ഗീതയ്ക്ക് സ്വന്തം അഭിപ്രായം പറയാം – മുഖ്യമന്ത്രി പിണറായി വിജയന്‍

നരേന്ദ്രമോദിയുടെ നോട്ട് പിന്‍വലിക്കല്‍ നയത്തെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് എഴുതിയ ഡിമോണീറ്റൈസേഷന്‍ ഡൂസ് ആന്റ് ഡോണ്ട്‌സ് ലേഖനം ചര്‍ച്ചയായ സാഹചര്യത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗീതാ ഗോപിനാഥിന് സ്വന്തം അഭിപ്രായം പറയുന്നതിന് കുഴപ്പമില്ലെന്നും. സംസ്ഥാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഉപദേശവും സഹായവും മാത്രമാണ് ഗീതാ ഗോപിനാഥില്‍ നിന്നും സ്വീകരിക്കുന്നതെന്നും പിണറായി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ-

വീണ്ടുവിചാരമില്ലാതെയും ജനങ്ങളെ മുന്നിൽ കാണാതെയും പൊടുന്നനെ 1000, 500 രൂപ നോട്ടുകൾ പിൻവലിച്ചതിന്റെ ദുരന്തം അനുഭവിക്കുകയാണ് രാജ്യം. ആ വിഷയത്തിൽ നാനാഭാഗത്തു നിന്നും പ്രതികരണങ്ങൾ വരുന്നുമുണ്ട്. സാമ്പത്തിക വിദഗ്ധ എന്ന നിലയിൽ പ്രൊഫസർ ഗീതാ ഗോപിനാഥിന്റെ പ്രതികരണവും വന്നു കണ്ടു. അതിന്റെ പൂർണരൂപം വായിച്ചു. (ലിങ്ക് ചുവടെ) എല്ലാവർക്കും വായിക്കാവുന്നതാണ്. ആദ്യ രണ്ടു ഖണ്ഡികയല്ല – മുഴുവനായി. അതിൽ രാജ്യം നേരിടുന്ന പ്രതിസന്ധി, നടത്തിപ്പിലെ പിശക്, ജനങ്ങളുടെ രോഷം, ബദൽ നിർദേശം – ഇങ്ങനെ എല്ലാമുണ്ട്.

മുഖ്യമന്ത്രിയുടെ പൂർണ്ണ സമയ ഉപദേഷ്ടാവല്ല ഗീതാ ഗോപിനാഥ് എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതു കൊണ്ടു തന്നെ സർക്കാരിന്റേതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകുന്നതോ പ്രകടിപ്പിക്കുന്നതോ അസ്വാഭാവികമല്ല. ഇവിടെ അവരുടെ പ്രതികരണത്തിലെ ഒരു പ്രയോഗം കണ്ട് ആവേശം കൊണ്ട ചിലർ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുകയാണെന്ന് കരുതണം. ഇന്ന് രാജ്യം നേരിടുന്ന പ്രശ്നങ്ങളാണ് അവർ വിശദീകരിച്ചിട്ടുള്ളത്. അത് ഹാർവാഡ് യൂണിവേഴ്സിറ്റി പ്രൊഫസർ കൂടിയായ സാമ്പത്തിക വിദഗ്ധയുടെ സ്വാന്ത്ര്യം തന്നെയാണ്. കേരളം അവരിൽ നിന്ന് സ്വീകരിക്കുന്നത് സംസ്ഥാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഉപദേശുവും സഹായവുമാണ്; ലോക സാമ്പത്തിക വിഷയങ്ങളിൽ അവർ എടുക്കുന്ന നിലപാടോ പറയുന്ന അഭിപ്രായമോ അല്ല.