ഓഖി: ഔദ്യോഗിക കണക്ക് നിഷേധിച്ച് മന്ത്രി ;കണക്ക് ക്രിസ്മസിന് ശേഷമെന്ന് മന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പെട്ട് 300 പേരെ കാണാനില്ലെന്ന സര്‍ക്കാര്‍ കണക്ക് നിഷേധിച്ച് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. കണക്ക് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. എണ്ണം കൂട്ടി ആശങ്കയുണ്ടാക്കാനാണു ശ്രമം. കണ്ടെത്താനുള്ളത് 300 പേരെയെന്ന കണക്ക് ആരാണു തന്നതെന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു.

ദുരന്തത്തില്‍ അകപ്പെട്ട 300 പേരെ കാണാതായെന്ന കണക്ക് പൊലിസ്, ഫിഷറീസ്, ദുരന്ത നിവാരണ വകുപ്പുകളാണ് പുറത്തുവിട്ടത്. എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് കണക്കെടുത്തിരുന്നത്. ചെറുവള്ളങ്ങളില്‍ പോയി കാണാതായ 95 മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ കടുത്ത ആശങ്ക തുടരുകയാണ്.

കാണാതായവരുടെ കൃത്യമായ കണക്ക് ക്രിസ്മസിന് ശേഷം മാത്രമെ വ്യക്തമാകൂവെന്നും ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വലിയ ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയവര്‍ ക്രസ്മസ് അടുക്കുമ്പോള്‍ മാത്രമെ മടങ്ങിവരൂ എന്നതിനാലാണിതെന്നും അവര്‍ കൂട്ടിചേര്‍ത്തു. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി