സോളാര്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ഹൈക്കോടതിയില്‍

കൊച്ചി: സോളാര്‍ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. സരിതയുടെ കത്തിനെ തുടര്‍ന്നുള്ള നടപടികള്‍ റദ്ദാക്കണമെന്നും കത്തിലെ അപകീര്‍ത്തി പരമായ പരാമര്‍ശം ഒഴിവാക്കണമെന്നും ഹരജിയില്‍ പറയുന്നു.

സരിതയുടെ കത്തിനെ മാത്രം ആധാരമാക്കിയാണ് കമിഷന്റെ നിഗമനങ്ങള്‍. നിയമവിരുദ്ധമായ പരിഗണനാ വിഷയങ്ങള്‍ ഭേദഗതി ചെയ്തത് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ സോളാര്‍ കമ്മിഷന്റെ കണ്ടെത്തലുകളും ശിപാര്‍ശകളും ചോദ്യം ചെയ്യുന്നുണ്ട്. സുപ്രീം കോടതി അഭിഭാഷകന്‍ അരിജിത് പസായത്ത് സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തിന്റെ പകര്‍പ്പും വച്ചാണ് ഉമ്മന്‍ചാണ്ടി ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവു കൂടിയായ കപില്‍ സിബലാണ് ഉമ്മന്‍ചാണ്ടിക്കായി ഹാജരാവുക. ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.