പിണറായിയുടെ പോലീസിനെതിരെ സി.പി.ഐ; മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ സി.പി.ഐയും ജനയുഗവും

പോലീസ് വേട്ട കെട്ടുകഥ; അഭിപ്രായം പറയുന്നവരെ കൊല്ലരുത്

തിരുവനന്തപുരം: വ്യാഴാഴ്ച നിലമ്പൂര്‍ വനമേഖലയില്‍ രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടല്‍ ആണെന്ന പോലീസിന്റെ വാദം വെറും കെട്ടുകഥയാണെന്ന് സി.പി.ഐയുടെ മുഖപത്രം. പിണറായി മന്ത്രിസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ ആണ് സര്‍ക്കാരിന്റെ പോലീസിനെതിരെ ആഞ്ഞടിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുന്നത്.

കേരളത്തിലെ വാര്‍ത്താമാധ്യമങ്ങളൊന്നും മാവോയിസ്റ്റ് പോലീസ് ഏറ്റുമുട്ടല്‍ ഒരു കെട്ടുകഥയാണെന്ന് പറയാന്‍ ധൈര്യം കാണിക്കാതിരിക്കുമ്പോഴാണ് സി.പി.ഐയും അവരുടെ മുഖപത്രവും സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഏറ്റുമുട്ടല്‍ നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നുംതന്നെ സംഭവം നടന്ന സ്ഥലത്ത് കാണാനില്ലെന്നാണ് ജനയുഗം റിപ്പോര്‍ട്ട്. ഒന്നുകില്‍ മാവോയിസ്റ്റുകള്‍ താല്‍കാലിക ഷെഡില്‍ വിശ്രമിക്കുന്ന സമയത്ത് വളഞ്ഞ് പോലീസ് വെടിവെയ്ക്കുകയോ അതല്ലെങ്കില്‍ മറ്റെവിടെയെങ്കിലും വെച്ച് പിടികൂടി വെടിവെച്ച് കൊലപ്പെടുത്തി മൃതദേഹം ഇവിടെ കൊണ്ടുവന്നതാകാനാണ് സാധ്യതയെന്ന് നാട്ടുകാരെ ഉദ്ധരിച്ചുകൊണ്ട് ജനയുഗം റിപ്പോര്‍ട്ട് ചെയ്യുന്നു. 20 മിനിട്ടുനേരം പരസ്പരം വെടിവെയ്പ്പ് നടന്നുവെന്ന് പോലീസ് അവകാശപ്പെടുമ്പോഴും പോലീസുകാര്‍ക്ക് ആര്‍ക്കുംതന്നെ പരിക്കേല്‍ക്കാത്തത് പോലീസിന്റെ വാദത്തില്‍ സംശയം ജനിപ്പിക്കുന്നു. മാത്രമല്ല, ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ഒട്ടേറെ വെടിയുണ്ടകള്‍ കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ ഏല്‍ക്കാറുണ്ട്. എന്നാല്‍ ദേവരാജന്റെയും അജിതയുടെയും മൃതദേഹങ്ങളുടെ ചിത്രങ്ങളില്‍ ഇത്തരത്തില്‍ ഒട്ടേറെ വെടിയുണ്ടകള്‍ ഏറ്റതായി കാണുന്നില്ല. പുതിയതായി മാവോയിസ്റ്റ് യൂണിഫോം ധരിച്ചതായാണ് തോന്നുക. മാവോയിസ്റ്റ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പൊതുപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. വടക്കന്‍ സംസ്ഥാനങ്ങളിലെപ്പോലെ പോലീസും ഭരണകൂടവും നടത്തുന്ന നരനായാട്ട് കേരളത്തില്‍ അനുവദിക്കാനാവില്ലെന്നാണ് സി.പി.ഐയുടെ നിലപാട്. ഇതിന് പുറമെ നിലമ്പൂരിലെ മാവോവാദി വേട്ടയുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുതകളും അന്വേഷണ വിധേയമാക്കണമെന്ന് ജനയുഗം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ ഗവണ്‍മെന്റില്‍ നിന്നും പൊതുജനങ്ങള്‍ അത് പ്രതീക്ഷിക്കുന്നു. സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും അഭിപ്രായപ്രകടനങ്ങള്‍ക്കുമുള്ള പൗരന്റെ സ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ടിക്കുന്ന, അതിന് മനുഷ്യജീവന്‍തന്നെ വിലയായി നല്‍കപ്പടേണ്ട അവസ്ഥ കേരളത്തില്‍ ഒരുകാരണവശാലും സൃഷ്ടിക്കപ്പെട്ടുകൂട. എന്ന് മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. മാവോയിസ്റ്റ് ഉന്‍മൂലനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സി.പി.ഐയുടെ ഈ നിലപാടുകള്‍ സര്‍ക്കാരിനെയും പോലീസിനെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

ജനയുഗം റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം

പൊലീസ് നടപടിക്കെതിരെ ശക്തമായ വിമര്‍ശനം:
ഏറ്റുമുട്ടല്‍ കെട്ടുകഥ?

നിലമ്പൂര്‍: വ്യാഴാഴ്ച കരുളായി പടുക്ക വനമേഖലയിലെ ഉണക്കപ്പാറയില്‍ രണ്ട് maoist-report-janayugom-thewifireporterമാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍ അല്ലെന്ന് സൂചന. ഏറ്റുമുട്ടല്‍ നടന്നതിന്റെ ലക്ഷണങ്ങള്‍ ഇവിടെ ഇല്ലെന്ന് മാത്രമല്ല രണ്ട് മൃതദേഹങ്ങള്‍ കിടക്കുന്നിടത്ത് ചോരപ്പാടുകളും പ്രത്യക്ഷത്തില്‍ കാണാനില്ല. ഉണക്കപ്പാറ വനമേഖലയിലുള്ള താല്‍ക്കാലിക ഷെഡ്ഡില്‍ മാവോയിസ്റ്റുകള്‍ വിശ്രമിക്കുന്ന സമയത്ത് വളഞ്ഞ് പൊലീസ് വെടിവെക്കുകയോ മേറ്റ്വിടെയെങ്കിലും വച്ച് പിടികൂടി വെടിവച്ചു കൊലപ്പെടുത്തി മൃതദേഹം ഇവിടെ കൊണ്ടുവന്നതോ ആകാനാണ് സാധ്യതയെന്ന് നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംശയിക്കുന്നത്.
കൊല്ലപ്പെട്ട കാവേരി എന്ന അജിതയുടെ മൃതദേഹം മാധ്യമപ്രവര്‍ത്തകര്‍ കാണുമ്പോള്‍ മലര്‍ന്ന് കിടക്കുന്ന നിലയിലായിരുന്നു. വയറിന്റെ ഇടതുഭാഗത്തും തോളിലുമാണ് വെടിയേറ്റിട്ടുള്ളത്. കൊല്ലപ്പെട്ട ദേവരാജിന്റെ മൃതശരീരം കമഴ്ന്നുകിടക്കുന്ന അവസ്ഥയിലുമാണ് കാണപ്പെട്ടത്. ഇരുപക്ഷവും തമ്മില്‍ ഇരുപതു മിനിറ്റ് നേര്‍ക്ക്‌നേര്‍ പരസ്പരം വെടിവെയ്പ്പ് നടന്നുവെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും പൊലീസുകാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കേല്‍ക്കാത്തത് പൊലീസിന്റെ വാദത്തില്‍ സംശയംജനിപ്പിക്കുന്നു. മാത്രമല്ല ഏറ്റുമുട്ടലുകള്‍ നടക്കുമ്പോള്‍ ഒട്ടേറെ വെടിയുണ്ടകള്‍ കൊല്ലപ്പെട്ടവരുടെ ശരീരത്ത് ഏല്‍ക്കാറുമുണ്ട്. എന്നാല്‍ അജിതയുടെയും ദേവരാജിന്റെയും മൃതദേഹങ്ങളുടെ ചിത്രങ്ങളില്‍ ഇത്തരത്തില്‍ ഒട്ടേറെ വെടിയുണ്ടകള്‍ ഏറ്റതായും കാണുന്നില്ല. മാത്രമല്ല പുതുതായി മാവോയിസ്റ്റ് യൂണിഫോം ധരിച്ചതുപോലെയാണ് തോന്നുക. ഏറ്റുമുട്ടല്‍ നടന്നെന്ന് പറയുന്ന പ്രദേശത്തെ പരിസരങ്ങളിലൊന്നും അതിന്റെ ലക്ഷണങ്ങളും കാണാനായിട്ടില്ല. ഇത് പൊലീസ് ഭാഷ്യത്തെ ദുര്‍ബലപ്പെടുത്തുന്ന വസ്തുതകളാണ്.
ഏറ്റുമുട്ടല്‍ ഉണ്ടാകുമ്പോള്‍ സ്വയരക്ഷക്കാണ് പൊലീസ് സാധാരണ വെടിവെയ്ക്കുന്നത്. എന്നാല്‍ നിയമങ്ങളൊന്നും പാലിക്കാതെയാണ് പൊലീസ് മാവോയിസ്റ്റുകള്‍ക്ക് നേരെ പ്രകോപനമില്ലാതെ വെടിവെച്ചതെന്ന ആക്ഷേപം ശക്തമാകുകയാണ്. മാത്രമല്ല ഏറ്റുമുട്ടല്‍ നടന്നിടത്തുവച്ചാണോ വെടിവയ്പ്പുണ്ടായതെന്നതിനെക്കുറിച്ചും അവ്യക്തത തുടരുകയാണ്.
വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് മൃതദേഹങ്ങള്‍ കിടന്ന സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെ കൊണ്ടുപോകാമെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആറരയോടെ തന്നെ കേരളത്തിലെ പ്രധാന മാധ്യമസ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എല്ലാവിധ ഒരുക്കങ്ങളോടെയും എത്തിയെങ്കിലും പൊലീസ് ഇവരെ കൊണ്ടുപോകാന്‍ തയ്യാറാകാതിരുന്നത് സംശയം ബലപ്പെടുത്തുന്നു.

janayugom-ediവൈകുന്നേരം നാലുമണിയോടെ വനത്തിലേക്ക് പോകാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയെങ്കിലും സംഭവസ്ഥലത്തെത്താനായില്ല. മൂന്നര കിലോമീറ്റര്‍ ഇപ്പുറമുള്ള വനപാതവരെ മാത്രമെ പലര്‍ക്കും എത്താന്‍ കഴിഞ്ഞുള്ളൂ. മൃതദേഹങ്ങള്‍ ഉടന്‍ എത്തുമെന്നും വനപാതയില്‍ തങ്ങാനുമായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. വെള്ളിയാഴ്ച തന്നെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുമെന്ന് വ്യാഴാഴ്ച രാത്രി പൊലീസ് അറിയിച്ചെങ്കിലും വെള്ളിയാഴ്ച വൈകിയാണ് മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്നും പുറത്തെടുത്തത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ശനിയാഴ്ചയാണ് നടക്കുക.
മാവോയിസ്റ്റ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പൊതുപ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മാവോയിസ്റ്റുകള്‍ക്കെതിരെ വടക്കന്‍ സംസ്ഥാനങ്ങളില്‍ പൊലീസും ഭരണകൂടവും നടത്തുന്ന നരനായാട്ട് കേരളത്തില്‍ അനുവദിക്കാനാവില്ലെന്നും നിയമത്തിന്റെ പരിരക്ഷ എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തണമെന്നും പൊലീസിന്റെ കാടത്തം തുടരാന്‍ ഒരു കാരണവശാലും സമ്മതിക്കരുതെന്നുമാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.