തിരഞ്ഞടുപ്പില്‍ ജയിക്കാന്‍ അധാര്‍മിക മാര്‍ഗങ്ങള്‍ സ്വീകരിക്കരുതെന്ന് മോദിയോട് ശിവസേന

മുംബൈ: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോദി കോണ്‍ഗ്രസിനെതിരെ ഉന്നയിച്ച ആരോപണങ്ങളെ വിമര്‍ശിച്ച് ശിവസേന. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ജയിക്കാനായി ‘അധാര്‍മിക’ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടോയെന്ന് പാര്‍ട്ടി മുഖപത്രമായ ‘സാമ്‌ന’യിലെ ലേഖനത്തില്‍ ശിവസേന വിമര്‍ശിച്ചു.

തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെയാണ് രൂക്ഷമായ ഭാഷയില്‍ ശിവസേന വിമര്‍ശിച്ചത്.

പ്രധാനമന്ത്രിയുടെ ആശങ്കകള്‍ നമുക്കെല്ലാം മനസ്സിലാകുന്നതാണ്. പക്ഷേ അത്തരമൊരു സംഭവമുണ്ടായാല്‍ നടപടിയെടുക്കുകയാണു പ്രധാനമന്ത്രി ചെയ്യേണ്ടത്. അല്ലാതെ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതല്ല.ഏതു തിരഞ്ഞെടുപ്പു വന്നാലും ഒന്നുകില്‍ പാക്കിസ്ഥാന്‍ അല്ലെങ്കില്‍ അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിം പ്രചാരണ വിഷമായി മാറുന്നത് ഇപ്പോള്‍ പതിവായിട്ടുണ്ട്. കാലിന്നടിയിലെ മണ്ണൊലിച്ചു പോകുന്നുവെന്നു തോന്നുമ്പോഴാണ് ബിജെപി നേതാക്കള്‍ പാക്കിസ്ഥാന്‍, ദാവൂദ് ഇബ്രാഹിം ‘മന്ത്ര’ങ്ങള്‍ ചൊല്ലുന്നത്. അതിന്നും തുടരുകയാണ്. തികച്ചും അധാര്‍മിക നടപടിയാണിതന്നും ശിവസേന പറഞ്ഞു.

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വരെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ പാക്കിസ്ഥാനെ വലിച്ചിഴച്ചു. കോണ്‍ഗ്രസ് പാക്കിസ്ഥാനുമായി നടത്തിയതെന്നു പറയുന്ന ഗൂഢാലോചനയെപ്പറ്റി അറിവുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് മോദി തടഞ്ഞില്ല? ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് അവിടെ നടന്നതെങ്കില്‍ എന്തു കൊണ്ട് അവിടെയുണ്ടായിരുന്നവര്‍ അറസ്റ്റു ചെയ്യപ്പെട്ടില്ല? അതിനെപ്പറ്റി അന്വേഷണം നടന്നില്ല? പാക്ക് ഇടപെടലുണ്ടായിട്ടുണ്ടെങ്കില്‍ അവിടേക്കു കടന്നു ചെന്ന് തിരിച്ചടിക്കാന്‍ സൈന്യത്തെ അനുവദിക്കുകയാണു വേണ്ടതെന്നും സാമ്‌നയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.