ഒരുകൈ അകലത്തില്‍ അധികാരം കോൺഗ്രസ്സിന്

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ആറാം തവണയും ബിജെപി അധികാരത്തില്‍ വന്നുവെങ്കിലും ഇന്നേവരെ കണ്ടിട്ടില്ലാത്ത കടുത്ത പോരാട്ടമാണ് പാര്‍ട്ടിക്ക് നേരിടേണ്ടിവന്നത്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് നടത്തിയ ശക്തമായ തിരിച്ചുവരവ് 150 സീറ്റെന്ന അമിത് ഷായുടെ അത്യാഗ്രഹത്തിന് കനത്ത ആഘാതമേല്‍പ്പിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുവെന്നാണ്് തെരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ആയാസമായി ജയിച്ചു കയറിയിരുന്ന ബിജെപിയെ ശക്തമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനായി എന്നുവേണം കരുതാന്‍.

നോട്ട് നിരോധനവും ജിഎസ്ടിയും ഗുജറാത്തില്‍ കോണ്‍ഗ്രസിനെ തുണച്ചു. കാര്‍ഷിക മേഖലകള്‍ ബിജെപിയെ കൈവിട്ടു. നഗരങ്ങളില്‍ ബിജെപി മുന്നേറ്റമുണ്ടാക്കിയപ്പോള്‍ ഗ്രാമീണര്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. സമ്പന്നര്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ എന്ന കോണ്‍ഗ്രസ് ആരോപണം ശരിവയ്ക്കുന്നതാണ് തെരഞ്ഞെടുപ്പു ഫലം.

വടക്കന്‍ ഗുജറാത്ത് ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങള്‍ പാര്‍ട്ടിയെ തുണച്ചു. രാഹുല്‍ ഏറ്റെടുത്ത ജനകീയ പ്രശ്‌നങ്ങളും വിഷയങ്ങളും ജനങ്ങള്‍ ചര്‍ച്ചചെയ്തു. കാര്‍ഷിക മേഖലകള്‍ തകര്‍ന്നടിഞ്ഞത് കര്‍ഷകരേയും ജിഎസ്ടി നടപ്പിലാക്കിയതിലെ അപാകതയും നോട്ടു നിരോധനവും വ്യാപാരികളേയും ഇരുത്തി ചിന്തിപ്പിച്ചു.

സംസ്ഥാനത്തിന്റെ സാമൂഹിക മണ്ഡലം തിരിച്ചറിഞ്ഞ് സമുദായ നേതാക്കളുമായി നടത്തിയ നീക്കുപോക്കുകളും കോണ്‍ഗ്രസിനു തുണയായി. ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി എന്നിവര്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ചു. ഇതുവഴി സമുദായ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമായി. സൗരാഷ്ട്ര പ്രദേശത്ത് 54 സീറ്റുകള്‍ നേടുന്നതിനു പ്രദേശത്തെ ഭൂരിപക്ഷമായ ഹാര്‍ദിക് പട്ടേലിന്റെ പട്ടീദാര്‍ സമുദായം കോണ്‍ഗ്രസിനെ തുണച്ചു.

രണ്ടാം ഘട്ടം പോളിങ് നടന്ന മേഖലകളിലാണ് ബിജെപി മുന്നേറ്റം എന്നതു ശ്രദ്ധേയമാണ്. മോദി ഉള്‍പ്പെടെയുള്ള നേതാക്കളുടെ വര്‍ഗീയ പ്രചാരണങ്ങളും കോണ്‍ഗ്രസ് ജയിച്ചാല്‍ പാകിസ്താനില്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന മുഖ്യമന്ത്രി വിജയ് രൂപാണിയുടെ പ്രസ്താവനയും ബിജെപിക്ക് നേട്ടമുണ്ടാക്കി. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേംകുമാര്‍ ധൂമല്‍ പരാജയപ്പെട്ടത് ബിജെപിക്ക് തിരിച്ചടിയായി.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ താന്‍ മാത്രമാണ് ശരി എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഗുജറാത്തില്‍ ബിജെപിയുടെ വോട്ടുചോര്‍ച്ച. എന്നാല്‍ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് അതു കേന്ദ്രത്തിന്റെ വീഴ്ചയാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിജയിച്ചെന്നും പറയാം.

മോദിയുമായുള്ള രാഷ്ട്രീയ എതിര്‍പ്പ് വെറുപ്പിലേക്ക് നയിക്കുന്നില്ലെന്നു വ്യക്തമാക്കി രാഹുല്‍ നടത്തിയ പ്രസ്താവന പക്വതയുള്ള രാഷ്ട്രീയ നേതാവിനു ചേര്‍ന്നതായിരുന്നു. എന്നാല്‍ ആ മര്യാദ പോലും ബിജെപി നേതാക്കള്‍ രാഹുലിനോടു കാട്ടിയില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇനി താന്‍ ‘പപ്പു’വല്ലെന്നു തെളിയിക്കാനായതാണ് രാഹുലിന്റെ വിജയം. ഒപ്പം അധികാരത്തിലേക്കുള്ള തിരിച്ചുവരവിന് ഒരുകൈ അകലമേയുള്ളു എന്നു കോണ്‍ഗ്രസിന് ആശ്വസിക്കുകയുമാകാം.