സിപിഎം ശക്തി കേന്ദ്രത്തിലെ സബ് കളക്ടറുടെ ഇടപെടല്‍ തൃശൂരിന് പുതു പ്രതീക്ഷയാകുന്നു

കണ്ടക്ടറായ അച്ഛന്റെ കഷ്ടതകള്‍ തിരിച്ചറിഞ്ഞ് പഠിച്ച മിടുക്കി.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനൊപ്പം നിന്നപ്പോഴും ഡോക്ടറായി.ഭര്‍ത്താവിന്റെ പിന്തുണയില്‍ സിവില്‍ സര്‍വ്വീസില്‍ രണ്ടാം റാങ്കുമായി മോഹസാക്ഷാത്കാരം.കൊച്ചിയിലെ പ്രോബേഷനില്‍ ഒന്നാമതെത്തി ഡെപ്യൂട്ടി കളക്ടറായി.ആദ്യ മാസം തന്നെ സിപിഎം നേതാവിന്റെ ക്വാറി പൂട്ടിച്ചു.വാഴക്കാട്ടെ പാറമടയില്‍ പുലര്‍ച്ചെ ആരുമറിയാതെ എത്തി മാഫിയയെ ഞെട്ടിച്ച ഇടപെടല്‍.ശക്തന്റെ നാട്ടില്‍ ഡോ രേണുരാജ് ഐഎഎസ് താരമാകുന്നു.

കോട്ടയം സ്വദേശിനിയായ ഡോ. രേണുരാജ് തൃശൂരുകാരുടെ താരമാവുകയാണ്. ക്വാറി മാഫിയയുടെ കണ്ണിലെ കരടാണ് തൃശൂരിലെ ഈ ഡെപ്യൂട്ടി കളക്ടര്‍. ക്വാറി മാഫിയയ്ക്കെതിരെ പല ഐപിഎസ് ഉദ്യോഗസ്ഥരും നടപടിയെടുക്കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ അവരെ എല്ലാം ഒതുക്കുകയാണ് ചെയ്തത്.ഈ സാഹചര്യത്തില്‍ തൃശൂര്‍ ഡെപ്യൂട്ടി കളക്ടര്‍ക്ക് എന്ത് സംഭവിക്കുമെന്ന ആശങ്ക സജീവമാണ്.ഈയിടെ തിരുവനന്തപുരത്തെ അനിധികൃത ക്വാറിയില്‍ വലിയ ദുരന്തം ഉണ്ടായിരുന്നു.ഇതിന്റെ പശ്ചാത്തലത്തില്‍ ക്വാറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിജിപി എസ് പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ആരും ചെറുവിരല്‍ പോലും അനക്കിയില്ല.ക്വാറിയെ തൊട്ടാല്‍ പണിപോകുമെന്ന അവസ്ഥയാണ് ഇതിന് കാരണം. പത്തനംതിട്ടയിലും തിരുവനന്തപുരത്തും അനധികൃത ക്വാറികള്‍ അങ്ങനെ പ്രവര്‍ത്തിക്കുകയുമാണ്. ഇതിനിടെയാണ് രേണു രാജിന്റെ ഇടപെടല്‍.തൃശൂര്‍ വടക്കാഞ്ചേരിക്കു സമീപമുള്ള വാഴക്കോട് ടിപ്പറുകള്‍ തലങ്ങും വിലങ്ങും പായുന്നു സ്ഥലമാണ്. ആരും ചോദിക്കാനും പറയാനുമില്ലാത്തിടം.

വാഴക്കോട് വലിയൊരു ക്വാറിയുണ്ട്. സിപിഎം. നേതാവും മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡന്റുമായ അബ്ദുള്‍സലാമിന്റെ സഹോദരനാണ് നടത്തിപ്പുകാരന്‍.ആദ്യം അബ്ദുള്‍സലാം നേരിട്ടു നടത്തിയിരുന്നതാണ്.പഞ്ചായത്ത് പ്രസിഡന്റായതോടെ ക്വാറി സഹോദരനെ ഏല്‍പിച്ചു.ഈ ക്വാറിയില്‍ നിന്നാണ് പാറക്കല്ലുകള്‍ കയറ്റിയ ടിപ്പറുകള്‍ രാവിലെ തൊട്ടേ പായുന്നത്. അതിനാല്‍ ആരും ഒന്നും ചോദിക്കില്ല.തൃശൂര്‍ റൂറല്‍ പൊലീസിന് കീഴിലാണ് ഈ സ്ഥലം.പൊലീസും ഇവിടെ ക്വാറി മാഫിയയ്ക്ക് മുന്നില്‍ നിശബ്ദരാണ്. ഇവിടേക്ക് വെളുപ്പിനു ആറരയ്ക്ക് പതിവ് തെറ്റിച്ച്‌ ഒരു വാഹനമെത്തി.

ടിപ്പര്‍ ഡ്രൈവര്‍മാര്‍ ഈ കാറിലേക്ക് സൂക്ഷിച്ചു നോക്കി. പുറത്തിറങ്ങിയത് സുന്ദരിയായ യുവതി. പിന്നെ സംഭവിച്ചത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍.യുവതിയെ കണ്ട ടിപ്പര്‍ ഡ്രൈവര്‍മാര്‍ പരസ്പരം ചോദിച്ചു. അപ്പോഴാണ്, വണ്ടിയുടെ മുൻപിലെ ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടത്.സബ് കലക്ടര്‍. വാഴക്കോട് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ കഥ അതോടെ തീര്‍ന്നു.സിപിഎം ശക്തി കേന്ദ്രത്തിലെ സബ് കളക്ടറുടെ ഇടപെടല്‍ തൃശൂരിന് പുതു പ്രതീക്ഷയാവുകയാണ്.പക്ഷേ താമസിയാതെ ഈ കളക്ടര്‍ക്ക് സ്ഥാന ചലനം കിട്ടുമെന്ന് ഏവര്‍ക്കുമറിയാം.മൂന്നാറില്‍ ശ്രീറാം വെങ്കിട്ടറാമിനും കോഴിക്കോട് കളക്ടര്‍ ബ്രോ ആയിരുന്ന പ്രശാന്തിനും സംഭവിച്ചത് ഈ യുവതിയെ തേടിയെത്തുമെന്ന് കരുതുന്നവരും ഉണ്ട്.

വാഴക്കാട് വന്‍തോതില്‍ ക്വാറിയില്‍ നിന്ന് പാറപൊട്ടിച്ചു. ലക്ഷങ്ങളുടെ കല്ലുകള്‍ വിറ്റു. ലാഭവിഹിതം ഉദ്യോഗസ്ഥരുടെ കീശ നിറച്ചപ്പോള്‍ നിയമലംഘനം ആരും കണ്ടില്ല.ഈയിടെയാണ് പുതിയ സബ് കലക്ടര്‍ ചുമതലയേറ്റ വിവരം നാട്ടുകാരില്‍ ചിലര്‍ അറിഞ്ഞത്. തഹസില്‍ദാര്‍ക്കോ വില്ലേജ് ഓഫിസര്‍ക്കോ പരാതി നല്‍കാതെ നാട്ടുകാരില്‍ ചിലര്‍ സബ് കലക്ടറെ കാര്യം അറിയിച്ചു.പരാതി കിട്ടിയ ഉടനെ ഡോ.രേണുരാജ് രഹസ്യമായ അന്വേഷണം നടത്തി.ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. ലൈസന്‍സില്ല.വന്‍തോതില്‍ സ്ഫോടക വസ്തുക്കളും ക്വാറിയിലുണ്ട്.ക്വാറിയില്‍ പരിശോധന നടത്താന്‍ സബ്കലക്ടര്‍ ഡോ. രേണുരാജ് പുലര്‍ച്ചെ ആറു മണിക്കുതന്നെ തൃശൂരില്‍ നിന്നു പുറപ്പെട്ടു. യാത്രയുടെ ഉദ്ദേശ്യം ആരോടും പറഞ്ഞില്ല. അങ്ങനെ കള്ളന്‍ കുടുങ്ങി.

ക്വാറിയുടെ പരാതിക്കാരുടെ വികാരം ശരിക്കും ബോധ്യപ്പെട്ടു. പച്ചയായ നിയമലംഘനം. ക്വാറിയില്‍ പാറ പൊട്ടിക്കുന്നു, ടിപ്പറുകള്‍ നിരന്നു കിടക്കുന്നു.ഉടനെ, വടക്കാഞ്ചേരി എസ്‌ഐയെ ഫോണില്‍ വിളിച്ചു. സബ്കലക്ടറുടെ വിളി വന്ന ഉടനെ പൊലീസ് സംഘം പാഞ്ഞെത്തി. പിന്നെ, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ തുടങ്ങി റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥ പ്രമുഖരും.’ഇത്, എന്താണ് ഇവിടെ നടക്കുന്നത്?’ സബ്കലക്ടറുടെ ചോദ്യത്തിനു മുമ്ബില്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും ഉത്തരമില്ലായിരുന്നു.സബ്കലക്ടര്‍ വന്ന ഉടനെ സ്ഥലംവിട്ട ടിപ്പറുകളുടെ നമ്ബരുകള്‍ പൊലീസിനു കൈമാറി. ഈ വണ്ടികള്‍ പൊലീസ് പിടികൂടി.

ബോംബ് സ്ക്വാഡിനേയും ഡോഗ് സ്ക്വാഡിനേയും വിളിച്ചുവരുത്തി.സ്ഫോടക വസ്തുക്കള്‍ പരിശോധിച്ചു. വന്‍തോതില്‍ ജലാറ്റിന്‍ സ്റ്റിക്കും വെടിമരുന്നും കണ്ടെടുത്തു.പാറ പൊട്ടിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ , ജെസിബി തുടങ്ങി എല്ലാം പിടിച്ചെടുത്തു. അങ്ങനെ ക്വാറിക്ക് പണികിട്ടി.ഒക്ടോബറിലാണ് തൃശൂരിലേക്കുള്ള രേണു രാജിന്റെ വരവ്. അതായത് ഐഎഎസ് കിട്ടി ആദ്യ അപ്പോയിന്റ്മെന്റിന്റെ പവര്‍ ഈ സബ് കളക്ടര്‍ അധികം വൈകാതെ തന്നെ തൃശൂരുകാര്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്തു.സര്‍ക്കാര്‍ സ്കൂളുകളിലും കോളേജിലും പഠിച്ച സാധാരണ ചുറ്റുപാടില്‍ വളര്‍ന്ന രേണുവിന്റെ വിജയം മറ്റുള്ളവര്‍ക്ക് ആവേശം കൂടിയാണ്. ഈ തിളക്കം ജോലിയിലും കാട്ടുകയാണ് രേണു.

ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തില്‍ എം കെ രാജശേഖരന്‍ നായരുടെയും വി എന്‍ ലതയുടെയും മൂത്തമകളായ രേണു. ബസ് കണ്ടക്ടറായിരുന്ന അച്ഛന് മകളെ ഐഎഎസുകാരിയാക്കാനായിരുന്നു ആഗ്രഹം. വിവാഹശേഷം ഭര്‍ത്താവ് നല്‍കിയ പിന്തുണയും കൂടി ചേര്‍ന്നപ്പോള്‍ രേണു സ്വപ്നം കൈപ്പിടിയിലൊതുക്കുകയായിരുന്നു.