ദുരന്തബാധിതരുടെ രാജ്ഭവൻ മാര്‍ച്ച് :തലസ്ഥാനത്ത് കനത്ത പൊലീസ് സുരക്ഷ

തിരുവനന്തപുരം: ഓഖി ദുരന്തബാധിതര്‍ തിങ്കളാഴ്ച ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് നടത്തുന്ന മാര്‍ച്ചിനോട് അനുബന്ധിച്ച് വന്‍ പൊലീസ് സന്നാഹത്തെ തലസ്ഥാനത്ത് നിയോഗിക്കും.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. സായുധ പൊലീസ് ഉള്‍പ്പെടെ സുരക്ഷക്കായി രംഗത്തുണ്ടാകും.
സമാധാനപരമായി പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവസരം സമരക്കാര്‍ക്കുണ്ടാകുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്.ഏറ്റവും വൈകാരികമായ അന്തരീക്ഷത്തില്‍ നടക്കുന്ന പ്രതിഷേധ സമരം സര്‍ക്കാറിനെതിരായി തിരിച്ച് വിടാന്‍ ബോധപൂര്‍വ്വമായ ഇടപെടല്‍ ചില കേന്ദ്രങ്ങള്‍ തുടക്കം മുതല്‍ നടത്തി വരുന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പ്രതിപക്ഷത്തെ ചിലരുടെ ഇടപെടല്‍ ഉണ്ടായെന്ന സി.പി.എം ആരോപണം ഇക്കാര്യം മുന്‍നിര്‍ത്തിയായിരുന്നു.
ഈ സാഹചര്യത്തില്‍ രാജ്ഭവന്‍ മാര്‍ച്ചില്‍ കുഴപ്പങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ‘ശ്രദ്ധ’ വേണമെന്ന ആവശ്യം ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യത്തെ കണ്ട മന്ത്രിമാരും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇതിനിടെ രാജ്ഭവന്‍ മാര്‍ച്ചിനു ശേഷം ശവശരീരങ്ങളുമായി സെക്രട്ടറിയേറ്റ് വളയണമെന്ന ആവശ്യത്തില്‍ സഭാനേതൃത്വത്തില്‍ തന്നെ ഭിന്നാഭിപ്രായം ഉടലെടുത്തതായ വിവരവും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.
ആര്‍ച്ച് ബിഷപ്പ് സൂസപാക്യം അടക്കമുള്ള ഒരു വിഭാഗം ഇത്തരമൊരു സമരരീതിയെ അനുകൂലിക്കുന്നില്ലന്നാണ് ലഭിക്കുന്ന സൂചന.
ആദ്യം സെക്രട്ടറിയേറ്റ് ലക്ഷ്യമാക്കി പ്രഖ്യാപിക്കാനിരുന്ന മാര്‍ച്ച് ഗവര്‍ണ്ണറുടെ വസതിയിലേക്ക് മാറ്റിയതില്‍ കടുത്ത അതൃപ്തിയുള്ള ഒരു വിഭാഗമാണ് രണ്ടാം ഘട്ട സമരം സെക്രട്ടറിയേറ്റ് വളയലാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നത്.
അതേസമയം ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 42 ആയി. ഇതില്‍ 32 പേരുടെ മൃതദേഹങ്ങള്‍ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇനി പത്ത് മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്.

ചെറുബോട്ടുകളില്‍ കടലില്‍ പോയ 95 പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍ തിരുവനന്തപുരത്തുനിന്ന് മല്‍സ്യബന്ധനത്തിനു പോയ 285 പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് കേരള റീജന്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) അവകാശപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഖി ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കണം. ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം, സൈനികവിമാനങ്ങള്‍ ഉപയോഗിക്കണം തുടങ്ങിയവയാണ് കെആര്‍എല്‍സിസിയുടെ പ്രധാന ആവശ്യങ്ങള്‍.ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ദുരന്തബാധിതപ്രദേശങ്ങളില്‍ പ്രധാനമന്ത്രി എത്തണമെന്ന ആവശ്യത്തലേക്ക് സഭ എത്തിയത്.

സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന അഭ്യര്‍ത്ഥന ലത്തീന്‍ അതിരൂപത അധികൃതരോട് പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയിട്ടുണ്ട്.അതേ സമയം പ്രതിഷേധ സമരത്തില്‍ നുഴഞ്ഞ് കയറി കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ബാഹ്യശക്തികള്‍ ശ്രമിച്ചാല്‍ അതിനെ കര്‍ശനമായി നേരിടുമെന്ന നിലപാടില്‍ തന്നെയാണ് പൊലീസ്.