ആറാം തവണയും ഗുജറാത്തില്‍ ബിജെപി; നില മെച്ചപ്പെടുത്തി കോണ്‍ഗ്രസ്; ഹിമാചലിലും ബിജെപി അധികാരത്തിലേക്ക്

ന്യൂഡല്‍ഹി:  ഗുജ​റാത്തിൽ തുടർച്ചയായി ആറാം തവണയും ബിജെപി ഭരണം നിലനിർത്തി. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഹിമാചല്‍ പ്രദേശിലും ബിജെപി ഭരണമുറപ്പിച്ചു.  ജി.എസ്​.ടിയുടേയും നോട്ട്​ അസാധുവാക്കലിന്റെയും വിലയിരുത്തലാവുമെന്ന്​ കരുതിയ നിർണായക തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ബിജെപി കേവല ഭൂരിപക്ഷം ​നേടിയപ്പോൾ ഹിമാചലിൽ കോൺഗ്രസിനെ നിഷ്​പ്രഭമാക്കി ബിജെപി അധികാരം തിരിച്ചു പിടിക്കുകയായിരുന്നു.

182 അംഗ ഗുജറാത്ത് നിയമസഭയില്‍ ബിജെപി 99സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 80 സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ ലീഡ്. അതേസമയം ഹിമാചലില്‍ ബിജെപി 43 സീറ്റിലും കോണ്‍ഗ്രസ് 21 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. അതേസമയം, രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഗുജറാത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നാണ് ഫലം നല്‍കുന്ന സൂചന.

കടുത്ത തെരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവിലാണ് ഗുജറാത്തിലും അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം ഹിമാചൽ പ്രദേശിലും ഭരണമുറപ്പിച്ച് ബിജെപി മുന്നേറിയത്. ഗുജറാത്തിൽ തുടർച്ചയായ ആറാം തവണയാണ് ബിജെപി അധികാരത്തിലേക്ക് വരുന്നത്. വോട്ടെണ്ണലിൽ ഒരു ഘട്ടത്തിൽ പിന്നിട്ടുനിന്നശേഷം ലീഡ് തിരിച്ചുപിടിച്ചാണ് ബിജെപി ഗുജറാത്തിൽ ഭരണമുറപ്പിച്ചത്. സംസ്ഥാനത്തു നടത്തിയ ഒൻപത് എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്കു വിജയം പ്രവചിച്ചിരുന്നു.

വെസ്റ്റ് രാജ്കോട്ടിൽ കടുത്ത മൽസരം നേരിട്ട ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും പട്ടേൽ സ്വാധീന മേഖലയായ മെഹ്സാനയിൽ മൽസരിച്ച ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും ജയിച്ചുകയറി. വഡ്ഗാമിൽ ജനവിധി തേടിയ ദലിത് യുവനേതാവ് ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്ന ക്ഷത്രിയ–പിന്നാക്ക–ദലിത്–ആദിവാസി നേതാവായ അൽപേഷ് താക്കൂറും വിജയിച്ചു. അതേസമയം, കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ അർജുൻ മോഡ്‌വാഡിയ, ശക്തിസിങ് ഗോഹിൽ എന്നിവർ തോറ്റു. ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാർഥി പ്രേംകുമാർ ധൂമൽ തോറ്റത് ബിജെപിക്കും തിരിച്ചടിയായി.

ഒരു ഘട്ടത്തിൽ തോൽവി മുന്നിൽ കണ്ട ബിജെപി ഗുജറാത്തിൽ അധികാരം നിലനിർത്തുന്നതിന്റെ വ്യക്തമായ സൂചനകൾ നൽകിയാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ  കൂടുതൽ സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന ബിജെപി നേതാക്കളുടെ അവകാശവാദങ്ങളോട് ചേർന്നുനിൽക്കുന്നില്ലെങ്കിലും, അവർ ഭരണം നിലനിർത്തുമെന്ന് ഉറപ്പായി.  ഒരുഘട്ടത്തിൽ പിന്നിലായിരുന്ന മുഖ്യമന്ത്രി സ്ഥാനാർഥി വിജയ് രൂപാണി രാജ്കോട്ട് വെസ്റ്റിൽ വിജയിച്ചത് ബിജെപിക്ക് ആശ്വാസമായി.

ഒരു ഘട്ടത്തിൽ അപ്രതീക്ഷിത ലീഡ് നേടിയ കോൺഗ്രസ് പിന്നീട് പിന്നോക്കം പോയെങ്കിലും, രാഷ്ട്രീയപരമായി വൻ നേട്ടമാണ് അവർ ഈ തെരഞ്ഞെടുപ്പിലൂടെ കൈവരിച്ചിരിക്കുന്നത്. കടുത്ത മൽസരം കാഴ്ചവച്ച കോൺഗ്രസ് നിലവിൽ 80 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇതിൽ 16 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചു. അതേസമയം, പോർബന്തറിൽ മുതിർന്ന നേതാവ് അർജുൻ മേഡ്‌വാഡിയ പരാജയപ്പെട്ടത് പാർട്ടിക്ക് തിരിച്ചടിയായി. എൻസിപിയും ഭാരതീയ ട്രൈബൽ പാർട്ടിയും ഓരോ മണ്ഡലങ്ങളിൽ വിജയിച്ചു.

ഗ്രാമീണ മേഖലകൾ കൈവിട്ടപ്പോൾ നഗരമേഖലകളിലെ മുന്നേറ്റമാണ് ബിജെപിയെ തുണച്ചത്. സംസ്ഥാനത്തിന്റെ തെക്കൻ, വടക്കൻ മേഖലകളും ബിജെപിക്കൊപ്പം നിന്നു. അതേസമയം, പട്ടേൽ സമരനായകൻ ഹാർദ്ദിക് പട്ടേലിന്റെ പിന്തുണ ലഭിച്ച കോൺഗ്രസ്, പട്ടേൽ സ്വാധീന മേഖലകളിൽ നേട്ടമുണ്ടാക്കി. ഗ്രാമീണ മേഖലയും കോൺഗ്രസിനെ പിന്തുണച്ചപ്പോൾ, പിന്നാക്ക മേഖലകളിൽ ബിജെപിയാണ് നേട്ടം കൊയ്തത്. രണ്ടാംഘട്ട വോട്ടെടുപ്പു നടന്ന സ്ഥലങ്ങളിലാണ് ബിജെപി കൂടുതൽ നേട്ടമുണ്ടാക്കിയതെന്നതും ശ്രദ്ധേയം.

കോണ്‍ഗ്രസ് പ്രധാനമായും നേട്ടമുണ്ടാക്കിയത് സൗരാഷ്ട്ര-കച്ച്‌ മേഖലയിലാണ്. ഇവിടെ കോണ്‍ഗ്രസ് സീറ്റുകള്‍ 16ല്‍നിന്ന് 31 ആയി ഉയര്‍ന്നു. ബിജെപിയുടേത് 32 സീറ്റുകളില്‍നിന്ന് 22 സീറ്റുകളായി കുറഞ്ഞു. കാര്‍ഷിക മേഖലയായ ഇവിടെ കര്‍ഷകര്‍ക്കുണ്ടായ നിരാശയും ഭരണപക്ഷത്തോടുള്ള എതിര്‍പ്പും ബിജെപിക്ക് തിരിച്ചടിയായി എന്നുവേണം കരുതാന്‍. വലിയ കര്‍ഷക സമരങ്ങള്‍ നടന്ന മേഖലയുമാണിത്.

അതേസമയം, മധ്യഗുജറാത്തില്‍ കോണ്‍ഗ്രസിന് കഴിഞ്ഞ തവണയുണ്ടായിരുന്ന സീറ്റുകള്‍ നിലനിര്‍ത്താനായില്ല. കഴിഞ്ഞ തവണയുണ്ടായിരുന്ന 39 സീറ്റില്‍നിന്ന് 42 സീറ്റുകളിലേക്ക് ബിജെപി ഉയര്‍ന്നു. കോണ്‍ഗ്രസിന്റെ സീറ്റുനില 22ല്‍നിന്ന് 18ലേക്ക് കുറഞ്ഞു.ന്യൂനപക്ഷ മേഖലകളിലടക്കം മികച്ച നേട്ടമുണ്ടാക്കാന്‍ ബിജെപിക്കു സാധിച്ചു . ദലിത് മേഖലയിലും ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്.

വിജയിക്കാനായില്ലെങ്കിലും മികച്ച മുന്നേറ്റുണ്ടാക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. വടക്കന്‍ ഗുജറാത്തിലും സൗരാഷ്ട്രയിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായി. 150 വരെ സീറ്റ് നേടുമെന്ന ബിജെപിയുടെ വിശ്വാസത്തിന് തിരിച്ചടിയുണ്ടാക്കാനായി എന്നതാണ് പ്രധാന നേട്ടം.