വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ നടനും ബിജെപി എം.പിയുമായ സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി ഹൈക്കോതിയെ സമീപിച്ചിരിക്കുന്നത്.

എംപിയായതിന് ശേഷവും മുന്പുമായി രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയത്. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ് 3 സി.എ എന്ന വിലാസത്തിലാണ് സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ ഈ പേരില്‍ അവിടെ അപ്പാര്‍ട്ട്‌മെന്റില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിലൂടെ 40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായി എന്നാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു രാജ്യസഭാ എംപിക്കെതിരെ നികുതിവെട്ടിപ്പിന് കേസെടുക്കുന്നത്.

സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയതായി കണ്ടെത്തിയിരുന്നു. വ്യാജ രേഖയുണ്ടാക്കിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സുരേഷ് ഗോപി മോട്ടോര്‍ വാഹനവകുപ്പിന് രേഖകള്‍ നല്‍കിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.