കാപട്യങ്ങളുടെ കളരി

പി.ഓ.മോഹൻ

പാലാക്കാർ ഓർത്തോർത്ത് ചിരിക്കുന്ന ഒരു കഥയുണ്ട്… കെട്ടുകഥയല്ല, സംഭവകഥ തന്നെ.
ഏഴെട്ടു വർഷം മുമ്പാണ്. ഭരണങ്ങാനത്തെ ഒരു പുരാതന കൃസ്ത്യൻ കുടുംബത്തിലെ 90 വയസു പിന്നിട്ട ഒരമ്മച്ചി അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ കുറച്ചു നാളായി കിടപ്പിലായിരുന്നു അവർ. വിവരമറിഞ്ഞ് നാട്ടിലും വെളിനാട്ടിലും പാർക്കുന്ന മക്കളും പേരമക്കളും ബന്ധുമിത്രാദികളുമൊക്കെ പറന്നെത്തി.
അടുത്ത ദിവസമാണ് സംസ്കാരം. പുരോഹിത സംഘത്തിന്റെ പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ശേഷം മൃതദേഹം പള്ളിയിലേയ്ക്ക് എടുക്കേണ്ട സമയമായി. നാട്ടുകാരും ബന്ധുക്കളും പൗരപ്രമുഖരുമടക്കം നൂറുകണക്കിനാളുകൾ വീട്ടിലും പരിസരത്തുമായി ശോകമൂകരായി നിൽക്കുന്നു. ആളും ആരവങ്ങളും നിറഞ്ഞ ആ വീടിനു മുന്നിലേയ്ക്ക് ഒരു കാർ പാഞ്ഞു വന്നു നിന്നു. കാറിൽ നിന്ന് ദുഃഖം തളം കെട്ടി നിൽക്കുന്ന മുഖവും നിറകണ്ണകളുമായി സാക്ഷാൽ മാണിസാർ ഇറങ്ങി വന്നു. പെട്ടെന്ന് ഒരനുയായി വൃന്ദം അദ്ദേഹത്തിനു ചുറ്റും കൂടി.
വീട്ടിലെ വിശാലമായ ഹാളിലേയ്ക്ക് അവർ അദ്ദേഹത്തെ ആനയിച്ചു. തിങ്ങിനിറഞ്ഞു നിന്ന ആളുകൾ വഴിമാറി. മൃതദേഹത്തിനടുത്തെത്തിയ നേതാവ് പിന്നിൽ നിന്ന ഖദർധാരിയുടെ കയ്യിൽ നിന്നു റീത്തു വാങ്ങി മൃതദേഹത്തിൽ വച്ചതും പരിസരം മറന്ന് പൊട്ടിക്കരഞ്ഞും ഒന്നിച്ചായിരുന്നു.
കണ്ടു നിന്ന ചിലർ കണ്ണീരൊപ്പി… മറ്റുചിലർ മുഖാമുഖം നോക്കി. വേറേചിലർ നിഗൂഢമായി പുഞ്ചിരിച്ചു; ഇതുപോലെ എത്ര നാടകങ്ങൾക്ക് ദൃക്സാക്ഷികളായിട്ടുണ്ട് എന്നായിരുന്നു അവരുടെ ഭാവം.

നേതാവിന്റെ ദുഃഖപ്രകടനം അതിരുവിടുന്നു എന്നു തോന്നിയതോടെ മക്കളിൽ ഇളയവൻ അദ്ദേഹത്തിന്റെ ചുമലിൽ മെല്ലെ തൊട്ടുവിളിച്ചു കൊണ്ടു ചോദിച്ചു:
“അല്ല മാണിസാറേ, ഞങ്ങടമ്മച്ചിയല്ലേ മരിച്ചത്… മാണിസാറിന്റമ്മച്ചിയല്ലല്ലോ…?”
അദ്ദേഹം പെട്ടെന്ന് ആ മകനെ കെട്ടിപ്പിടിച്ചു കൊണ്ട് വിതുമ്പി:
“എന്നാലും തോമാച്ചാ, മറിയാമ്മച്ചി നമ്മളെയെല്ലാം വിട്ടേച്ചു പോയല്ലോടാ…”
പിന്നേ… അരനൂറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിന്ന സാക്ഷാൽ മാണിസാറിനോടാ കളി…
എത്ര കൃത്യമായ തിരക്കഥ… എത്ര സ്വാഭാവികമായ അഭിനയം.
മുമ്പ് മാണിസാറിന്റെ ഡ്രൈവറായിരുന്ന ഒരു കുഞ്ഞേട്ടനുണ്ട്. കട്ടപ്പനക്കാരനാണ്. കേരളാ കോൺഗ്രസ് ചെയർമാനായിരുന്ന വി.ടി.സെബാസ്റ്റ്യന്റെ ഡ്രൈവറായിരുന്നു ആദ്യം.

മാണിസാറിന്റെ അഭിനയ ചാതുര്യത്തെക്കുറിച്ച് ആയിരകണക്കിനു കഥകൾ പറയാനുണ്ട് ഈ കുഞ്ഞേട്ടന്. ഇലക്ഷൻ പ്രചരണ പരിപാടികളിലും പ്രസംഗവേദികളിലുമൊക്കെ കാഴ്ചവയ്ക്കുന്ന അസാധാരണ മെയ് വഴക്കത്തേക്കുറിച്ച്…
‘ദി കിംഗ്’ എന്ന ചിത്രത്തിൽ രഞ്ജിപണിക്കർ വരച്ചിട്ട ഒരു കഥാപാത്രമുണ്ട്… നടൻ മുരളി ജീവൻ പകർന്ന ജയകൃഷ്ണൻ…!
ഈ ജയകൃഷ്ണന്റെ തനിയാവർത്തനങ്ങളാണ് ജനകീയതയുടെ മുഖംമൂടിയണിഞ്ഞു നടക്കുന്ന പല നേതാക്കന്മാരും. കോൺഗ്രസിന്റെ കളരിയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമൊക്കെ എടുത്ത്, കാപട്യത്തിന്റെ പതിനെട്ടടവും പാസ്സായിട്ടാണ് ഇവരത്രയും കളത്തിലിറങ്ങുന്നത്.
മാധ്യമങ്ങളെ പാട്ടിലാക്കാനായി ഈ വിരുതന്മാർ പ്രയോഗിക്കുന്ന ചെപ്പടിവിദ്യകൾ ഏറെയുണ്ട്. പത്ര- ദൃശ്യമാധ്യമങ്ങളിലെ കീ പോസ്റ്റുകളിലിരിക്കുന്നവരുമായി സുദൃഢമായ ബന്ധമുണ്ടാക്കുകയാണ് ആദ്യത്തെ തന്ത്രം.

അവരെ പ്രീണിപ്പിച്ചു കഴിഞ്ഞാൽപ്പിന്നെ ബാക്കിയെല്ലാം എളുപ്പം. സാധാരണ, കാറ്റും മഴയും ചുഴലിയുമൊക്കെ ഇവരെ ബാധിക്കാതെ മാധ്യമങ്ങൾ തന്നെ സംരക്ഷിച്ചു നിർത്തിക്കൊള്ളും. ബാർ കോഴയോ സോളാറോ പോലുള്ള ‘ഓഖി’ ചുഴലിക്കാറ്റുകൾ ആഞ്ഞടിക്കുമ്പോഴാണ് ഈ മാധ്യമ മഹാരഥന്മാർ നിസ്സഹായരായിപ്പോകുക.
കുഞ്ഞൂഞ്ഞിനെ അമരത്തുവാഴിക്കാനായി അരയും തലയും മുറുക്കി ഇറങ്ങിയ മാധ്യമ മുത്തശ്ശിമാർ തന്നെ, ഒരു കൊടുങ്കാറ്റിലും ചുവടു പതറാതെ അദ്ദേഹത്തെ താങ്ങി നിർത്തിയതും മലയാളികളുടെ മുന്നിലുണ്ട്… അതിനേക്കാളൊക്കെ ഉപരി, സഭയുടേതും സമുദായത്തിന്റെയും ഉറച്ച പിന്തുണ. പിന്നെ അപദാനങ്ങൾ വാഴ്ത്താൻ തിരുവനന്തപുരത്ത് ഡോ.ബാബു പോൾ മുതൽ കോട്ടയത്തേ ചന്തക്കടവിലെ മുറുക്കാൻ കടക്കാരൻ കറിയാച്ചൻ വരെ…

ഈ കളിയിൽ പക്ഷേ സ.പിണറായി വിജയനു വിജയം നേടാനാവില്ല. സ്വന്തം സത്യസന്ധതയാണ് അദ്ദേഹത്തിന്റെ വഴികാട്ടി. ആത്മാർത്ഥതയാണ് കൈമുതൽ. ‘ദി കിംങ്’ലെ ജയകൃഷ്ണനെപ്പോലെ ചേരിയിലെ കുട്ടിയുടെ മൂക്കു പിഴിയാനും പിന്നെ ശാപവചസ്സുകളുരുവിട്ടു കൊണ്ട് ഡെറ്റോളിൽ കൈകഴുകാനും സ. പിണറായിക്കറിയാമെന്നു തോന്നുന്നില്ല. പബ്ലിസിറ്റി സ്റ്റണ്ടിനു വേണ്ടി തറവേലകൾ കാണിക്കുന്ന പാരമ്പര്യവും അദ്ദേഹത്തിനില്ല.

രാഷ്ട്രീയ പ്രവേശനത്തിന്റെ തുടക്കം മുതൽ മാധ്യമങ്ങൾ അദ്ദേഹത്തെ തെരഞ്ഞു പിടിച്ചു വേട്ടയാടുകയാണ്. രാഷ്ട്രീയമായ ആക്രമണമല്ല വ്യക്തിഹത്യയാണു നടക്കുന്നത്. എല്ലാ അസ്ത്രങ്ങളുമൊഴിഞ്ഞതോടെ അവസാന പ്രതീക്ഷയായി എസ്.എൻ.സി ലാവ് ലിൻ കേസ്സിൽ അദ്ദേഹം അകത്താകുമെന്ന് മനപ്പായസമുണ്ടിരിക്കുകയാണ് ചില ‘മാധ്യമ ന്യായാധിപന്മാർ’.
സ. പിണറായിയെ പിന്തുണയ്ക്കാൻ ഒരു സഭയും സമുദായവുമില്ല. വീരകൃത്യങ്ങൾ പാടിപ്പുകഴ്ത്താൻ പാണന്മാരുമില്ല.

ഈ സർക്കാർ അധികാരമേറ്റ കാലത്ത് ഞാൻ സുഹൃത്തുക്കളുമായി പങ്കുവച്ച ഒരു തമാശയുണ്ട്: ഭരണസാരഥികളിൽ ചിലർ പുതുപ്പള്ളിയിലോ പാലായിലോ പോയി ഒരു ഹ്രസ്വകാല കോഴ്സിൽ ചേരുന്നത് നന്നായിരിക്കുമെന്ന്. കുറച്ചു കുതന്ത്രങ്ങളും കാപട്യങ്ങളും പഠിച്ചെങ്കിലേ ഈ കളരിയിൽ പിടിച്ചു നിൽക്കാനാവൂ.
വിഷധൂമം നിറച്ച ബലൂൺ പോലെ ഈ കാപട്യങ്ങളത്രയും ഒരുനാൾ ഇവരുടെ മുന്നിൽ തന്നെ പൊട്ടിച്ചിതറും. അവിടെയും പതറാതെ നിൽക്കാനുള്ള മെയ്വഴക്കമുണ്ട് ഈ നേതൃത്വത്തിന്. ‘സോളാറും’ ‘കറൻസി എണ്ണുന്ന മിഷ്യനു’മൊക്കെ ബൂമറാങ് പോലെ തിരിച്ചടിച്ചപ്പോഴും അതൊക്കെ ആഭരണമായി അണിയുകയായിരുന്നല്ലോ ഇവർ.