മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ഡോ. ജഗനായക്, ലൈംഗീക വിപ്ലവം

മണ്ണിക്കരോട്ട്

ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ഡിസംബര്‍ സമ്മേളനം 10-ഞായര്‍ വൈകീട്ട് 4 ഹ്യൂസ്റ്റനിലെ കേരളാ ഹൗസില്‍ സമ്മേളിച്ചു. ടോം വിരിപ്പന്റെ ഡോ. ജഗനായക് എന്ന ചെറുകഥയും, ജോണ്‍ കുന്തറയുടെ ലൈംഗീക വിപ്ലവം അമേരിക്കയില്‍ ഇന്നലെ ഇന്ന് എന്ന പ്രബന്ധവുമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോട് ആരംഭിച്ചു. സ്വാഗതപ്രസംഗത്തില്‍ കൂടിവന്ന എല്ലാവര്‍ക്കും അദ്ദേഹം സ്വാഗതം ആശംസിച്ചു. അന്നേ ദിവസത്തെ പരിപാടികളെക്കുറിച്ച് അദ്ദേഹം ചുരുക്കമായി സൂചിപ്പിച്ചു. തോമസ് വര്‍ഗ്ഗീസ് മോഡറേറ്ററായി ചര്‍ച്ച നയിച്ചു.

ചര്‍ച്ചയുടെ പ്രാരംഭമായി ടോം വിരിപ്പന്‍, അദ്ദേഹം രചിച്ച ഡോ. ജഗനായക് എന്ന ചെറുകഥ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ സാധാരണ കഥകളെ അപേക്ഷിച്ച് ദൈര്‍ഘ്യവും കഥാപാത്ര ബാഹുല്യവും നിറഞ്ഞ ഈ കഥ വിവിധ സംഭവങ്ങളുടെ ഒരു സമന്വയം കൂടിയാണ്. ഡോ. ജഗനായക് പ്രസിഡന്റിന്റെ മെഡല്‍വരെ കരസ്ഥമാക്കിയ അതിപ്രശസ്തനായ ഒരു പത്രപ്രവര്‍ത്തകനും അതുപോലെ വിദ്യാസമ്പന്നനുമാണ്. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന അനാര്‍ക്കലി എന്ന ഡോക്ടറെ വിവാഹം കഴിച്ച് അദ്ദേഹവും അവിടെ കുടിയേറുന്നു.

വളരെ ആഗ്രഹത്തോടും പ്രതീക്ഷയോടും അമേരിക്കയില്‍ എത്തിയ ജഗനായ്കിന് അപ്രതീക്ഷിതവും അനിഷ്ടങ്ങളുമായ അനുഭവങ്ങളുടെ സഞ്ചയമാണ് കാണാനും നേരിടാനും കഴിഞ്ഞത്. അതോടൊപ്പം മലയാളികളുടെ അമേരിക്കന്‍ ജീവിതത്തിന്റെ യഥാര്‍ത്ഥ മുഖം എന്താണെന്ന് മനസ്സിലാക്കാനും കഴിയുന്നു. ഡോക്ടറായ ഭാര്യയുമൊത്തുള്ള അദ്ദേഹത്തിന്റെ അമേരിക്കയിലെ ആദ്യദിനത്തെക്കുറിച്ച് കഥാകൃത്ത് ഇങ്ങനെ വിശേഷിപ്പിക്കുന്നു. “രാവിലെ ടീപ്പോയില്‍ ഒരു കുറിപ്പ് “സോറി ജഗന്‍ ഐ ആം അറ്റ് വര്‍ക്ക്. ഇന്ത്യന്‍ ഫൂഡ് ഇഷ്ടമാണെങ്കില്‍ പുട്ടുപൊടിയും കടലയും പാന്റ്‌റിയില്‍ ഉണ്ട്. കോഫി മെഷീന്‍ ബര്‍ണറിന്റെ സൈഡില്‍ കാണാം. ഹോട്ട് ഡോഗ്, പാസ്ത, ചീസ്, ബട്ടര്‍, ബ്രഢ്, ഒക്കെ ഫ്രിജിലും. യു ഹാവ് എ നൈസ് ഡെ.” ഇ കുറിപ്പാണ് അമേരിക്കയിലെ ആദ്യ ദിവസം അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നത്.

അതുപോലെ അദ്ദേഹം കണ്ടുമുട്ടുന്ന മലയാളികളെക്കുറിച്ച് ഒരു പരിചയക്കാരന്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നു. “ഈ നടക്കുന്ന ഓരോ മലയാളിയും ഏതെങ്കിലും സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി, ഖജാന്‍ജി ഒക്കെ ആണ്. മലയാളി അസ്സോസിയേഷന്‍, ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി, പള്ളിക്കൂട്ടായ്മ, പ്രാര്‍ത്ഥന കൂട്ടായ്മ, നാട്ടുകൂട്ടം, സാഹിത്യ കൂട്ടായ്മ, ഓരോ തൊഴില്‍ കൂട്ടായ്മ തുടങ്ങി വലുതും ചെറുതുമായ എത്രയോ സംഘടനകള്‍. അതിന്റെയൊക്കെ നേതാക്കള്‍. അങ്ങനെ എത്രയെത്ര നേതാക്കള്‍.”

ഈ കഥ പ്രധാനമായും അമേരിക്കയിലെ മലയാളികളുടെ സമൂഹ്യ, സാംസ്ക്കാരിക ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണെന്ന് സദസ്യര്‍ വിലയിരുത്തി.

തുടര്‍ന്ന് കുര്യന്‍ മ്യാലില്‍ രചിച്ച ‘ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു’ എന്ന നോവല്‍ പ്രകാശനം ചെയ്തു (കൂടുതല്‍ വിവരങ്ങള്‍ പ്രത്യേകം റിപ്പോര്‍ട്ടില്‍). അതിനുശേഷം ജോണ്‍ കുന്തറ ‘ലൈംഗീക വിപ്ലവം അമേരിക്കയില്‍ ഇന്നലെ ഇന്ന്’ എന്ന പ്രബന്ധം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ
കുടിയേറ്റകാലമായ എണ്‍പതുകളില്‍ അറിഞ്ഞതും അനുഭവപ്പെട്ടതുമായ ലൈംഗീക പ്രവണതകളും അതിന്റെ ഇന്നേ വരെയുള്ള പരിണാമങ്ങളും ഈ പ്രബന്ധത്തില്‍ ചുരുക്കമായി അവതരിപ്പിച്ചിരിക്കുന്നു.
“അമേരിക്കയില്‍ നാം ഇന്നു കാണുന്ന ലൈംഗീകാരോപണങ്ങളെ സ്ത്രീപീഡനം എന്നു വിളിക്കാന്‍ പറ്റില്ല. പിന്നെയൊ ലൈംഗിക അതിപ്രസരം, അധികാരവും സ്ഥാനവും ഉപയോഗിച്ചുള്ള മുതലെടുപ്പ് അഥവാ ചൂഷണം എന്നെല്ലാം പറയാം. എന്നിരുന്നാല്‍ തന്നെയും പുരുഷന്മാരില്‍ നിന്നും ഉണ്ടാകുന്ന ഇത്തരം പെരുമാറ്റങ്ങള്‍ അപലപനീയമാണ്.” സദസിനോട് ചില ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് പ്രബന്ധം അവസാനിപ്പിക്കുന്നു.

1. ഒരു അരോപണം മാത്രം മതിയോ ഒരാളെ കുറ്റക്കാരനാക്കി വിധിതീര്‍പ്പു നടത്തുന്നതിന്? 2. എല്ലാ ആരോപണങ്ങളിലും പുരുഷനെ മാത്രം കുറ്റക്കാരനാക്കാമോ? അതില്‍ സ്ത്രീകള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നുകൂടി അന്വേഷിക്കേണ്ടതല്ലേ? 2. പല ആരോപണങ്ങളും രാഷ്ട്രീയ മുതലെടുപ്പോ വെറും കയ്യാങ്കളി മാത്രമായിട്ടുണ്ടോ? അതോ എതിരാളിയെ തോല്‍പ്പിക്കാനുള്ള ആയുധമായിമാറുന്നുണ്ടോ?”

തുടര്‍ന്നുള്ള ചര്‍ച്ച തികച്ചും സജീവമായിരുന്നു. സദസ്യരെല്ലാം ചര്‍ച്ചയില്‍ പങ്കെടുത്തു. പൊന്നു പിള്ള, ടോം വിരിപ്പന്‍, തോമസ് വര്‍ഗ്ഗീസ്, നൈനാന്‍ മാത്തുള്ള, ടി. എന്‍. ശാമുവല്‍, തോമസ് തയ്യില്‍, ബാബു തെക്കെക്കര, കെ.ജെ തോമസ്, ഷിജു ജോര്‍ജ്, സലിം അറയ്ക്കല്‍, ജോണ്‍ കുന്തറ, ജെയിംസ് മുട്ടുങ്കല്‍, തോമസ് ചെറുകര, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു. പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സമ്മേളനം സമാപിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്:

മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950,
ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.

Picture2

Picture3

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ