തെറ്റായ വിവരങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റുകള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍

ന്യൂയോര്‍ക്ക്: തെറ്റായ വിവരങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റുകള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍. ഓണ്‍ലൈനിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. സൈറ്റുകളുടെ യഥാര്‍ഥ ഉടമസ്ഥത മറച്ചുവയ്ക്കുന്നവരെയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെയും സൈറ്റുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. സൈറ്റുകളുടെ ഉദ്ദേശ്യശുദ്ധി പ്രദര്‍ശിപ്പിക്കാത്തവയെയും രാജ്യം, ദേശം തുടങ്ങിയവ മറച്ചുവയ്ക്കുന്ന സൈറ്റുകളെയും നീക്കം ചെയ്യും.

സത്യസന്ധമായ വാര്‍ത്ത, വ്യക്തമായ വിവരം നല്‍കല്‍ എന്നിവയാണ് ഗൂഗിള്‍ സൈറ്റില്‍ ഉള്‍പ്പെടുത്താനുള്ള മാനദണ്ഡം. യഥാര്‍ഥ വാര്‍ത്തകളില്‍നിന്ന് മാറി സംഗ്രഹിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നവയെയും നീക്കം ചെയ്യും. വായനക്കാരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ നടപടിക്കൊരുങ്ങുന്നത്. പുതുതായി തുടങ്ങിയ പല സൈറ്റുകളിലും അതിനു പിന്നിലുള്ളവര്‍ ആരാണെന്ന് സൈറ്റിലെ ‘എബൗട്ട് അസ് ‘ എന്നിടത്ത് വ്യക്തമാക്കുന്നില്ല. ഇത്തരം സൈറ്റുകള്‍ നിക്ഷിപ്ത താല്‍പര്യം പ്രകടിപ്പിക്കാനുള്ള സംവിധാനമായാണ് ഉപയോഗിക്കുന്നത്. വാര്‍ത്ത എഴുതുന്നയാളുടെ ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഉള്‍പ്പെയുള്ള വിവരങ്ങളും പ്രസിദ്ധീകരിക്കപ്പെടേണ്ടതാണെന്നും കാലിഫോര്‍ണിയ ആസ്ഥാനരമായ കമ്പനി അറിയിച്ചു.