ജിഷ വധക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍

കൊച്ചി: ജിഷ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. കേസിന്റെ തുടക്കം മുതല്‍ പൊലീസ് തികഞ്ഞ അലംഭാവമാണ് കാണിച്ചതെന്നും ശിക്ഷിക്കപ്പെട്ട പ്രതി നിരപരാധിയാണെന്ന് സംശയിക്കുന്നതായും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

ഒന്നാം അന്വേഷണസംഘം ആര്‍ഡിഒ ഇല്ലാതെയാണ് ഇന്‍ക്വസ്റ്റ് തയാറാക്കിയത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളെ കൊണ്ടു അലക്ഷ്യമായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യിച്ചു. ഇത് വീഡിയോയില്‍ പകര്‍ത്തിയില്ല. നിയമം ലംഘിച്ചു രാത്രി തന്നെ മൃതദേഹം ദഹിപ്പിച്ചു. വീട്ടില്‍നിന്നു കരച്ചില്‍ കേട്ടെന്നു പറഞ്ഞ യുവതികളുടെ മൊഴി ഗൗരവമായെടുത്തില്ല. മഴ മാറിയപ്പോള്‍ വീടിനു പുറകിലൂടെ മഞ്ഞവസ്ത്രം ധരിച്ച വെളുത്ത ഒരാള്‍ കനാലിലൂടെ ഇറങ്ങിപ്പോകുന്നതായി ഒരു വീട്ടമ്മ മൊഴി കൊടുത്തതിലും അന്വേഷണം നടന്നില്ല. 2016 ഏപ്രില്‍ 28നാണ് വിദ്യാര്‍ഥിനി കൊലപ്പെട്ടത്. പൊലീസ് അടുത്ത ദിവസം വൈകിട്ടാണു കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീടു നാലു ദിവസം കഴിഞ്ഞാണു കനാലില്‍നിന്നു ചെരുപ്പ് കണ്ടെടുക്കുന്നത്.

വിദ്യാര്‍ഥിനിയുടെ അമ്മ, മകളെ കൊന്ന വ്യക്തിയെന്നു പരസ്യമായി ആരോപിക്കുകയും പൊലീസ് ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സാബുവും, സാബുവിന്റെ വീട്ടില്‍ വന്ന പുറംനാട്ടുകാരനായ ഓട്ടോഡ്രൈവറുമാണു ചെരുപ്പ് കണ്ടെടുത്തതിന്റെ സാക്ഷികള്‍. കേസില്‍ കൃത്രിമ തെളിവുണ്ടാക്കിയെന്ന സംശത്തിനു കാരണം തൊണ്ടിമുതല്‍ കണ്ടെടുക്കാനുണ്ടായ കാലതാമസമാണ്. ചെരിപ്പടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ഡമ്മി പ്രതിയാക്കിയതായി സംശയിക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സി.കെ.സെയ്തു മുഹമ്മദാലി, ഇസ്മായില്‍ പള്ളിപ്രം, അമ്പിളി ഓമനക്കുട്ടന്‍, സുല്‍ഫിക്കര്‍ അലി, ഒര്‍ണ കൃഷ്ണന്‍കുട്ടി, ലൈല റഷീദ് എന്നിവര്‍ ആരോപിച്ചു.

ഭരണം മാറിയതോടെ പുതിയ അന്വേഷണ സംഘം വന്നു. എന്നാല്‍ ആദ്യസംഘത്തിന്റെ കൃത്രിമ തെളിവുകള്‍ തൊണ്ടിമുതലുകളില്‍ നിന്നു നീക്കം ചെയ്യാതിരുന്നതിനാല്‍ അവരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ആദ്യസംഘം കണ്ടെത്തിയ ചെരുപ്പ് തെളിവാക്കി പ്രതിയെ അറസ്റ്റ് ചെയ്തു. ഗുരുതരമായ വീഴ്ച വരുത്തിയ ഒന്നാം അന്വേഷണ സംഘത്തിനെതിരെ അന്വേഷണം ഉണ്ടായിട്ടില്ല. രണ്ടാം സംഘവും കേസ് അട്ടിമറിച്ചതോടെ പെണ്‍കുട്ടിക്കു നീതി നിഷേധിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണു പിതാവ് പുനരന്വേഷണത്തിനു കോടതിയെ സമീപിച്ചത്.

കേസില്‍ ഹാജരാകുന്നതിന്റെ തലേദിവസം പിതാവിനെ വഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇതുവഴി പിതാവിനും അനുമതി ലഭിക്കാത്തതിനാല്‍ ആക്ഷന്‍ കൗണ്‍സിലിനും വിചാരണക്കോടതിയില്‍ തങ്ങളുടെ വാദം ഉന്നയിക്കാനായില്ല. നിലവില്‍ ശിക്ഷിക്കപ്പെട്ട പ്രതി നിരപരാധിയാണെന്നു സംശയിക്കുന്നു.