ചാനല്‍ ചര്‍ച്ചയില്‍ മുഖം മിനുക്കാന്‍ സ്വന്തമായി സ്റ്റുഡിയോ സെറ്റ് ചെയ്ത് സി.പി.എം യുവ എം.എല്‍.എ

കണ്ണൂര്‍: ചാനല്‍ ചര്‍ച്ചയ്‌ക്കെതിരേ സി.പി.എം നേതൃത്വം കടുത്ത വിമര്‍ശനം ഉന്നയിക്കുമ്പോഴും യുവ എം.എല്‍.എ ചാനല്‍ ചര്‍ച്ചയില്‍ മുഖം മിനുക്കാന്‍ ഓഫിസില്‍ സെറ്റ് ചെയ്തിരിക്കുന്നത് സ്വന്തമായി സ്റ്റുഡിയോ. തലശേരി എം.എല്‍.എയും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ടുമായ എ.എന്‍ ഷംസീറാണ് താന്‍ പ്രസിഡണ്ടായ തലശേരി സഹകരണ ആശുപത്രില്‍ മനോഹരമായ സ്റ്റുഡിയോ സെറ്റ് ചെയ്തിരിക്കുന്നത്.ഈ വാർത്ത പുറത്തുവിട്ടത് സുപ്രഭാതം ദിനപത്രമാണ് .

ഈ സ്റ്റുഡിയോയില്‍ ഇരുന്നാണ് എം.എല്‍.എ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുക. ഹാലജന്‍ ബള്‍ബുകളും മനോഹരമായ ചുവന്ന ബാക്ക്‌ട്രോപ്പുമാണ് പ്രസിഡണ്ടിന്റെ മുറിയില്‍ സെറ്റ് ചെയ്തിരിക്കുന്നത്. പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ കയറാതിരിക്കാനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. എം.എല്‍.എ പങ്കെടുക്കുന്ന ചര്‍ച്ച കാണുന്ന ഏതൊരാള്‍ക്കും ചാനല്‍ സ്റ്റുഡിയോയില്‍ തന്നെ ഇരുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പ്രതീതി തന്നെയാണുണ്ടാകുക.
ചാനല്‍ ചര്‍ച്ചയില്ലാത്ത സമയങ്ങളില്‍ ബാക്‌ട്രോപ്പ് കര്‍ട്ടന്‍ കൊണ്ട് മറച്ചു സാധാരണ പ്രസിഡണ്ടിന്റെ ഓഫിസ് പോലെയാക്കും.

ഒരു ചാനലിന്റെയും ഓഫിസിലോ സ്റ്റുഡിയോയിലോ എത്തി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്ത എം.എല്‍.എ സ്വന്തം ഓഫിസില്‍ എല്ലാ സൗകര്യവുമൊരുക്കിയത് ചാനല്‍ അധികൃതര്‍ക്കും സൗകര്യമായിട്ടുണ്ട്.

എന്നാല്‍ എം.എല്‍.എയുടെ ചാനല്‍ ചര്‍ച്ചക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഫസല്‍ വധക്കേസില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം കാരായി രാജനേയും തലശേരി ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനേയും സി.ബി.ഐ അറസ്റ്റു ചെയ്തതതോടെയാണ് എം.എല്‍.എയ്ക്ക് സ്ഥിരമായി ചാനല്‍ ചര്‍ച്ചയില്‍ ഇടം കിട്ടിയത്. സ്ഥിരമായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെയാണ് സ്വന്തമായി സ്റ്റുഡിയോ സെറ്റ് ചെയ്യാമെന്ന ആലോചന നടന്നതും.

കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും കാര്യത്തില്‍ സി.പി.എം നേതൃത്വം കാര്യമായി ഇടപെടുന്നില്ലെന്ന വിമര്‍ശനം കഴിഞ്ഞ ദിവസം നടന്ന സി.പി.എം തലശേരി ഏരിയാ സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് യുവ എം.എല്‍.എയുടെ നിലപാടുകള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ചര്‍ച്ചയാക്കുന്നതും.