അഡ്വ.സി.പി.ഉദയഭാനുവിന് ഇടക്കാല ജാമ്യം

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഡ്വ. സിപി ഉദയഭാനുവിന് ഹൈക്കോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചത്.

വ്യാഴാഴ്ച രാവിലെ പത്തിന് ചാലക്കുടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായി ജാമ്യം എടുക്കുണം. 17ന് രാവിലെ 10 മണിക്ക് തിരികെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണം. ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യവുമാണ് വ്യവസ്ഥ.

റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയില്‍ കലാശിച്ചത്. പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് രാജീവിന്റെ  മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ചത്തെ ആസൂത്രണത്തിനുശേഷം രാജീവിനെ നാലംഗ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തില്‍ അടയ്ക്കുകയും വസ്തു ഇടപാടുരേഖകളില്‍ ബലമായി ഒപ്പുവയ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല നടത്തുകയുമായിരുന്നു.