ജിഗ്നേഷ് മേവാനിക്ക് ജയം; ആഘോഷിച്ച് സോഷ്യല്‍ മീഡിയ

അഹമദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ദലിത് യുവനേതാവ് ജിഗ്‌നേഷ് മേവാനിയുടെ ജയം നരേന്ദ്ര മോദിക്കേറ്റ മറ്റൊരു തിരിച്ചടിയാണ്. വന്‍ഭൂരിപക്ഷത്തോടെയാണ് ഈ യുവനേതാവ് തന്റെ മണ്ഡലമായ വാഡ്ഗാമില്‍ നിന്ന് ജയിച്ചു കയറിയിരിക്കുന്നത്. തുടക്കത്തില്‍ പിന്നിലായ ശേഷം മേവാനി തിരിച്ചുവരികയായിരുന്നു. 23,000മാണ് ഭൂരിപക്ഷം.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. ഇവിടെ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ പിന്തുണ മേവാനിക്ക് ലഭിച്ചു. എ.എ.പിയുടെ പിന്തുണയും മെവാനിക്ക് ഉണ്ടായിരുന്നു. ബി.ജെ.പിയുടെ വിജയകുമാര്‍ ഹര്‍ഖഭായിയെയാണ് മേവാനി പരാജയപ്പെടുത്തിയത്.

ബി.ജെ.പിക്കെതിരേ വ്യക്തമായ രാഷ്ട്രീയം പറഞ്ഞ് രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച നേതാവാണ് മേവാനി. ഏതെങ്കിലും മുഖ്യധാര രാഷ്ട്രീയ സംഘടനയുടെ ഭാഗമായിട്ടാകുമെന്നായിരുന്നു കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ടായിരുന്നു മേവാനിയുടെ രാഷ്ട്രീയ പ്രവേശനം. പട്ടേല്‍ വിഭാഗ നേതാവായ ഹാര്‍ദ്ദികും ഒ.ബി.സി നേതാവായ അല്‍പേഷ് താക്കൂറും കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ ഒറ്റക്ക് നില്‍ക്കാനായിരുന്നു മേവാനിയുടെ തീരുമാനം. ഈ നിശ്ചയദാര്‍ഢ്യമാണ് മേവാനിയെ ശ്രദ്ധേയനാക്കിയത്.

മേവാനിയുടെ വിജയത്തെ നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നിരവധിയാളുകളാണ് ഫേസ്ബുക്കിലും ട്വിറ്ററിലും മേവാനിയെ പിന്തുണച്ചും അഭിനന്ദനമറിയിച്ചും എത്തിയിരിക്കുന്നത്.