ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തിലേക്കെത്തിയപ്പോള്‍ ഗ്രമപ്രദേശങ്ങള്‍ കോണ്‍ഗ്രസിനൊപ്പമെന്നതാണ് ഏറ്റവും ശ്രദ്ധേയം. സൗരാഷ്ട്ര, വടക്കന്‍ ഗുജറാത്ത് മേഖലകളില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമാണുണ്ടായത്. 2012ല്‍ ബി.ജെ.പിക്കൊപ്പം നിന്ന മേഖലയായിരുന്നു വടക്കന്‍ ഗുജറാത്ത്. എന്നും ബി.ജെ.പി.ക്കൊപ്പം നിന്നവയായിരുന്നു കച്ച് സൗരാഷ്ട്ര മേഖലകള്‍. പാട്ടിദാര്‍മാരുള്‍പ്പടെയുള്ള കാര്‍ഷികമേഖലയില്‍ നിന്ന് ബി.ജെപിക്കേറ്റ തിരിച്ചടിയുടെ പ്രതിഫലനം കൂടിയാണ് കോണ്‍ഗ്രസ്സിന്റെ ഈ മുന്നേറ്റം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കച്ചില്‍ ആറില്‍ അഞ്ച് സീറ്റുകള്‍ ബിജെപി നേടിയിരുന്നു. ഇക്കുറി മൂന്ന്മൂന്ന് എന്നാണ് സീറ്റ് നില. സൗരാഷ്ട്രയില്‍ 2012ല്‍ ് 48 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പി കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് മുപ്പതോളം സീറ്റുകള്‍ നേടിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. പാട്ടിദാര്‍ സമുദായത്തിന്റെ വോട്ടുകളാണ് കോണ്‍ഗ്രസിന് തുണയായത്. അല്‍പേഷ് താക്കൂര്‍, ജിഗ്‌നേഷ് മേവാനി എന്നിവരുടെ സാന്നിധ്യവും കോണ്‍ഗ്രസിന് ഗുണകരമായി. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കി എന്ന പ്രത്യേകതയും ഈ മേഖലയ്ക്കുണ്ട്.

അതേസമയം, നഗരപ്രദേശങ്ങള്‍ ഉള്‍പ്പെട്ട മധ്യതെക്കന്‍ ഗുജറാത്തുകള്‍ ബി.ജെ.പിക്കൊപ്പം തന്നെ ഉറച്ചുനിന്നു. ധ്രുവീകരണ ചീട്ടിറക്കിയാണ് നഗരമേഖലകളില്‍ ബി.ജെ.പി പ്രചാരണത്തിനിറങ്ങിയത്. രണ്ടാം ഘട്ടതെരഞ്ഞെടുപ്പിലാണ് പ്രകടമായ വര്‍ഗീയ പ്രചാരണങ്ങളുമായി ബി.ജെ.പി രംഗത്തെത്തിയത്. ഉത്തര ഗുജറാത്ത് വഡോദര അഹമദാബാദ് തുടങ്ങിയ മേഖലകളിലെ ഫലങ്ങള്‍ ഈ തുറുപ്പു ചീട്ടിന്റെ പ്രതിഫലനമാണ് കാണിക്കുന്നതെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു.