി.രാമകൃഷ്ണന്‍. തൊഴിലുടമകള്‍ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

തൊഴില്‍ നിയമലംഘനങ്ങളെക്കുറിച്ചാണ് അന്വേഷണം നടത്തുക. പരാതി ലഭിച്ചിട്ടില്ലെന്നും നടപടി വാര്‍ത്തകളുടെ അടിസ്ഥാനത്തിലെന്നും മന്ത്രി വിശദീകരിച്ചു.

മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ പി.വി.അന്‍വര്‍ അനധികൃതമായി നിര്‍മിച്ച തടയണ പൊളിക്കാന്‍ ആര്‍ഡിഒ കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മിച്ചതെന്ന് പെരിന്തല്‍മണ്ണ ആര്‍ഡിഒ മലപ്പുറം കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തു. തടയണയുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ഉള്‍പ്പെടുത്തി കലക്ടര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

അതേസമയം പി.വി.അന്‍വറിനെ വീണ്ടും ന്യായീകരിച്ച് കൂടരഞ്ഞി പഞ്ചായത്ത് രംഗത്തെത്തി. പി.വി.അന്‍വറിന്റെ പാര്‍ക്കിന് അനുമതി നല്‍കിയതില്‍ വീഴ്ചയില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് ഭരണസമിതിക്ക് വീഴ്ച സംഭവിച്ചു എന്ന് തെളിയിക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. കോഴിക്കോട് ഡിസിസിക്കും പഞ്ചായത്ത് തെറ്റ് ചെയ്തുവെന്ന് പറയാന്‍ പറ്റില്ല. ഈ മാസം 20ന് കോണ്‍ഗ്രസ് നടത്തുന്ന സമരം പഞ്ചായത്തിനെതിരെയല്ല. അന്‍വറിന്റെ വിഷയത്തില്‍ കൂടരഞ്ഞി പഞ്ചായത്ത് ശരിയുടെ പക്ഷത്താണെന്നും വൈസ് പ്രസിഡന്റ് നസീര്‍ പറഞ്ഞു.

അതേസമയം പി.വി.അന്‍വറിന്റെ തൊഴില്‍ നിയമലംഘനത്തിലും അന്വേഷണം നടത്തും.പാര്‍ക്കിലെ  തൊഴിലാളികള്‍ക്ക് ആനുകൂല്യം നിഷേധിച്ചതാണ് അന്വേഷിക്കുക. പി.എഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങളാണ് നിഷേധിച്ചത്. ഇഎസ്‌ഐ കോര്‍പ്പറേഷനും പിഎഫ് ഓര്‍ഗനൈസേഷനും അന്വേഷിക്കും.

അതേസമയം പി.വി.അന്‍വര്‍ എം.എല്‍.എ കക്കാടംപൊയിലില്‍ നിര്‍മ്മിച്ച റോപ് വേ പൊളിച്ചു മാറ്റുന്ന കാര്യത്തില്‍ തീരുമാനമില്ല. പഞ്ചായത്തിന്റെ പോലും അനുമതിയില്ലാതെയാണ് റോപ്പ്‌വേ ടവറുകള്‍ നിര്‍മ്മിച്ചത്.

തടയണ മാത്രമല്ല, തൊട്ടു ചേര്‍ന്ന് നിര്‍മിച്ച റോപ് വേയും അനധികൃതമാണന്ന് കണ്ടെത്തിയിട്ടുണ്ട്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് റോപ്‌വേ ടവറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2015ല്‍ തടയണ നിര്‍മാണത്തിന് ജില്ലാ കലക്ടറായിരുന്ന ടി. ഭാസ്‌ക്കരന്‍ സ്റ്റാപ്പ് മെമ്മോ നല്‍കിയിരുന്നു.

എന്നാല്‍ തടയണ നിര്‍മാണം നിര്‍ത്താനുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് മറികടന്നാണ് റോപ് വേ നിര്‍മ്മാണം തുടങ്ങിയത്. ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ കൂടി അനുമതി വാങ്ങിയില്ലെന്ന വിവാദം ഉയര്‍ന്ന ശേഷമാണ് നിര്‍മ്മാണാനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചത്. തടയണക്ക് കുറുകെ രണ്ടു മലകളുടെ മൂന്നു കരകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് റോപ് വേ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയാക്കിയത്. അതീവ പരിസ്ഥിതി ലോല മേഖലയിലാണ് ടവറുകളില്‍ റോപ് വേ നിര്‍മാണം നടത്തിയിരിക്കുന്നത്.