ഓഖി; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പളനിസാമി

ഓഖി ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലും ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പളനിസാമി. ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും. നാളെ മുതല്‍ നേവിയുടെ നേതൃത്വത്തില്‍ തെരച്ചില്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഓഖി ദുരന്തത്തില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തരസഹായം ലഭിച്ചില്ലെന്ന് പരാതി. ഇതര സംസ്ഥാനത്തെത്തിയ മത്സ്യത്തൊഴിലാളികളുടേതാണ് പരാതി. രത്‌നഗിരിയില്‍നിന്ന് എത്തിയവരാണ് പരാതി ഉന്നയിച്ചത്. അടിയന്തര സഹായമോ ഭക്ഷണോ കിട്ടിയില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 2000 രൂപയ്ക്ക് പകരം ഇവര്‍ക്ക് ലഭിച്ചത് 200 രൂപയാണ്.

1000 ലിറ്റര്‍ ഡീസലിന് പകരം 600 ലിറ്റര്‍ മാത്രമേ ലഭിച്ചുള്ളൂ. പുതിയ തുറ സ്വദേശികള്‍ കര്‍ണാടക തീരത്ത് എത്തിയപ്പോള്‍ ഇന്ധനം തീര്‍ന്നിരുന്നു. ട്രെയിനിലാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്. മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും മത്സ്യത്തൊഴിലാകള്‍ പറഞ്ഞു. പണമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണമെന്നും തൊഴിലാളികള്‍ പറഞ്ഞു.

കേരളത്തില്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ഉയരുകയാണ്. ഇന്ന് എട്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മലപ്പുറം ജില്ലയിലെ താനൂര്‍, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. താനൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും ഒന്നും കോഴിക്കോട് നിന്നും ആറും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ആകെ എണ്ണം 51 ആയി.

കൊച്ചി, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നായി തിങ്കളാഴ്ചയും മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. അതേസമയം, മരണസംഖ്യ 49 ആണെന്നാണ് ഔദ്യോഗിക കണക്ക്. അതിനിടെ, ചുഴലിക്കാറ്റില്‍ കാണാതായവരെ ഉടന്‍ കണ്ടെത്തണമെന്ന ആവശ്യവുമായി ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം ഗവര്‍ണറെ കണ്ടു.

തിരുവനന്തപുരത്തു മെഡിക്കല്‍ കോളജില്‍ ഉള്‍പ്പെടെ 11 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. അതേസമയം, കാണാതായവരുടെ എണ്ണത്തെക്കുറിച്ച് അവ്യക്തത തുടരുകയാണ്. മുന്നൂറോളം പേരെ കണ്ടെത്താനുണ്ടെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും പറഞ്ഞെങ്കിലും 95 പേര്‍ എന്നതില്‍ ഉറച്ചുനില്‍ക്കുകയാണു റവന്യുവകുപ്പ്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 98 പേര്‍ മടങ്ങിയെത്താനുണ്ടെന്നാണു തിരുവനന്തപുരം അതിരൂപതയുടെ കണക്ക്. കൊച്ചിയില്‍ കോസ്റ്റ് ഗാഡ് നടത്തിയ തെരച്ചിലിലാണു രണ്ടു മൃതദേഹങ്ങള്‍ ലഭിച്ചത്.

അറബിക്കടലില്‍ കേരളതീരത്തു നിന്നു 426 കിലോമീറ്റര്‍ ദൂരെവരെ ഇന്നലെ വ്യോമസേന തെരച്ചില്‍ നടത്തി. ദൂരെനിന്നു പോലും ആളുകളെയോ ബോട്ടുകളെയോ കണ്ടെത്താന്‍ കഴിയുന്ന ഇലക്ട്രോ ഒപ്റ്റിക്കല്‍, ഇന്‍ഫ്രാറെഡ് ഉപകരണങ്ങളുടെ സഹായത്തോടെയാണു തിരച്ചില്‍. ഏഴുമണിക്കൂറോളം തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ല. നാവിക, തീരസേനകളുടെ കപ്പലുകളും ആഴക്കടലില്‍ തിരച്ചില്‍ തുടരുകയാണ്.