രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍; 16ന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി:കോണ്‍ഗ്രസില്‍ ഇനി രാഹുല്‍യുഗം. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിലവിലെ ഉപാധ്യക്ഷനായ രാഹുല്‍ഗാന്ധിക്കെതിരേ ആരും മല്‍സരിക്കാതിരുന്നതോടെ അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

തെരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതായും രാഹുലിനെ അധ്യക്ഷനായി തെരഞ്ഞെടുത്തതായും അറിയിച്ചത്. രാഹുല്‍ ഈ മാസം 16 ന് സ്ഥാനമേറ്റെടുക്കും.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായത്. രാഹുല്‍ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച 89 പത്രികകളാണ് മുല്ലപ്പള്ളി രാമചന്ദ്രനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. 16ന് സോണിയ ഗാന്ധി എഐസിസിയെ അഭിസംബോധന ചെയ്യുന്നതിനു പിന്നാലെ രാഹുൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും. നാലു തവണയോളം മാറ്റിവച്ച നടപടിക്രമമാണ് ഇതോടെ പൂര്‍ത്തിയായത്. കോണ്‍ഗ്രസില്‍ വലിയ മാറ്റത്തിന് ഇത് തുടക്കമിടുമെന്നാണ് വിലയിരുത്തല്‍.

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ അധികാരമേറ്റെടുക്കുന്നതിനാല്‍ പ്രാധാന്യം ഏറെയാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ അത് രാഹുലിന്റെ മികവായിട്ടായിരിക്കും വിലയിരുത്തപ്പെടുക.

അതേസമയം 19 വർഷത്തിനു ശേഷമുള്ള അധ്യക്ഷസ്ഥാന മാറ്റം ആഘോഷമാക്കാനാണ്  കോണ്‍ഗ്രസിന്റെ തീരുമാനം.  സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസിന്റെ 17ആമത്തെ അധ്യക്ഷനാകുകയാണ് രാഹുല്‍ ഗാന്ധി. ഇതോടെ കോണ്‍ഗ്രസിൽ പ്രധാനപ്പെട്ട തലമുറമാറ്റത്തിനാണ് വഴിതെളിയുന്നത്.  1929ൽ ലഹോറിലെ കോൺഗ്രസ് സമ്മേളനത്തിലാണു പ്രസിഡന്റ് മോട്ടിലാൽ നെഹ്റുവിൽനിന്നു പുത്രനായ ജവാഹർലാൽ നെഹ്റു അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. 1929 ഡിസംബറിലെ ലഹോർ സമ്മേളനത്തിലാണു കോളനി പദവിയുടെ കാലം കഴിഞ്ഞതിനാൽ കേന്ദ്രത്തിലെയും പ്രവിശ്യകളിലെയും അംഗങ്ങളോടു രാജിവയ്ക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടത്.

പത്തൊന്‍പത് വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെത്തുന്നത്. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തോടൊപ്പം ഇഴചേര്‍ന്ന പാരമ്പര്യമുള്ള കോണ്‍ഗ്രസിന്റെ അധ്യക്ഷപദവി പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കുടുംബത്തിലെ മൂന്നാംതലമുറയിലേക്കു കൂടി എത്തിയിരിക്കയാണ് രാഹുലിന്റെ സ്ഥാനാരോഹണത്തിലൂടെ.  കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ഒരു യുവാവ് കോണ്‍ഗ്രസിന്റെ തലപ്പത്തെത്തുന്നത്. ഇന്ദിരാഗാന്ധിയുടെ മരണ ശേഷം രാജീവ് ഗാന്ധി സ്ഥാനമേല്‍ക്കുമ്പോള്‍ 41 വയസ്സായിരുന്നു പ്രായം. 1991ല്‍ മരിക്കുന്നതുവരെ അദ്ദേഹം സ്ഥാനത്തു തുടര്‍ന്നു. രാഹുലിന് 47 വയസ്സാണ് പ്രായം.