ഭാവനയുടെ വിവാഹം അടുത്തയാഴ്ച

സിനിമാ താരം ഭാവനയും കന്നഡ നിര്‍മ്മാതാവായ നവീനുമായുള്ള വിവാഹം അടുത്തയാഴ്ച നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 22ന് ജന്മനാടായ തൃശൂരില്‍ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരിക്കും വിവാഹമെന്നാണ് സൂചന. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഭാവനയുടെ കുടുംബാംഗങ്ങള്‍ വിവാഹ തീയതി സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.വിവാഹം ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് നീട്ടുകയാണുണ്ടായത്. ഇതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയെന്നും നവീന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയെന്നുമൊക്കെയുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.

ഈ വാര്‍ത്തകള്‍ നിഷേധിച്ച് അടുത്ത വര്‍ഷം ജനുവരി ആദ്യം തന്നെ വിവാഹമുണ്ടാകുമെന്നാണ് ഭാവനയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് വിവാഹം 22ന് നടക്കുമെന്ന തരത്തില്‍ ഇപ്പോള്‍ പുതിയ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ. ചില സിനിമ തിരക്കുകള്‍ മൂലം ഭാവന തിരക്കിലാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍.

വിവാഹ ശേഷവും അഭിനയ രംഗത്ത് തുടരുമെന്നാണ് ഭാവന പറഞ്ഞിരിക്കുന്നത്. സിനിമയെ അടുത്തറിയാവുന്നവരാണ് നവീന്റെ കുടുംബാഗങ്ങള്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പ് ഇല്ല. പുനീത് രാജ്കുമാറിന് ഒപ്പമുള്ള ഒരു കന്നട ചിത്രം ഭാവന ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത്.

ഭാവന നായികയായ കന്നട ചിത്രം റോമിയോയുടെ നിര്‍മ്മാതാവായിരുന്നു നവീന്‍. ഈ ബന്ധമാണ് പിന്നീട് പ്രണയമായതും വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതും. കഴിഞ്ഞ ജനുവരിയില്‍ തന്നെ ഇവരുടെ വിവാഹം നടക്കേണ്ടതായിരുന്നു. അപ്പോഴാണ് ഭാവനയുടെ അച്ഛന്‍ മരിച്ചത്.