ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്‌ലാമിനുള്ള ശിക്ഷ നാളെ

കൊച്ചി: പെരുമ്പാവൂര്‍ ജിഷ  വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ  അമീറുള്‍ ഇസ്‌ലാമിനുള്ള ശിക്ഷ നാളെ വിധിക്കും. ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായി.ഇന്ന് കോടതിയില്‍ പ്രതിയെ കോടതി നേരിട്ട് കേട്ടു. താന്‍ നിരപരാധിയാണെന്ന് അമീറുള്‍  ഇസ്‌ലാം ആവര്‍ത്തിച്ചു. ജിഷയെ മുന്‍പരിചയമില്ലെന്നും അമീര്‍ കോടതിയില്‍ പറഞ്ഞു. ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്നും അമീര്‍ പറഞ്ഞു. ഭാര്യയും മക്കളുമുണ്ടോയെന്ന് കോടതി ചോദിച്ചു. ഒരു കുട്ടിയുണ്ടെന്ന് അമീര്‍ മറുപടി പറഞ്ഞു. മാതാപിതാക്കളെ കാണാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

കേസ് അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും  കേസ് കേന്ദ്ര സംഘം അന്വേഷിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. അസമീസ് ഭാഷ മാത്രം അറിയുന്ന അമീറിന് പൊലീസിന്റെ ചോദ്യങ്ങള്‍ മനസിലായില്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.

എന്നാല്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.  കുറ്റവാളി സഹതാപം അര്‍ഹിക്കുന്നില്ല.  കുറ്റം ചെയ്ത രീതി അത്തരത്തിലാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. നിര്‍ഭയ കേസിലും പ്രതിക്ക് പ്രായക്കുറവായിരുന്നു. അതുകൊണ്ട് ഇളവ് നല്‍കേണ്ട ആവശ്യമില്ല. കൊലയും അതിക്രൂര പീഡനവും നടന്നു.  കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തിൽ 33 കുത്തുകളുണ്ടായിരുന്നു. ഇതിൽ ഒരെണ്ണം നട്ടെല്ല് തുളഞ്ഞ് പുറത്തുവന്ന നിലയിലായിരുന്നു. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും അത്തരമൊരു കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

സംസ്ഥാനത്ത് തൊഴിൽ ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ യാതൊരു കണക്കുമില്ല. അതിനാൽ കേസുകളിൽ പ്രതികളാകുന്നവരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കെടുപ്പ് നടത്താൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ജി​​ഷ വ​​ധ​​ക്കേ​​സില്‍ കുറ്റക്കാരനായി ഇന്നലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രഖ്യാപിച്ചിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു.  തെളിവ് നശിപ്പിച്ചതിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. പട്ടികവിഭാഗ പീഡനനിയമപ്രകാരവും കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. വിധി കേൾക്കുന്നതായി ജിഷയുടെ അമ്മ രാജേശ്വരിയും പ്രതി അമീറും കോടതിയിലെത്തിയിരുന്നു