ഉത്തര കൊറിയ യുദ്ധത്തിൽ നിന്ന് പിന്മാറുന്നു

ജനീവ: ലോകരാജ്യങ്ങളെ വെല്ലിവിളിയുടെ മുൾമുനയിൽ നിർത്തിയ ഉത്തര കൊറിയ യുദ്ധത്തിൽ നിന്ന് പിന്മാറുന്നുവെന്ന് സൂചന.പ്യോങ്യാങ് സന്ദർശിച്ച ഐക്യരാഷ്ട്ര സഭ പ്രതിനിധിയാണ് ഉത്തരകൊറിയുടെ പുതിയ തീരുമാനം സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്.യുദ്ധം തടയണമെന്നും , ഒരു യുദ്ധത്തിന്റെ ആവശ്യം നിലനിൽക്കുന്നില്ലെന്നും എന്നാൽ ചർച്ചകൾ നടത്താൻ വ്യക്തമായ നിർദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ഉത്തര കൊറിയൻ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ഐക്യരാഷ്ട്ര സഭ പ്രതിനിധി പറഞ്ഞു.

യുദ്ധം തടയണം അത് പ്രധാനമാണെന്ന് അവർ സമ്മതിച്ചുവെന്ന് ഐക്യരാഷ്ട്ര സഭയുടെ രാഷ്ട്രീയകാര്യ സമിതി തലവൻ ജെഫ്രി ഫെൽട്മാൻ അറിയിച്ചു.പ്യോങ്യാങ് സന്ദർശന വേളയിൽ വടക്കൻ കൊറിയയുടെ വിദേശകാര്യമന്ത്രി റിങോങ് ഹോ, വൈസ് വിദേശകാര്യമന്ത്രി പാക്ക് മ്യോങ് കുക്ക് എന്നിവരുമായി ഫെൽട്മാൻ കൂടിക്കാഴ്ച നടത്തിയിരുന്നു . 2011 മുതൽ ഐക്യരാഷ്ട്ര സഭയുടെ ഉന്നത ഉദ്യോഗസ്ഥനാണ് ജെഫ്രി ഫെൽട്മാൻ.

ഐക്യരാഷ്ട്ര സഭയുടെ ഉത്തര കൊറിയൻ സന്ദർശനം പുതിയൊരു തുടക്കത്തിന്റെ ഭാഗമാണെന്നും , ഞങ്ങൾ സംസാരിച്ചത് ഉത്തരകൊറിയൻ ഉദ്യോഗസ്ഥർ വ്യക്തമായി മനസിലാക്കിയെന്നും , അവർ യുദ്ധം തടയുന്നത് വളരെ പ്രധാനപ്പെട്ട വിഷയമായി കണക്കാക്കുന്നുവെന്ന് മനസിലാക്കാൻ കഴിഞ്ഞുവെന്നും ഫെൽട്മാൻ പറഞ്ഞു.

എന്നാൽ അവരുടെ മുതിർന്ന നേതാവിന്റെ ഉത്തരവുകൾ മറികടന്ന് കൂടുതൽ കാര്യങ്ങൾ പറയാൻ തയ്യാറല്ലായിരുന്നുവെന്നും ഫെൽട്മാൻ കൂട്ടിച്ചേർത്തു.

യുഎൻ സുരക്ഷാ കൗൺസിൽ കഴിഞ്ഞ വർഷം ഉത്തര കൊറിയയ്ക്കെതിരെ ശക്തമായ മിസൈലും ആണവപരീക്ഷണവും നടത്തിയതിന് മൂന്നു തവണ ഉപരോധം ഏർപ്പെടുത്തിയിരുന്നു.

അമേരിക്കയും സമാധാനചർച്ചകൾക്ക് തയാറാണെന്ന് അറിയിക്കുന്ന ഈ സാഹചര്യത്തിൽ കിം ജോങ് ഉൻ സ്വീകരിക്കുന്ന നടപടിയിലാണ് ആണവ യുദ്ധത്തിന്റെ അന്തിമ തീരുമാനം.